URUK Annual Conference on May 18: Article by Santhosh Roy: അറിവ്‌.. ആയുധമാണു. അനുഗ്രഹമാണു, ആവശ്യമാണു – UKMALAYALEE
foto

URUK Annual Conference on May 18: Article by Santhosh Roy: അറിവ്‌.. ആയുധമാണു. അനുഗ്രഹമാണു, ആവശ്യമാണു

Thursday 4 April 2019 6:22 AM UTC

By Santhosh Roy

അറിവ്‌.. ആയുധമാണു. അനുഗ്രഹമാണു, ആവശ്യമാണു. മനുഷ്യന്റെ അറിവ്‌ തേടിയുള്ള യാത്രക്ക്‌ , മനുഷ്യപരിണാമത്തോളം പഴക്കമുണ്ട്‌. ഇന്നും അനുസ്യൂതം തുടരുന്ന യാത്ര.

ഇന്ന് പലതരം അറിവുകളും നമുക്ക്‌ ലഭ്യമാണു.

ഫോണിന്റെ സ്ക്രീനിൽ വിരലമർത്തേണ്ട താമസം മാത്രം. അറിവുകളുടെ വിശാല ലോകത്തേക്ക്‌ ചേക്കേറാം. എങ്ങനെ ടൈ കെട്ടണം എന്നതു മുതൽ എങ്ങനെ ബോംബുണ്ടാക്കണം എന്നതു വരെയുള്ള അറിവുകൾ ധാരാളം. ഒക്കെ പറഞ്ഞ്‌ തരാൻ ഗൂഗിളമ്മാവനും യൂട്യൂബ്‌ ചേട്ടനും വിളിപ്പാടകലെയുണ്ട്‌. ഇതൊക്കെ പോരാഞ്ഞിട്ട്‌ , വാട്സാപ്പ്‌ വിഞ്ജാനകോശങ്ങളും , ഫേസ്ബുക്ക്‌ പേജുകളും ഷെയറുകളും അനവധിയായിട്ടുണ്ട്‌.

സാമൂഹ്യ മാധ്യമങ്ങളുടെ വരവോടെ, ശാസ്ത്രീയ പിൻബലമില്ലാത്ത പല തെറ്റായ അറിവുകളും അന്ധവിശ്വാസങ്ങളും സമൂഹത്തിൽ വളരെ വ്യാപകമായ്‌ പ്രചരിപ്പിക്കപ്പെടുന്നുണ്ട്‌ എന്നതിൽ ഒട്ടും സംശയമില്ല. നമ്മിൽ പലരും അവയൊക്കെ കണ്ണും പൂട്ടി ഷെയർ ചെയ്യുന്നുമുണ്ട്‌. അന്ധവിശ്വാസങ്ങളുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന ചിന്തയോടെയാണു അതൊക്കെ ഷെയർ ചെയ്യപ്പെടുന്നത്‌. പ്രത്യേകിച്ച്‌, നമ്മൾ മലയാളികൾ. പാശ്ചാത്യ രാജ്യത്താണു ജീവിക്കുന്നതെങ്കിലും നടന്നു പോകുന്ന നിരത്തിൽ ഒരു പൂച്ച കുറുകെ ഓടിപ്പോയാലും ആശങ്കാകുലരാകുന്ന വീരശൂര പരാക്രമികളും, ലണ്ടനിലെ വലിയ ബംഗ്ലാവിൽ വാസ്തുപുരുഷന്റെ കിടപ്പ്‌ എവിടെയാണെന്ന് പരിശോധിക്കുന്ന ഷെർലക്‌ ഹോംസുമാരും, കിടക്കുമ്പോൾ തല തെക്കോട്ടാണോ വടക്കോട്ടാണോ എന്നറിയാൻ ഫോണിലെ ദിശാസൂചിക തപ്പുന്ന പ്രാണിക്‌ ഹീലർമാരും നമ്മുക്ക്‌ ചുറ്റുമുണ്ട്‌..

അറിവ്‌ നേടേണ്ടത്‌, അതാത്‌ വിഷയങ്ങളിൽ പ്രഗൽഭരായിട്ടുള്ളവരുടെ പക്കൽ നിന്നും തന്നെയാണു. അവരുടെ പ്രഭാഷണങ്ങൾ ശ്രവിക്കുന്നതും ഉചിതമാണു.

അത്തരത്തിൽ ചിന്തിക്കുമ്പോഴാണു യു കെ യിലെ മലയാളികൾക്കും മറ്റ്‌ ഇൻഡ്യൻ പ്രവാസികൾക്കുമായ്‌ യു കെ യിലെ യുണൈറ്റഡ്‌ റാഷണലിസ്റ്റ്‌സ്‌ ഓഫ്‌ യു കെ സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ ശ്രദ്ധയാകർഷിക്കുന്നതു.

യു കെ യിലെ പ്രവാസി മലയാളികൾക്കും മറ്റ്‌ ഇൻഡ്യൻ പ്രവാസികൾക്കുമായ്‌ ശാസ്ത്രാവബോധം, സ്വതന്ത്ര ചിന്ത, യുക്തിചിന്ത , മാനവീയത എന്നീ ആശയങ്ങൾ പ്രചരിപ്പിക്കുവാനായ്‌ രൂപീകരിച്ച സംഘടനയാണു യു ആർ യു കെ. ( യുണൈറ്റഡ്‌ റാഷണലിസ്റ്റ്സ്‌ ഓഫ്‌ യു കെ.)

സംഘടനയുടെ യുടെ ഒന്നാം വാർഷികത്തോട്‌ അനുബന്ധിച്ച്‌ 2019 മെയ്‌ 18 ശനിയാഴ്ച , നടത്തപ്പെടുന്ന ഈ അറിവിന്റെ ഉത്സവത്തിൽ വിവിധ വിഷയങ്ങളിൽ പ്രഗൽഭരായിട്ടുള്ള ഒൻപത്‌ പ്രഭാഷകർ പങ്കെടുക്കുന്നു. യു കെ യിലെ നിത്യജീവിതത്തിൽ നാം അഭിമുഖീകരിക്കേണ്ടി വരുന്ന പല പ്രശ്നങ്ങളെ കുറിച്ചും ആരോഗ്യ സംബന്ധമായതും കുട്ടികളുടെ വിദ്യാഭ്യാസ വിഷയങ്ങളെ കുറിച്ചും ഒക്കെ ഈ ഏകദിന സെമിനാറിൽ പ്രഭാഷകർ സംസാരിക്കുന്നുണ്ട്‌. കൂടാതെ കുട്ടികൾക്കായ്‌ സയൻസ്‌ അധിഷ്ഠിത വീഡിയോ മൽസരവും സംഘടിപ്പിച്ചിട്ടുണ്ട്‌.

വരൂ..ഈ വിഞ്ജാനോൽസവത്തിൽ പങ്കെടുക്കൂ.

നമ്മുടെ അറിവിന്റെ ചക്രവാളങ്ങൾ വികസിക്കപ്പെടട്ടെ.

Make the Cut: ശാസ്ത്ര വീഡിയോ മത്സരം – Sample Videos: http://tinyurl.com/MakeTheCut-URUK

രജിസ്ട്രേഷൻ ലിങ്ക്: https://uruk2019.eventbrite.co.uk

URUK ഫേസ്ബുക്ക് പേജ് https://www.facebook.com/unitedrationalistsofuk

CLICK TO FOLLOW UKMALAYALEE.COM