• March 12, 2024

യുകെയിൽ കഴിവുതെളിയിച്ച മലയാളി നഴ്‌സുമാർ കോട്ടയം മെഡിക്കൽ കോളേജിൽ ഒരുമിച്ചപ്പോൾ

യുകെയിൽ കഴിവുതെളിയിച്ച മലയാളി നഴ്‌സുമാർ  കോട്ടയം മെഡിക്കൽ കോളേജിൽ  ഒരുമിച്ചപ്പോൾ

സ്വന്തം ലേഖകൻ

ലണ്ടൻ മാർച്ച് 12: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പലപ്പോഴായി യുകെയിലേക്ക് കുടിയേറിയവർ. നഴ്‌സിംഗ് മേഖലയിൽ വർഷങ്ങളോളം പ്രവർത്തിച്ച് പ്രാഗത്ഭ്യം തെളിയിച്ച അവർക്കൊപ്പം സഹപ്രവർത്തകയായ ഒരു വെള്ളക്കാരിയും കൂടിയപ്പോൾ, കോട്ടയം മെഡിക്കൽ കോളേജിന് ലഭിച്ചത് അപൂർവ്വ നേട്ടവും ബഹുമതിയും.

കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോതൊറാസിക് നഴ്സിംഗ് പ്രാക്ടീസ് ആൻഡ് നഴ്‌സിങ് അഡ്മിനിസ്ട്രേഷൻ ട്രാൻസ്ഫോർമേഷൻ പ്രൊജക്റ്റ് പിറവിയെടുത്തതിനു പിന്നിലെ കഥയാണിത്.

യുകെയിൽ മാത്രമല്ല കേരളത്തിൽ നിന്ന് വിദേശരാജ്യത്തെ ആരോഗ്യസേവന രംഗത്ത് എത്തുന്ന ഏതൊരു നഴ്സിന്റെയും സ്വപ്നങ്ങളിൽ ഒന്നാണ് അവിടെ നിന്നും പുതിയതായി ലഭിക്കുന്ന അറിവുകളും നൂതനമായ പ്രവർത്തന രീതികളും സ്വന്തം നാടിനു കൂടി ഉപകാരപ്പെടുത്തുന്ന തലത്തിൽ നാട്ടിലെ ആരോഗ്യമേഖലയുമായി പങ്കുവെക്കാൻ ഒരു അവസരം ലഭിക്കുക എന്നുള്ളത്.

കോട്ടയം പാലാ സ്വദേശി മിനിജാ ജോസഫിനെ അറിയാത്ത യുകെ മലയാളികൾ കുറവാകും. നിരവധി തവണ യുകെയിലെ ബെസ്‌റ്റ് നഴ്‌സസ് അവാർഡിന് അർഹയായിട്ടുണ്ട് മിനിജ. രാജ്ഞിയുടെ വിരുന്ന് സൽക്കാരത്തിനുവരെ ക്ഷണിക്കപ്പെട്ട് ആദരവ് നേടിയിട്ടുള്ള മിനിജ, അറിയപ്പെടുന്ന നഴ്‌സിംഗ് ഇൻസ്ട്രക്റ്റർ കൂടിയാണ്.

മിനിജയുടെ കൂടെ കോട്ടയം ഗവൺമെന്റ് നഴ്‌സിങ് കോളേജ് പൂർവ്വ വിദ്യാർത്ഥിയും കൈരളി യുകെ ദേശീയ കമ്മറ്റി അംഗവുമായ ബിജോയുമാണ് ഈ സ്വപ്‌നം യാഥാർഥ്യമാക്കാൻ മുന്നിട്ടിറങ്ങിയത്.

അവർക്കൊപ്പം സുഹൃത്തുക്കളും സഹപ്രവർത്തകരുമായ മേരി എബ്രഹാമും അയർലന്റുകാരി മോന ഗഖിയൻ ഫിഷറും കൈകോർത്തു. യുകെ മലയാളികൾക്കിടയിലെ സംഘാടന ശേഷിയുടെ കൈത്താങ്ങുമായി കൈരളി യുകെയുടെ ദേശീയ നേതൃത്വവും ഒരുമിച്ചെത്തിയപ്പോൾ ലോകോത്തര നിലവാരത്തിലുള്ള കാർഡിയോതൊറാസിക് നഴ്സിംഗ് പ്രാക്ടീസ് ആൻഡ് നഴ്‌സിങ് അഡ്മിനിസ്ട്രേഷൻ ട്രാൻസ്ഫർമേഷനും കോട്ടയം മെഡിക്കൽ കോളേജിൽ യാഥാർത്ഥ്യമായി.

ഈ ആശയം ആദ്യം കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ ജയകുമാറുമായും കാർഡിയോ തൊറാസിക് ഡിപ്പാർട്ടുമെന്റ് മേധാവി ഡോക്ടർ വിനീതയുമായും പങ്കുവച്ചപ്പോൾ അവർക്കും നൂറുവട്ടം സമ്മതം.

കൈരളി ദേശീയ സെക്രട്ടറി കുര്യൻ ജേക്കബും പ്രസിഡന്റ്‌ പ്രിയാ രാജനും ഈ വിശദമായ പ്രോജക്ട് റിപ്പോർട് ആരോഗ്യ മന്ത്രി വീണ ജോർജിനുമുന്നിൽ അവതരിപ്പിച്ചു. ചർച്ചകളിൽ ഗവണ്മെന്റിനെ പ്രതിനിധീകരിച്ചു പങ്കെടുക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി എ പി മുഹമ്മദ് ഹനീഷ് ഐ എ എസിനെയാണ് മന്ത്രി നിയോഗിച്ചത്.

യാതൊരു വിധ ഗവണ്മെന്റ് ഫണ്ടുകളോ ഔദ്യോഗിക രേഖ കൈമാറ്റമോ പണച്ചിലവുകളോ ഇല്ലാതെ നേരിട്ട് നഴ്സിങ് പ്രാക്ടീസ് നിരീക്ഷിച്ചും ആർജിത അറിവുകൾ പങ്കുവെച്ചും ഓൺലൈൻ ക്ലാസുകളുമെടുത്തുകൊണ്ടും കാർഡിയോ തൊറാസിക് രോഗിയുടെ യാത്രയിലെ വിവിധ ഘട്ടങ്ങളിലെ സേഫ്റ്റിയും നഴ്സിങ് കെയറിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നത് വഴി മികച്ച റിസൾട്ട് ഉണ്ടാക്കാനുള്ള ഈ പദ്ധതി വളരെ വേഗംതന്നെ ഗവണ്മെന്റ് തലത്തിലെ അനുമതികളും നേടി.

ഡോക്ടർ ജയകുമാറിന്റെയും ഡോക്ടർ വിനീതയുടെയും നേത്രൃത്വത്തിൽ പരിപൂർണ്ണമായ പിന്തുണയോടുകൂടെ ഐസിയുവിലും തിയേറ്ററുകളിലും വാർഡുകളിലും ഉൾപ്പടെയുള്ള വിവിധ ക്ലിനിക്കൽ ഏരിയയിലെ നഴ്‌സുമാരും ഇറങ്ങി തിരിച്ചപ്പോൾ ഈ പദ്ധതി നടത്തിപ്പ് അതിവേഗം കുതിച്ചു.

കോട്ടയം മെഡിക്കൽ കോളേജ് കാർഡിയോ തൊറാസിക് ഡിപ്പാർട്ടുമെന്റിന്റെ പശ്ചാത്തലവും നിലവിലുള്ള പ്രവർത്തന രീതികളും അത്യാവശ്യമായി വരുത്തേണ്ട മാറ്റങ്ങളെയുമൊക്കെ കുറിച്ച് മനസിലാക്കാൻ അതിനു ശേഷം നടന്ന നിരന്തരമായ ഓൺലൈൻ സ്റ്റഡി സെഷനുകളും ആശയ വിനിമയങ്ങളും സഹായകമായി.

ഡോ. തോമസ്‌ ഐസക്കിന്റെ നേതൃത്വത്തിൽ ജനുവരിയിൽ തിരുവല്ലയിൽ നടത്തിയ മൈഗ്രേഷൻ കോൺക്ലേവിലെ ആശയങ്ങൾ ഉൾക്കൊണ്ടു നടത്തുന്ന ഇത്തരം പദ്ധതികളിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കേരളത്തിലെ ആരോഗ്യമേഖലയിലുൾപ്പെടെയുള്ള പ്രവർത്തന രീതികളെ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്.

ഈ പ്രോജക്ടിന്റെ പ്രവർത്തനങ്ങൾക്കായി യുകെയിൽ നിന്ന് ഇതിനു നേത്രൃത്വം നൽകുന്ന മിനിജയും മോണയും ബിജോയിയും മേരിയുമടങ്ങുന്ന നാൽവർ സംഘം കഴിഞ്ഞ ദിവസം നാട്ടിലെത്തി. ഒരാഴ്ചയോളം കോട്ടയം മെഡിക്കൽ കോളേജിൽ ചിലവഴിച്ചു അവിടെയുള്ള വിവിധ വകുപ്പുകളിൽ സേവനം അനുഷ്ഠിക്കുന്നവരുമായി ചർച്ചകൾ നടത്തി.

പ്രൊജക്ടിൽ പ്രായോഗികമായ മാറ്റങ്ങൾ നടപ്പിൽ വരുത്തുന്നതോടൊപ്പം തന്നെ യുകെയിലെയും മറ്റു വിദേശ രാജ്യങ്ങളിലും നിലവിലുള്ള നൂതന സംവിധാനങ്ങളും തെളിവുകളുടെ അടിസ്ഥാനത്തിലുള്ള പ്രോട്ടോകോളുകളും ക്ലിനിക്കൽ ഗൈഡ് ലൈനുകളും വികസിപ്പിക്കുന്ന അറിവുകൾ പങ്കുവക്കുകയും കൂടാതെ നഴ്‌സുമാരുടെ നേതൃത്വപാടവവും ടീം വർക്കും മെച്ചപ്പെടുത്താനുള്ള മാർഗനിർദ്ദേശങ്ങൾ സമർപ്പിക്കുകയൂം ചെയ്യുക എന്നതാണ് അടുത്ത ഘട്ടം.

നഴ്‌സിംഗ് മേഖലയിൽ നിരവധി വർഷത്തെ പ്രവർത്തന പരിചയവും യുകെയിലെ പ്രവർത്തനങ്ങൾക്കു ആദരവും അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ളതുമായ മിനിജ ജോസഫ്, നിലവിൽ കിങ്‌സ് കോളേജ് എൻ എച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ തീയേറ്റർ ലീഡ് നഴ്‌സ് ആണ്.

ബിജോയ് സെബാസ്റ്റ്യൻ യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിലെ ക്രിട്ടിക്കൽ കെയർ എലെക്റ്റിവ് സർജിക്കൽ പാത്ത് വെയ്‌സ് സീനിയർ നഴ്‌സ് ആയും, മേരി കിങ്‌സ് കോളേജ് എൻഎച്ച്എസ് ഐസിയു, എച്ച്‌.ഡി.യു വാർഡ് മാനേജറായും സേവനം അനുഷ്ഠിക്കുന്നു.

യുകെയിലെയും അയർലാൻഡിലെയും ആശുപത്രികളിലെ വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മിനിജയുടെ ദീർഘകാല സഹപ്രവർത്തകയുമായ മോന ഗെക്കിയൻ ഫിഷർ 2018 -2021 കാലഘട്ടത്തിൽ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് പേരി ഓപ്പെറേറ്റിവ് പ്രാക്ടീസിന്റെ പ്രസിഡന്റ്‌ സ്ഥാനം അലങ്കരിച്ച വ്യക്തി കൂടിയാണ്.

അറിവും പരിചയസമ്പത്തും പരസ്പരം പങ്കുവെയ്ക്കാനും, അതിലൂടെ നമ്മുടെ നാട്ടിലെ സാധാരണക്കാരായ ജനങ്ങൾ ഏറ്റവും അധികം ആശ്രയിക്കുന്ന മെഡിക്കൽ കോളേജ്‌ പോലെയുള്ള സംവിധാനങ്ങളിൽ ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ഒരു ഘടകമായതിൽ കൈരളി യുകെ അഭിമാനിക്കുന്നു.

സാധാരണക്കാർ ആശ്രയിക്കുന്ന മെഡിക്കൽ കോളേജിൽ, സേവന തൽപ്പരതയോടെ ഈവിധത്തിൽ ഒരു പോജക്‌ട് കൊണ്ടുവരാൻ കഴിഞ്ഞതിന്റെ സാഫല്യത്തിലും സന്തോഷത്തിലുമാണ് ഈ പ്രവാസി മലയാളികളിപ്പോൾ.

യു കെ മലയാളിയുടെ വാട്സാപ്പ് ബ്രോഡ്കാസറ്റ് ചാനലിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യൂ