സ്റ്റഡി എബ്രോഡ് ! വിദേശപഠനത്തിന്റെ പേരില്‍ കണ്‍സല്‍ട്ടന്‍സികളും ബാങ്ക് ഉദ്യോഗസ്ഥരും ചേര്‍ന്ന് കോടികളുടെ തട്ടിപ്പ്, ആര്‍.ബി.ഐ. അന്വേഷണം – UKMALAYALEE

സ്റ്റഡി എബ്രോഡ് ! വിദേശപഠനത്തിന്റെ പേരില്‍ കണ്‍സല്‍ട്ടന്‍സികളും ബാങ്ക് ഉദ്യോഗസ്ഥരും ചേര്‍ന്ന് കോടികളുടെ തട്ടിപ്പ്, ആര്‍.ബി.ഐ. അന്വേഷണം

Saturday 27 August 2022 4:09 AM UTC

ജി. അരുണ്‍

തിരുവനന്തപുരം Aug 27: സ്റ്റഡി എബ്രോഡ് എഡ്യൂക്കേഷന്‍ കണ്‍സല്‍ട്ടന്‍സികളുടെ പേരില്‍ സംസ്ഥാനത്ത് അരങ്ങേറുന്നതു കോടികളുടെ തട്ടിപ്പ്. വിദേശത്തു വിവിധ കോഴ്‌സുകള്‍ പഠിക്കാന്‍ പോകുന്ന വിദ്യാര്‍ഥികളെ കരുവാക്കി ചില സ്വകാര്യ “സ്റ്റഡി എബ്രോഡ് എഡ്യൂക്കേഷന്‍ കണ്‍സല്‍ട്ടന്‍സി”ക്കാരും ബാങ്ക് ഉദ്യോഗസ്ഥരും ചേര്‍ന്നാണു വന്‍ തട്ടിപ്പ് നടത്തുന്നത്.

തട്ടിപ്പ് വ്യാപകമായതോടെ ആര്‍.ബി.ഐ. അന്വേഷണം ആരംഭിച്ചതായാണു സൂചന. ഇ.ഡിയും അന്വേഷണം നടത്തിയേക്കും.

വിദേശത്തു പഠിക്കാന്‍ പോകുന്നവര്‍ക്കു വിദ്യാഭ്യാസ വായ്പയോ ബാങ്കുകളില്‍ മൂന്നു മാസമായുള്ള ഫിക്‌സഡ് ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റോ ആവശ്യമാണ്. ഇന്‍ഷുറന്‍സിനായാണ് ഇതു കാണിക്കേണ്ടത്. ഇതിന്റെ മറവിലാണു തട്ടിപ്പ്.

30 ലക്ഷത്തിനടുത്തു രൂപ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടെന്നാണ് ഓരോത്തരും കാണിക്കേണ്ടത്. വിദേശത്തു പഠിക്കാന്‍ പോകുന്നവരെ തേടിയെത്തുന്ന സ്റ്റഡി എബ്രോഡ് എഡ്യൂക്കേഷന്‍ കണ്‍സല്‍ട്ടന്‍സിക്കാര്‍, വിദ്യാര്‍ഥികള്‍ മൂന്നു ലക്ഷം രൂപമാത്രം മുടക്കിയാല്‍ മതിയെന്നും ബാക്കി 27 ലക്ഷം രൂപ തങ്ങള്‍ അക്കൗണ്ടില്‍ ഇടാമെന്നും അറിയിക്കും. വിദ്യാര്‍ഥികളുടെ അക്കൗണ്ടില്‍ കണ്‍സല്‍ട്ടന്‍സിക്കാര്‍ ഈ തുക നിക്ഷേപിക്കുകയും ബാങ്കുകളില്‍നിന്നു സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി നടപടിക്രമങ്ങള്‍ നടത്തുകയും ചെയ്യും. ഇട്ട തുകയില്‍നിന്ന് ഇവര്‍തന്നെ രക്ഷിതാക്കക്കൊണ്ട്​ പിന്നീടു വായ്പയെടുത്തു തങ്ങള്‍ ഇട്ട തുക വസൂലാക്കുകയാണ് ചെയ്യുന്നത്. ഒരു ലക്ഷം രൂപയാണ് പലപ്പോഴും ഓരോ ഇടപാടിനും വിദ്യാര്‍ഥികളില്‍നിന്നു കമ്മീഷനായി ഏജന്‍സിക്കാര്‍ ഈടാക്കുന്നത്.

വന്‍ തട്ടിപ്പാണു നടക്കുന്നതെന്നു പല ബാങ്ക് അധികൃതര്‍ക്കും അറിയാമെങ്കിലും ”സാങ്കേതികത്വ”ത്തിന്റെ പേരു പറഞ്ഞു കൈയൊഴിയുകയാണ്. ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ സര്‍ട്ടിഫിക്കറ്റ് കൊടുക്കുമ്പോള്‍ ഡെപ്പോസിറ്റിന് അനുസൃതമായ വായ്പ ഉണ്ടായിരുന്നില്ലെന്ന വാദമാണ് ഇവര്‍ നിരത്തുന്നത്. തങ്ങള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയശേഷമാണ് ഡെപ്പോസിറ്റില്‍നിന്നു വായ്പയെടുത്തതെന്നും ഇവര്‍ പറയുന്നു. ഇങ്ങനെ വിദ്യാഭ്യാസവായ്പയെടുത്തു സ്റ്റഡി എബ്രോഡ് എഡ്യൂക്കേഷന്‍ കണ്‍സട്ടന്‍സിയുടെ സഹായത്തോടെ വിദേശത്തു പഠിക്കാന്‍ പോയ പല വിദ്യാര്‍ഥികളുടെയും വായ്പ എട്ടു മാസത്തിനുള്ളില്‍ ക്ളോസുചെയ്യുകയാണു പതിവ്.

ഫിക്‌സഡ് ഡെപ്പോസിറ്റില്‍നിന്നുള്ള വായ്പ പല ബാങ്കുകാരും വിദ്യാഭ്യാസ വായ്പയാക്കി മാറ്റിക്കൊടുത്തതോടെയാണു തട്ടിപ്പ് ആര്‍.ബി.ഐയുടെയും ഇ.ഡിയുടെയും ശ്രദ്ധയില്‍ പതിഞ്ഞത്.

CLICK TO FOLLOW UKMALAYALEE.COM