ദിലീപ് ഒന്നരകോടിയുടെ ക്വട്ടേഷന്‍ നല്‍കിയെന്നത് അവിശ്വസനീയം; പിന്തുണയുമായി വീണ്ടും ശ്രീനിവാസന്‍ – UKMALAYALEE

ദിലീപ് ഒന്നരകോടിയുടെ ക്വട്ടേഷന്‍ നല്‍കിയെന്നത് അവിശ്വസനീയം; പിന്തുണയുമായി വീണ്ടും ശ്രീനിവാസന്‍

Tuesday 7 May 2019 10:07 AM UTC

കൊച്ചി May 7: നടിയെ ആക്രമിക്കാന്‍ ദിലീപ് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്നത് അവിശ്വസനീയമാണെന്ന് നടന്‍ ശ്രീനിവാസന്‍. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ദിലീപിനെ അറസ്റ്റ് ചെയ്തപ്പോഴും നടന്‍ ഇത്തരം മണ്ടത്തരം കാണിക്കില്ലെന്ന് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടിരുന്നു.

പള്‍സര്‍ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്നത് അവിശ്വസനീയമാണെന്നും താന്‍ അറിയുന്ന ദിലീപ് ഒന്നര പൈസ പോലും ഇതിനായി ചെലവാക്കില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

ചലച്ചിത്ര രംഗത്തെ വനിതകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യുസിസി)ഉന്നയിക്കുന്ന ആവശ്യങ്ങളേയും ശ്രീനിവാസന്‍ ചോദ്യം ചെയ്തു.

ഡബ്ല്യുസിസിയുടെ ആവശ്യവും ഉദ്ദേശ്യവും എന്തിനാണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല. ആണും പെണ്ണും തുല്യരാണ്.

പ്രതിഫലം നിര്‍ണയിക്കുന്നത് താരവിപണിമൂല്യമാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. നയന്‍താരയ്ക്കു ലഭിക്കുന്ന വേതനം എത്ര നടന്മാര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ചോദിച്ചു.

ഒരു സംഘടനയേയും നശിപ്പിക്കാനല്ല സംസാരിക്കുന്നതെന്നും ചില കാര്യങ്ങള്‍ക്ക് അതിര്‍വരമ്പുകളുള്ളതുകൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

CLICK TO FOLLOW UKMALAYALEE.COM