ഇന്നസെന്റിനായി മമ്മൂട്ടിയും സുരേഷ്‌ ഗോപിക്കായി മോഹന്‍ലാലും എത്തില്ല; മഞ്‌ജു വാര്യരും ഒഴിഞ്ഞുമാറി – UKMALAYALEE
foto

ഇന്നസെന്റിനായി മമ്മൂട്ടിയും സുരേഷ്‌ ഗോപിക്കായി മോഹന്‍ലാലും എത്തില്ല; മഞ്‌ജു വാര്യരും ഒഴിഞ്ഞുമാറി

Sunday 14 April 2019 8:40 PM UTC

LONDON April 15: ഇത്തവണ സുരേഷ്‌ ഗോപിക്കായി തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിറങ്ങാന്‍ മോഹന്‍ലാലിനു ഡല്‍ഹിയില്‍ നിന്ന്‌ സമ്മര്‍ദം ഉണ്ടായിരുന്നതയാണ്‌ സുചന. എന്നാല്‍ , മുന്‍കൂട്ടി നിശ്‌ചയിച്ച കുടുംബങ്ങളുമൊരുമിച്ചുള്ള വിദേശയാത്രയുടെ കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം വഴുതിമാറി.

മീനച്ചൂടില്‍ ഉരുകിയൊലിക്കുന്ന തെരഞ്ഞെടുപ്പ്‌ ഗോദയില്‍ സമാശ്വാസവാക്കു പറയാന്‍പോലും സഹപ്രവര്‍ത്തകരെ കണികാണാതെ സിനിമാതാരങ്ങളായ സ്‌ഥാനാര്‍ഥികള്‍. അമ്മയുടെ മുന്‍ പ്രസിഡന്റ്‌ കൂടിയായ ചാലക്കുടിയിലെ സിറ്റിങ്‌ എം.പി. ഇന്നസെന്റ്‌, തൃശൂരിലെ ബി.ജെ.പി. സ്‌ഥാനാര്‍ഥി കൂടിയായ രാജ്യസഭാ എം.പി. സുരേഷ്‌ ഗോപിയുമാണ്‌ സഹപ്രവര്‍ത്തകര്‍ക്കായി കാത്തിരിക്കുന്നത്‌.

തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ ചാലക്കുടിയില്‍ ഇന്നസെന്റിനായി മമ്മൂട്ടിയും തൃശൂരില്‍ സുരേഷ്‌ ഗോപിക്കായി മോഹന്‍ലാലും തെരഞ്ഞെടുപ്പ്‌ റാലിയില്‍ പ്രസംഗിക്കുമെന്ന്‌ പ്രഖ്യാപനമുണ്ടായെങ്കിലും ഇരുവരും പങ്കെടുക്കാനുള്ള സാധ്യത അടയുകയാണ്‌.

ഇത്തവണ സുരേഷ്‌ ഗോപിക്കായി തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിറങ്ങാന്‍ മോഹന്‍ലാലിനു ഡല്‍ഹിയില്‍ നിന്ന്‌ സമ്മര്‍ദം ഉണ്ടായിരുന്നതയാണ്‌ സുചന. എന്നാല്‍ , മുന്‍കൂട്ടി നിശ്‌ചയിച്ച കുടുംബങ്ങളുമൊരുമിച്ചുള്ള വിദേശയാത്രയുടെ കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം വഴുതിമാറി. അമേരിക്കയില്‍ ഭാര്യ സുചിത്രയുമൊരുമിച്ച്‌ വിദേശപര്യടനം നടത്തുന്ന മോഹന്‍ലാല്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണം അവസാനിക്കുന്ന ദിവസം കേരളത്തില്‍ തിരിച്ചെത്തും.

ഇപ്പോള്‍ ജമൈക്കന്‍ യാത്ര തുടരുന്ന മോഹന്‍ലാല്‍ വിഖ്യാത ഗായകന്‍ ബോബ്‌ മാര്‍ലി ബാല്യകാലം ചെലവിട്ട ജമൈക്കയിലെ വസതി സന്ദര്‍ശിച്ച ഓര്‍മകള്‍ വായനക്കാരുമായി ചിത്രങ്ങള്‍ സഹിതം പങ്കുവച്ചിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിറങ്ങാന്‍ മടിച്ചു നില്‍ക്കെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട മറ്റു പ്രമുഖ രണ്ടാംനിര നായകരെയും നടിമാരെയും രംഗത്തിറക്കാന്‍ ഇന്നസെന്റിന്റെയും സുരേഷ്‌ ഗോപിയുടെയും ഇലക്ഷന്‍ ഇവന്റ്‌ ഗ്രൂപ്പുകള്‍ ശ്രമം നടത്തിവരികയാണ്‌.

സത്യന്‍ അന്തിക്കാടിന്റെ വീട്ടിലെത്തി സുരേഷ്‌ ഗോപി അദ്ദേഹത്തോട്‌ ഏതെങ്കിലും യോഗത്തില്‍ പങ്കെടുക്കാന്‍ പരോക്ഷമായി അഭ്യര്‍ഥിച്ചെങ്കിലും അതിനൊക്കെ ഒരു സമയമുണ്ട്‌ ദാസാ എന്ന രീതിയില്‍ അദ്ദേഹം ചിരിച്ചുതള്ളി.

മഞ്‌ജു വാര്യരോട്‌ സുരേഷ്‌ ഗോപിയുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ ഇതേ ആവശ്യം ഉന്നയിച്ചുവെങ്കിലും അവരും വഴങ്ങിയില്ല. മേജര്‍ രവിയും ഹിന്ദിയിലെ ഏതാനും സിനിമാതാരങ്ങളും വരുംദിവസങ്ങളില്‍ സുരേഷ്‌ഗോപിക്കായി രംഗത്തിറങ്ങുമെന്നാണു സൂചന. ഇന്നസെന്റിനായി ഒന്നു രണ്ട്‌ യോഗങ്ങളില്‍ പങ്കെടുത്ത മുകേഷ്‌ വിഷുവിനുശേഷം ഒരിക്കല്‍കൂടി മണ്ഡലത്തിലെത്താമെന്ന്‌ അറിയിച്ചിട്ടുണ്ട്‌.

ഇന്നസെന്റിനെ പിന്തുണയ്‌ക്കാന്‍ പുരോഗമന കലാ സാഹിത്യ സംഘം സംഘടിപ്പിക്കുന്ന സാഹിത്യ – കലാകാര സംഗമത്തില്‍ മമ്മൂട്ടിയെ പങ്കെടുപ്പിക്കാനുള്ള സമ്മര്‍ദം തുടരുകയാണ്‌.

CLICK TO FOLLOW UKMALAYALEE.COM