യുകെയിൽ ആദ്യമായി പിഎംഡിഡി കോൺഫെറെൻസ്; ഏപ്രിൽ 13 ശനിയാഴ്ച ബോൺമൗത്തിൽ – UKMALAYALEE
foto

യുകെയിൽ ആദ്യമായി പിഎംഡിഡി കോൺഫെറെൻസ്; ഏപ്രിൽ 13 ശനിയാഴ്ച ബോൺമൗത്തിൽ

Thursday 11 April 2019 7:02 AM UTC

By ബിനിൽ പോൾ

LONDON April 11: പ്രീമെൻസ്ട്രുൽ ഡിസ്‌ഫോറിക് ഡിസോഡർ അഥവാ പിഎംഡിഡി എന്ന ആരോഗ്യാവസ്ഥയെപ്പറ്റി കൂടുതൽ ബോധവൽക്കരണം നടത്തുക എന്ന ഉദ്ദേശത്തോടു കൂടി യുകെയിൽ ആദ്യമായി പിഎംഡിഡി കോൺഫെറെൻസ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 13, ശനിയാഴ്ച ബോൺമൗത്തിലെ റോയൽ ബോൺമൗത്ത്‌ ഹോസ്പിറ്റലിൽ ആണ് ഇത് നടത്തപ്പെടുന്നത്.

അണ്ഡോത്പാദനം (Ovulation) നടക്കുന്ന ദിവസങ്ങളിൽ തുടങ്ങി ആർത്തവത്തിന് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് മുൻപ് വരെ മാനസികവും ശാരീരീരികവുമായ ബുദ്ധിമുട്ടുകളിലൂടെ ചില സ്ത്രീകൾ കടന്നു പോകാറുണ്ട്. ഇത് പ്രീമെൻസ്ട്രുൽ സിൻഡ്രോം (പിഎംസ്) എന്നാണ് അറിയപ്പെടുന്നത്. ചില സ്ത്രീകളിൽ ഇത് അതി തീവ്രമായി കാണപ്പെടാറുണ്ട്; പടിഞ്ഞാറൻ രാജ്യങ്ങളിൽ ഇരുപതിൽ ഒരാൾ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.

രണ്ടായിരത്തിപ്പതിനാലിൽ, പിഎംഡിഡി എന്ന പേരിൽ ഒരു രോഗാവസ്ഥയായി അമേരിക്കയിൽ ഇതിനെ അംഗീകരിച്ചുവെങ്കിലും ‘സിവിയർ പിഎംസ്’ എന്നാണ് യുകെയിൽ ഇപ്പോഴും അറിയപ്പെടുന്നത്.

പല രോഗികളിലും ഡിപ്രെഷൻ ആയി ആണ് ഡോക്ടർമാർ ഇതിനെ രോഗനിർണ്ണയം നടത്തുന്നത്. അതുമൂലം തെറ്റായ രോഗനിർമാർജന മാർഗങ്ങളാണ് അവർക്ക് നല്കപ്പെടുന്നത്. പ്രത്യുത്പാദനത്തോട് അനുബന്ധിച്ചുള്ള ഹോർമോൺ
വ്യതിയാനങ്ങൾ മൂലം ശരീരത്തിൽ ഉണ്ടാവുന്ന ആശയക്കുഴപ്പങ്ങൾ ആണ് ചില സ്ത്രീകളെ ഈ അവസ്ഥയിൽ എത്തിക്കുന്നത്. ചാക്രികമായി എല്ലാ മാസവും സംഭവിക്കുന്ന പിഎംഡിഡി കൃത്യമായി രോഗനിർണ്ണയം നടത്തുന്നതിന്
ഡോക്ടർമാർക്കും, അത് പോലെ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നവർക്കും ബോധവൽക്കരണം ആവശ്യമാണ് എന്ന ചിന്തയിൽ നിന്നാണ് പിഎംഡിഡിയെപ്പറ്റി ഒരു കോൺഫെറെൻസ് എന്ന ആശയം ഉടലെടുത്തത്.

ഇത് സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒരു കാര്യമല്ല; അവരുടെ കുടുംബവും, ബന്ധുക്കളും, സഹപ്രവർത്തകരും, സമൂഹമാകെ ബോധവൽക്കരണം ആവശ്യമായ ഒരു വിഷയം ആണ് എന്ന ഒരു സന്ദേശം ആണ് ഈ കോൺഫെറെൻസ് ലക്ഷ്യമിടുന്നത്. പിഎംഡിഡിയെ തരണം ചെയ്തവരുടെ അനുഭവങ്ങളും, ഈ മേഖലയിൽ ഗവേഷണം നടത്തുന്ന വിദഗ്ദ്ധരുടെ പുതിയ അറിവുകളും ഇവിടെ അവതരിപ്പക്കപ്പെടുന്നതായിരിക്കും. യുകെയിലെ ആരോഗ്യ മേഖലയിൽ പിഎംഡിഡിയെപ്പറ്റി കൂടുതൽ ചർച്ചകൾക്ക് ആരംഭം കുറിക്കാൻ ഈ സംരംഭം സഹായകമാകും.

അമേരിക്കയിലെ പോലെ പിഎംഡിഡിയെ യുകെയിലും ഒരു മെഡിക്കൽ കണ്ടീഷൻ ആയി അംഗീകരിക്കപ്പെടുവാനും ഗവേഷണങ്ങൾ നടത്തുവാനും ഈ കോൺഫെറെൻസ് തുടക്കമിടും എന്ന് സംഘാടകർ കരുതുന്നു. കോൺഫെറെൻസിനെപ്പറ്റിയുള്ള കൂടുതൽ വിശദാംശങ്ങള്‍ https://pmddandme.co.uk/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

CLICK TO FOLLOW UKMALAYALEE.COM