നൃത്താഞ്ജലിയുമായി ശ്രീമതി ശാലിനി ശിവശങ്കർ: ക്രോയ്ഡൻ ഹിന്ദു ധർമ്മ പരിഷത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു – UKMALAYALEE

നൃത്താഞ്ജലിയുമായി ശ്രീമതി ശാലിനി ശിവശങ്കർ: ക്രോയ്ഡൻ ഹിന്ദു ധർമ്മ പരിഷത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു

Thursday 16 May 2019 6:12 AM UTC

എ. പി. രാധാകൃഷ്ണൻ

LONDON May 16: ഹൈന്ദവ സമൂഹത്തിന്റെ ആദ്ധ്യാത്മികം, വിദ്യാഭ്യാസം സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം എന്നീ അഞ്ചു പ്രധാന മേഖലകളുടെ ഉന്നമനത്തിനായി ലണ്ടൻ ആസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന സദ്ഗമയ ഫൌണ്ടേഷൻ നേതൃത്വം നല്കുന്ന സംപൂജ്യ സ്വാമി ചിദാനന്ദപുരിയുടെ യു കെ പര്യടനമായ “സത്യമേവ ജയതേ” പരിപാടിയുടെ ഭാഗമായി ക്രോയ്ഡനിൽ നടക്കുന്ന ഹിന്ദു ധർമ്മ പരിഷത്തിന്റെ ഒരുക്കങ്ങൾ ദ്രുത ഗതിയിൽ പുരോഗമിക്കുന്നു. ജൂൺ മാസം ഒൻപതാം തിയതി ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിമുതൽ നിരവധി കലാ സാംസ്കാരിക പരിപാടികളോടെ ഉത്‌സവസമാനമായി നടക്കുന്ന ഹിന്ദു ധർമ്മ പരിഷത്തിൽ സ്വാമി ചിദാനന്ദപുരി മുഖ്യ പ്രഭാഷണം നടത്തും. ക്രോയ്ഡനിലെ പൊതു പരിപാടികൾക്ക് ലഭ്യമാകുന്നതിൽ വെച്ച് ഏറ്റവും വലിയ വേദിയിൽ ആണ് ഹിന്ദു ധർമ്മ പരിഷത്ത് നടക്കുന്നത്.

ഏകദേശം രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന സ്വാമിജിയുടെ സന്ദർശനത്തിൽ യുകെയിലെ മിക്കവാറും എല്ലാ ഹൈന്ദവ കൂട്ടായ്മകളും സദ്ഗമയ ഫൗണ്ടേഷനുമായി ചേർന്ന് പരസ്പര സഹകരണത്തോടെ ഒന്നിച്ച് യുകെയുടെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന നിരവധി പരിപാടികളുടെ ഭാഗമായാണ് ക്രോയ്ഡനിൽ ഹിന്ദു ധർമ്മ പരിഷത്തും നടക്കുന്നത്. കേരളത്തിലെയും ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും ഉള്ള ഹൈന്ദവ നേതാക്കളെ യുകെയിലേക്ക് സ്വാഗതം ചെയ്ത് വിവിധ പൊതു പരിപാടികളിലൂടെ പ്രാദേശികമായി പ്രവർത്തിക്കുന്ന സംഘടനകളെ ശക്തിപ്പെടുത്താനും ഹൈന്ദവ സംഘടനകൾ തമ്മിലുള്ള ഐക്യം ഊട്ടി ഉറപ്പിക്കാനും അതിലൂടെ മുഴുവൻ ഹൈന്ദവ സമൂഹത്തിനും ശക്തി പകരാനും ഉദ്ദേശിച്ചാണ് സദ്ഗമയ ഫൗണ്ടേഷൻ “സത്യമേവ ജയതേ” എന്ന പരിപാടി അവതരിപ്പിച്ചിരിക്കുന്നത്. യുകെയിലെ ഹൈന്ദവ കുടിയേറ്റ ചരിത്രത്തിൽ ഇതുവരെ ഇത്രയും വിപുലമായ ഇതുപോലൊരു പരിപാടി ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടില്ല.

പ്രശസ്ത നർത്തകിയും കഴിഞ്ഞ പതിനഞ്ചു വർഷത്തിൽ അധികമായി ഉപഹാർ സ്കൂൾ ഓഫ് ഡാൻസ് എന്ന സ്വന്തം നൃത്ത വിദ്യാലയത്തിലൂടെ നിരവധി കലോപാസകരെ യു കെ ക്കു സമ്മാനിക്കുകയും ചെയ്ത ശ്രീമതി ശാലിനി ശിവശങ്കർഹിന്ദു ധർമ്മ പരിഷത്തിൽ നൃത്താഞ്ജലിയുമായി എത്തും. മോഹിനിയാട്ടം, കഥക്ക്, ഭരതനാട്യം എന്നീ ഭാരതത്തിന്റെ തനതായ മൂന്ന് നൃത്ത രൂപങ്ങളും വേദിയിൽ അവതരിപ്പിക്കും എന്ന് ശ്രീമതി ശാലിനി ശിവശങ്കർ അറിയിച്ചു. മറ്റു നൃത്ത അധ്യാപകരിൽ നിന്നും വ്യത്യസ്തമായി ശ്രീമതി ശാലിനി ശിവശങ്കർ തന്നെ വേദിയിൽ നൃത്തച്ചുവടുകളുമായി സദസിനെ വിസ്മയിപ്പിക്കും. തന്റെ പന്ത്രണ്ടാം വയസ്സിൽ അരങ്ങേറ്റം കുറിച്ച നൃത്ത സപര്യ ഇന്നും മുടക്കം കൂടാതെ മുന്നോട്ടു നയിക്കുന്ന അപൂർവം കലാകാരികളിൽ ഒരാളാണ് ശ്രീമതി ശാലിനി ശിവശങ്കർ. ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്ന ഏവർക്കും ഉള്ള ഒരു സുവർണ അവസരമാണ് ശ്രീമതി ശാലിനി ശിവശങ്കറിന്റെ നൃത്ത ചുവടുകൾ നേരിൽ കാണാൻ കഴിയുക എന്നത്.

പരിപാടികളുടെയും സ്വാമി ചിദാനന്ദപുരിയുടെയും സുരക്ഷ മുൻനിർത്തി ഹിന്ദു ധർമ്മ പരിഷത്തിൽ പങ്കെടുക്കുന്ന എല്ലാവരും സൗജന്യമായി രജിസ്റ്റർ ചെയ്തു ടിക്കറ്റ് എടുക്കേണ്ടതാണ്. ഒരാൾക്ക് അഞ്ച് ടിക്കറ്റ് വരെ എടുക്കാനുള്ള സൗകര്യം ആണ് ഇപ്പോൾ ലഭ്യമാകുന്നത്. തികച്ചും സൗജന്യമായി ലഭിക്കുന്ന ടിക്കറ്റുകൾ എത്രയും വേഗം ബുക്ക് ചെയ്തു യുകെയിൽ ആദ്യമായി ഇത്രയും വിപുലമായി നടത്തുന്ന ഹൈന്ദവ മുന്നേറ്റത്തിന്റ ഭാഗമാകണമെന്ന്‌ എല്ലാ വിഭാഗം ജനങ്ങളോടും സംഘാടകർ അഭ്യർത്ഥിക്കുന്നു.

രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്

https://www.eventbrite.co.uk/e/the-hindu-conference-hindu-dharma-parishad-tickets-60252770659
ഹിന്ദു ധർമ്മ പരിഷത്തിന്റെ വേദിയുടെ വിലാസം
ദി അസംബ്ലി ഹാൾ, ഹാരിസ് അക്കാദമി പേർളി, കേന്ദ്ര ഹാൾ റോഡ്, ക്രോയ്ഡൻ CR2 6DT
കൂടുതൽ വിവരങ്ങൾക്ക് സദ്ഗമയ ഫൗണ്ടേഷനുമായി ബന്ധപെടുക
Info@sadgamayafoundation.org
Sadgamayafoundation.uk@gmail.com
07932635935, 07414004646, 07846145510, 07894878196

CLICK TO FOLLOW UKMALAYALEE.COM