• March 11, 2024

ഡിപെൻഡന്റ് വിസ നിരോധനം ഇന്ന് മുതൽ: അഞ്ചിന നിയമമാറ്റം അറിയുക

ഡിപെൻഡന്റ് വിസ നിരോധനം ഇന്ന് മുതൽ: അഞ്ചിന നിയമമാറ്റം അറിയുക

സ്വന്തം ലേഖകൻ

ലണ്ടൻ മാർച്ച് 11: സമീപകാലത്ത് യുകെയിലേക്ക് കുടിയേറിയ മലയാളി കെയറർമാരേയും നഴ്‌സുമാരേയും ഏറ്റവുമധികം ആശങ്കപ്പെടുത്തിയ നിയമമാറ്റ പ്രഖ്യാപനമാണ് കെയറർമാരുടെ ഡിപെൻഡന്റ് അഥവാ ആശ്രിത വിസ നിരോധനം.

മാർച്ച് 11 മുതൽ കെയറർമാരുടെ ഡിപെൻഡന്റ് വിസ നിരോധനം യുകെയിൽ പ്രാബല്യത്തിൽ വരും. ഇന്ന് മുതൽ ഭർത്താവിനെയോ ഭാര്യയെയോ മറ്റേതെങ്കിലും വിധത്തിലുള്ള ജീവിതപങ്കാളിയെയോ കുട്ടികളെയോ മറ്റുവിധത്തിലുള്ള ആശ്രിതരേയോ യുകെയിലേക്ക് കൊണ്ടുവരാനും കൂടെ താമസിപ്പിക്കാനുമുള്ള ഹെൽത്ത് കെയർ അസിസ്റ്റന്റ്സ് അഥവാ കെയറർമാരുടെ അനുമതി ഇല്ലാതാകും.

മാർച്ച് 11 നുമുമ്പ് അപേക്ഷിച്ചിട്ടുള്ളവരിൽ ഹോം ഓഫീസ് അംഗീകരിച്ചവർക്ക് തുടർന്നും ആശ്രിതരെ കൊണ്ടുവരാനുള്ള അനുമതി ലഭിക്കും. എന്നാൽ അതിനുശേഷമുള്ള അപേക്ഷകളൊന്നും തന്നെ ഡിപെൻഡന്റ് വിസയ്ക്കായി പരിഗണിക്കില്ല.

കഴിഞ്ഞ ഒന്നുരണ്ട് വർഷങ്ങളായി യുകെയിലേക്ക് മലയാളി കെയറർമാരുടെ കുത്തൊഴുക്ക് നടന്നിരുന്നു. വൻതുക ഏജന്റുമാർക്ക് നൽകി എത്തിയവരും ഇതിൽ ഉൾപ്പെടുന്നു. നഴ്‌സുമാരാണ് കുടുതലും ഈ കാറ്റഗറിയിൽ എത്തിയത്.

മറ്റുസ്ഥലങ്ങളിലെ ജോലികൾവരെ ഉപേക്ഷിച്ച് അവരിൽപ്പലരും യുകെയിലേക്ക് വരാനുള്ള പ്രധാനകാരണം ഡിപെൻഡന്റ് വിസയായിരുന്നു. ഡിപെൻഡന്റ് വിസയിൽ എത്തുന്നവർക്ക് ജോലി ചെയ്യാമെന്നതും വരുമാന സാധ്യതയും കൂട്ടി.

അതിനുള്ള അവസരമാണ് ഇപ്പോൾ നഷ്ടമാകുന്നത്. ഇതുമൂലം ഏജന്റുമാർക്ക് കൊടുത്ത ലക്ഷങ്ങൾ തിരികെ സമ്പാദിക്കുക നിലവിൽ കെയറർ ജോലിചെയ്യുന്നവർക്ക് കൂടുതൽ പ്രയാസകരമാകും.

ഈ നിയമത്തിൽ ഇളവുകൾ അനുവദിച്ചേക്കും എന്ന പ്രതീക്ഷയും ഇപ്പോൾ അസ്ഥാനത്തായി. കുടിയേറ്റം കുറയ്ക്കൽ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നിയമത്തെ പാർലമെന്റിൽ, തിരഞ്ഞെടുപ്പ് വർഷത്തിൽ ലേബറുകൾ അടക്കമുള്ള പ്രതിപക്ഷം എതിർക്കുവാനും സാധ്യത കുറവാണ്.

അതുപോലെ ഇതിനൊപ്പം കുടിയേറ്റ നിയന്ത്രണം ലക്ഷ്യമിട്ട് ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി 2023 ഡിസംബർ 4-ന് പ്രഖ്യാപിച്ച നിയമമാറ്റങ്ങളുടെ അഞ്ചിന പദ്ധതിയും ഏപ്രിൽ മാസം വിവിധ തീയതികളിലായി പ്രാബല്യത്തിൽ വരും.

സ്‌കിൽഡ് വർക്കർ വിസയ്ക്കുള്ള ഏറ്റവും കുറഞ്ഞ ശമ്പളം മിനിമം £26,200 ൽ നിന്ന് £38,700 ആയി ഉയർത്തുന്നത് 2024 ഏപ്രിൽ 4-ന് നടപ്പിലാക്കും.

എന്നാൽ നഴ്സിംഗും സോഷ്യൽ കെയറും ഉൾപ്പെടുന്ന ഹെൽത്ത് ആൻ്റ് കെയർ വർക്കർ വിസയ്ക്കോ ദേശീയ ശമ്പള സ്കെയിലുകളിലുള്ള വിദ്യാഭ്യാസ മേഖലാ ജീവനക്കാർക്കോ ഈ മാറ്റം ബാധകമാകില്ല.

അതുപോലെ പാർട്ട്ണർ അഥവാ ജീവിത പങ്കാളി വിസയ്‌ക്കായി ആരെയെങ്കിലും സ്പോൺസർ ചെയ്യുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ വരുമാനം പ്രതിവർഷം £18,600 ൽ നിന്ന് ആദ്യം £29,000 ആയും ഒടുവിൽ ഏകദേശം £38,700 ആയും ഉയരും.

ഇത് നടപ്പിലാക്കുന്നതിന് പാർട്ട്ണർ അല്ലെങ്കിൽ പങ്കാളി വിസയുടെ കുറഞ്ഞ വരുമാനം ആദ്യം 2024 ഏപ്രിൽ 11-ന് £29,000 ആയി വർദ്ധിപ്പിക്കും. പിന്നീട് 2024-ൽ ഒരു നിശ്ചിത സമയത്ത് ഏകദേശം £34,500 ആയുയർത്തും. ഒടുവിൽ 2025-ൻ്റെ തുടക്കത്തോടെ £38,700 ആയും ഉയർത്തും.

2024 ഏപ്രിലിൽ (ഏപ്രിൽ 4 ന് മിക്കവാറും) ഷോർട്ടേജ് ഒക്കപ്പേഷൻ ലിസ്റ്റിലെ പ്രാരംഭ മാറ്റങ്ങൾ സംഭവിക്കും. ഇതിനായി മൈഗ്രേഷൻ അഡൈ്വസറി കമ്മിറ്റി തൊഴിൽ തസ്‌തികകൾ ഉൾപ്പെടുത്തിയുള്ള പുതിയ ലിസ്‌റ്റ് ഉടൻ സർക്കാരിന് സമർപ്പിക്കുമെന്നറിയുന്നു.

ബ്രിട്ടീഷ് സർവ്വകലാശാലകളിലെ വിദേശ ബിരുദധാരികൾക്കുള്ള രണ്ട് വർഷത്തെ സ്പോൺസർ ചെയ്യാത്ത വർക്ക് പെർമിറ്റായ ഗ്രാജുവേറ്റ് വിസയുടെ പുനരവലോകനവും ഈവർഷം നടക്കും. വർക്ക് പെർമിറ്റുകൾ എടുത്തുകളയണോ എന്നകാര്യത്തിൽ ചർച്ചകൾ നടക്കുന്നു. 2024 അവസാനത്തോടെ സമിതി റിപ്പോർട്ട് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാർലമെന്റിൽ ഈ മാറ്റങ്ങൾ അംഗീകരിക്കാനോ നിരസിക്കാനോ ഭേദഗതി ചെയ്യാനോ എംപിമാർ വോട്ട് ചെയ്യാനുള്ള സാധ്യതയും തീരെ കുറവാണ്. തിരഞ്ഞെടുപ്പ് വർഷമായതിനാൽ കുടിയേറ്റം നിയന്ത്രിക്കുന്നതിനെ എതിർക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പ്രധാന പ്രതിപക്ഷ കക്ഷികളായ ലേബറുകളും കരുതുന്നു.

യു കെ മലയാളിയുടെ വാട്സാപ്പ് ബ്രോഡ്കാസറ്റ് ചാനലിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യൂ