പേളി മാണിയുടെ വിവാഹം കൗദാശികമല്ലെന്ന് ഒരു വൈദികന്‍; സഭയുടെ അനുമതിയോടെയാണ് വിവാഹം നടന്നതെന്ന് ജാഗ്രതാ സമിതി – UKMALAYALEE

പേളി മാണിയുടെ വിവാഹം കൗദാശികമല്ലെന്ന് ഒരു വൈദികന്‍; സഭയുടെ അനുമതിയോടെയാണ് വിവാഹം നടന്നതെന്ന് ജാഗ്രതാ സമിതി

Tuesday 7 May 2019 9:58 AM UTC

കോട്ടയം May 7: കത്തോലിക്കാ വിശ്വാസിയും അവതാരകയുമായ പേളി മാണിയും അക്രൈസ്തവനായ ശ്രീനിഷും തമ്മിലുള്ള വിവാഹമാണ് കത്തോലിക്കാ സഭയെ ഇപ്പോള്‍ ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് തോന്നിപ്പിക്കുന്ന പോസ്റ്റുകളാണ് ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിക്കുന്നത്.

മാനന്തവാടി രൂപതാംഗമായ ഫാ.നോബിള്‍ തോമസ് പാറയ്ക്കല്‍ എന്ന വൈദികനാണ് ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഇവരുടെ കല്യാണത്തിന്റെ പേരില്‍ സഭയെ ചില ക്രിസ്ത്യന്‍ ഗ്രൂപ്പുകളില്‍ വന്ന ട്രോളാണ് ഇത്തരമൊരു പോസ്റ്റ് എഴുതാന്‍ പ്രേരിപ്പിച്ചതെന്ന മുഖവുരയോടെയാണ് ഫാ.നോബിള്‍ തന്റെ നിലപാട് എഴുതുന്നത്.

അതേസമയം, സീറോ മലബാര്‍ സഭാ വിശ്വാസിയായ പേളി മാണിയുടെ വിവാഹം നടന്നത് സഭാ നിയമപ്രകാരവും അവര്‍ ഇരുവരുടേയും സമ്മതപ്രകാരവുമാണെന്ന് എറണാകുളം-അങ്കമാലി അതിരൂപത ജാഗ്രത സമിതി ജാഗ്രതാ സമിതി കണ്‍വീനര്‍ ഫാ.ഡോ.പോള്‍ കരേടന്‍ വ്യക്തമാക്കി.

എന്നാല്‍ സഭയില്‍ ഇതാദ്യമായല്ല മിശ്രവിവാഹം നടക്കുന്നതെന്നും കേരളത്തില്‍ കഴിഞ്ഞ 20 നൂറ്റാണ്ടുകളായി മിശ്ര വിവാഹങ്ങള്‍ നടക്കുന്നുണ്ടാകണമെന്ന് സീറോ മലബാര്‍ സഭ വിശ്വാസിയും ‘ന്യൂസ്എന്‍ഇന്ത്യ’ ഓണ്‍ലൈന്‍ ഉടമയുമായ സിറിയക് സെബാസ്റ്റിയന്‍ പ്രതികരിക്കുന്നു.

ക്രൈസ്തവ പാരമ്പര്യം പരിശോധിച്ചാല്‍ പഴയനിയമത്തിലും പുതിയ നിയമത്തിലും മിശ്ര വിവാഹിതരായ നിരവധി ദമ്പതികളെ കാണാം. പുതിയ നിയമത്തില്‍ ഇത്തരത്തില്‍ എടുത്തുപറയാവുന്ന വ്യക്തിത്വമാണ് മോണിക്ക പുണ്യവതിയുടെത്.

പൗരാണിക യൂഹദ സമൂഹത്തിലും വിവാഹമുണ്ട്. വിവാഹമോചനവുമുണ്ട്. ഹിന്ദുവായാലും മുസല്‍മാനായാലും ബൗദ്ധനായാലും ജൈനന്‍ ആയാലും അവിടെയെല്ലാം വിവാഹവും വിവാഹമോചനവുമുണ്ട്. കേരള ക്രൈസ്തവ സമൂഹം ലോകമെമ്പാടും ചിതറിക്കടക്കുന്ന ഒരു സമൂഹമാണിപ്പോള്‍.

മിശ്രവിവാഹങ്ങള്‍ക്ക് മുമ്പത്തേക്കാള്‍ സാധ്യതകള്‍ വര്‍ദ്ധിക്കുന്നു. ടെലിവിഷനിലൂടെ ഒരു പേളി മാണി സെലിബിറ്റി ആയതുകൊണ്ട് നാം അവളെയറിയുന്നു. അവളുടെ വിവാഹം അമലപോളിന്റെ വിവാഹം ഒക്കെ നാം നല്ലതുപറഞ്ഞും പുലഭ്യം പറഞ്ഞും ആഘോഷിക്കുന്നുണ്ട്.

അറിയപ്പെടാത്ത പേളി മാണിമാര്‍ ഒത്തിരി നമുക്കിടിയിലുണ്ട്. വിവാഹവും നടക്കുന്നുണ്ട്. ഒരു പ്രശ്‌നവും കൂടാതെ ജീവിച്ചുമരിച്ചുപോകുന്നുമുണ്ട്. അവരുടെ മക്കളും നമ്മുക്കിടെയിലുണ്ട്.

സെലിബ്രിറ്റി വിവാഹങ്ങള്‍ വിവാഹമോചനത്തില്‍ അവസാനിക്കുന്നുവെന്ന് ചിലര്‍ എഴുതിക്കണ്ടു. എറണാകുളത്തേയും ഏറ്റുമാനൂരിലേയും തിരുവല്ലയിലെയും കുടുംബക്കോടതികളില്‍ ഒന്നുപോകുക. വിവാഹമോചനക്കേസുകള്‍ സെലിബ്രിറ്റിളുടെത് മാത്രമാണോ എന്ന് പരിശോധിക്കാനും സിറിയക് സെബാസ്റ്റിയന്‍ പറഞ്ഞുവയ്ക്കുന്നു.

ഫാ.പോള്‍ കരേടന്‍, ഫാ.നോബിള്‍, സിറിയക് സെബാസ്റ്റിയന്‍ മൂന്നു പേരുടെയും പോസ്റ്റുകളിലൂടെ:

“പേളി മാണിയുടേത് കൗദാശികവിവാഹമല്ല”

മിനിസ്ക്രീനിലെ താരമായ പേളി മാണിയും അക്രൈസ്തവനായ ശ്രീനിഷും തമ്മിലുള്ള വിവാഹം സീറോ മലബാര്‍ സഭയുടെ ദേവാലയത്തില്‍ ആശീര്‍വ്വദിക്കപ്പെട്ടതിനെ തുടര്‍ന്ന് വ്യാപകമായ ചര്‍ച്ചകള്‍ സാമൂഹ്യമാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണല്ലോ.

സാധാരണപോലെ തന്നെ കാര്യത്തെപ്പറ്റി വലിയ അറിവൊന്നുമില്ലാത്ത ചിലരുടെ തട്ടുപൊളിപ്പന്‍ അടിക്കുറിപ്പുകളോടെ ചൂടുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുന്നു.

ക്രിസ്ത്യന്‍ ട്രോള്‍സ് തുടങ്ങിവച്ച ട്രോള്‍ പലരും ഏറ്റുപിടിച്ച് വളരെ അക്രൈസ്തവമായ രീതിയില്‍ യാഥാര്‍ത്ഥ്യങ്ങളറിയാതെ ആരോടൊക്കെയോ ഉള്ള കലിപ്പ് തീര്‍ത്തുകൊണ്ടിരിക്കുന്നു. ചില ആരോപണങ്ങള്‍ ഇതാണ്:

– കാശുനല്കിയാല്‍ ഏതുതരം കല്യാണവും പള്ളിയില്‍ വച്ച് നടത്തും. സന്പന്നര്‍ക്ക് മാത്രമുള്ളതാണ് ഈ ആനുകൂല്യം (അവശ്യസന്ദര്‍ഭങ്ങളില്‍ ഈ ആനുകൂല്യം രൂപതാമെത്രാന്‍ ആര്‍ക്കും നല്കും)

– പാവപ്പെട്ടവന് എന്നും സഭാനിയമം അനുസരിക്കണം –

സെലിബ്രിറ്റികള്‍ക്ക് അതിന്‍റെ ആവശ്യമില്ല. അവിടെ സഭ നിയമം നോക്കില്ല (ഇപ്പോള്‍ പരാമര്‍ശിക്കപ്പെടുന്ന കേസിലും കൃത്യം സഭാനിയമമനുസരിച്ച് തന്നെയാണ് വിവാഹം നടന്നിട്ടുള്ളത് – താഴോട്ട് വായിക്കുക)

– ക്രൈസ്തവ ദേവാലയങ്ങളില്‍ ഇത്തരം അശ്ലീലം നടത്താന്‍ പാടുള്ളതല്ല (മതാന്തരവിവാഹം സഭാനിയമപ്രകാരം നിര്‍വ്വചിക്കപ്പെട്ടിട്ടുള്ളത് തന്നെയാണ് – അതിന് അതിന്‍റേതായ നടപടിക്രമങ്ങളുണ്ട് – അത് അശ്ലീലമല്ല).

പശ്ചാത്തലം ഇത്രയും വിശദീകരിച്ച് കാര്യത്തിലേക്ക് കടക്കട്ടെ. ക്രൈസ്തവവിവാഹം എന്നതും അതു സംബന്ധമായ സഭാനിയമങ്ങളും വ്യക്തമായി മനസ്സിലാക്കാത്തതിനാലാണ് ഇത്തരം തരംതാണം ആരോപണങ്ങളിലേക്ക് ട്രോള്‍ പേജുകളും നാമമാത്ര സഭാസ്നേഹികളും വീണുപോകുന്നത്.

മൂന്ന് രീതിയില്‍ കത്തോലിക്കാസഭയില്‍ നടത്തപ്പെടുന്ന വിവാഹങ്ങളെ മനസ്സിലാക്കാന്‍ സാധിക്കും.

1. രണ്ട് കത്തോലിക്കര്‍ തമ്മിലുള്ള വിവാഹം – മാമ്മോദീസ സ്വീകരിച്ച രണ്ട് കത്തോലിക്കര്‍ തമ്മില്‍ നിയമാനുസൃതം നടത്തപ്പെടുന്ന ഈ വിവാഹം ഒരു കൂദാശയാണ് (Sacrament). കേരളത്തില്‍ ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര സഭാഗംങ്ങള്‍ തമ്മില്‍ത്തമ്മില്‍ നടത്തപ്പെടുന്ന ഏതു വിവാഹവും ഇത്തരത്തില്‍ കൗദാശികമാണ്.

ഇതില്‍ ഏതു റീത്തിലുള്ള ആള്‍ക്കും മറ്റൊരു റീത്തിലൊരാളെ ജീവിതപങ്കാളിയായി നിയമാനുസൃതം സ്വീകരിക്കാവുന്നതാണ്. അതില്‍ നിയമവിരുദ്ധമായി യാതൊന്നുമില്ല. എങ്കിലും സ്വന്തം റീത്തില്‍ തന്നെയുള്ളവരെ വിവാഹം കഴിക്കാന്‍ വിശ്വാസികള്‍ പരിശ്രമിക്കണമെന്ന് സഭ ഓര്‍മ്മിപ്പിക്കാറുണ്ട്.

2. മിശ്രവിവാഹം (Mixed Marriage) – കത്തോലിക്കരും മാമ്മോദീസാ സ്വീകരിച്ചിട്ടുള്ള അകത്തോലിക്കരും തമ്മിലുള്ള വിവാഹത്തെയാണ് മിശ്രവിവാഹമെന്ന് പറയുന്നത്. ഇപ്രകാരമുള്ള വിവാഹത്തിന് രൂപതാദ്ധ്യക്ഷന്‍റെ അനുവാദം ആവശ്യമുണ്ട്.

മിശ്രവിവാഹം ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള മാനസികഐക്യത്തെയും അവരുടെ വിശ്വാസജീവിതത്തെയും ബാധിക്കുമെന്നതിനാല്‍ അത്തരം വിവാഹങ്ങള്‍ നിരുത്സാഹപ്പെടുത്താറുണ്ട്. എങ്കിലും രൂപതാദ്ധ്യക്ഷന്‍റെ അനുവാദത്തോടെ നടത്തപ്പെടുന്ന ഇത്തരം വിവാഹങ്ങള്‍ പങ്കാളികള്‍ ഇരുവരും മാമ്മോദീസ സ്വീകരിച്ച ക്രൈസ്തവരായതിനാല്‍ കൗദാശികവിവാഹങ്ങളാണ് (Sacramental Marriages).

3. മതാന്തരവിവാഹങ്ങള്‍ (Disparity of cult Marriage) – കത്തോലിക്കരും മാമ്മോദീസാ സ്വീകരിച്ചിട്ടില്ലാത്ത ഇതരമതസ്ഥരും തമ്മിലുള്ള വിവാഹത്തിനാണ് മതാന്തരവിവാഹം എന്ന് പറയുന്നത്.

ഇപ്രകാരമുള്ള വിവാഹങ്ങള്‍ വളരെ അവശ്യസന്ദര്‍ഭങ്ങളില്‍ മാത്രമാണ് രൂപതാമെത്രാന്മാര്‍ അനുവദിക്കാറുള്ളത്. ഈ വിവാഹം കൗദാശികമല്ല (not sacramental). ഇത്തരം വിവാഹങ്ങള്‍ക്ക് അതിന്‍റേതായ നടപടിക്രമങ്ങള്‍ ഉണ്ട്. വിശുദ്ധ കുര്‍ബാനയോടു കൂടി അവ നടത്തപ്പെടാന്‍ പാടില്ല.

മേല്‍വിവരിച്ചതില്‍ നിന്നും കഴിഞ്ഞ ദിവസം നടന്ന സെലിബ്രിറ്റി വിവാഹം മതാന്തരവിവാഹമാണെന്ന് മനസ്സിലാക്കാം. എറണാകുളം അതിരൂപതാ ജാഗ്രതാസമിതിയുടെ വിശദീകരണക്കുറിപ്പിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വിവാഹങ്ങള്‍ സാധാരണ വിവാഹത്തിന്‍റെ മുഴുവന്‍ ക്രമത്തോടും വിശുദ്ധ കുര്‍ബാനയോടും കൂടിയല്ല നടത്തപ്പെടുന്നത്.

വൈദികന്‍റെ സാന്നിദ്ധ്യം, ആശീര്‍വ്വാദം, രണ്ട് സാക്ഷികള്‍, പരസ്പരമുള്ള വിവാഹസമ്മതം എന്നിവയുള്‍ക്കൊള്ളുന്ന ഒരു പ്രാര്‍ത്ഥനാകര്‍മ്മം മാത്രമാണ് മതാന്തരവിവാഹങ്ങളുടെ ആശീര്‍വ്വാദം എന്നത്.

എന്തുകൊണ്ട് സഭ മതാന്തരവിവാഹം അനുവദിക്കുന്നു?

വളരെ അവശ്യസന്ദര്‍ഭങ്ങളില്‍ മാത്രമാണ് സഭ ഇത്തരം വിവാഹങ്ങള്‍ (കൗദാശികമല്ലാത്ത വിവാഹങ്ങള്‍) അനുവദിക്കാറുള്ളത്. സഭാംഗത്തിന്‍റെ ആത്മീയജീവിതം മുന്നില്‍ക്കണ്ടുകൊണ്ടാണ് അത് അനുവദിക്കുന്നത്.

ചില പ്രത്യേകസാഹചര്യങ്ങളില്‍ മാമ്മോദീസാ സ്വീകരിക്കാത്ത ജീവിതപങ്കാളിയെ സ്വീകരിക്കേണ്ടിവരുന്ന സാഹചര്യങ്ങളുണ്ടാകുന്പോള്‍ അത് തിരുസ്സഭയുടെ അനുവാദത്തോടെ നടത്തിയാല്‍ പ്രസ്തുത വ്യക്തിക്ക് തുടര്‍ന്നും സഭാംഗമെന്ന നിലയില്‍ സഭയുടെ കൂട്ടായ്മയില്‍ നിലനില്‍ക്കുകയും കൂദാശകള്‍ സ്വീകരിക്കുകയും ചെയ്യാവുന്നതാണ് (ഇതരമതസ്ഥനാ/യായ ജീവിതപങ്കാളിക്ക് കൂദാശാസ്വീകരണം സാദ്ധ്യമല്ല).

എന്നാല്‍ അനുവാദമില്ലാതെ ഇത്തരം വിവാഹങ്ങളിലേര്‍പ്പെടുന്പോള്‍ ആ പ്രവര്‍ത്തിയാല്‍ത്തന്നെ പ്രസ്തുത വ്യക്തിക്ക് കൂദാശകള്‍ (കുര്‍ബാന, കുന്പസാരം) സ്വീകരിക്കാനുള്ള അവകാശം നഷ്ടപ്പെടുന്നു.

പ്രത്യേകസന്ദര്‍ഭങ്ങളില്‍ ഇതരമതസ്ഥരെ വിവാഹം ചെയ്യേണ്ടി വരുന്നതിലൂടെ സഭാംഗത്തിന് കൂദാശാസ്വീകരണത്തിനുള്ള അവകാശം നഷ്ടപ്പെടരുതെന്ന അജപാലനപരമായ കാരണമാണ് മതാന്തരവിവാഹം വളരെ കര്‍ശനമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ അനുവദിക്കുന്നത്.

എന്തൊക്കെയാണ് വ്യവസ്ഥകള്‍?

1. കത്തോലിക്കാവിശ്വാസി തന്‍റെ വിശ്വാസത്തിന് കോട്ടം വരുത്തിയേക്കാവുന്ന സാഹചര്യങ്ങളെ ഒഴിവാക്കാന്‍ തയ്യാറാണെന്ന് പ്രതിജ്ഞ ചെയ്യണം. സന്താനങ്ങളെ കത്തോലിക്കാസഭയില്‍ മാമ്മോദീസായും ശിക്ഷണവും നല്കി വളര്‍ത്താന്‍ ശ്രമിക്കുമെന്ന് ആത്മാര്‍ത്ഥതയോടെ വാഗ്ദാനം ചെയ്യണം.

2. കത്തോലിക്കാവിശ്വാസി ചെയ്യേണ്ടതായ വാഗ്ദാനങ്ങളെയും അതുവഴിയുണ്ടാകുന്ന കടമകളെയും കുറിച്ച് മറുഭാഗം പങ്കാളി വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.

3. വിവാഹത്തിന്‍റെ ഉദ്ദേശലക്ഷ്യങ്ങളെയും ഗുണലക്ഷണങ്ങളെയും കുറിച്ച് ഇരുവരെയും ധരിപ്പിക്കണം.

4. മതപരമായ മറ്റ് വിവാഹആചാരങ്ങള്‍ നടത്തുകയില്ല എന്ന് വാഗ്ദാനം ചെയ്യണം

5. ഈ വ്യവസ്ഥകള്‍ രേഖാമൂലം നല്കേണ്ടവയാണ്. എന്തുകൊണ്ട് ഇപ്രകാരമൊരു വിവാഹം കഴിക്കുന്നുവെന്നതിന്‍റെ കാര്യകാരണങ്ങള്‍ സഹിതം രൂപതാദ്ധ്യക്ഷന് സമര്‍പ്പിക്കുന്ന അപേക്ഷയില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒപ്പിടേണ്ടതാണ്. മറുഭാഗം പങ്കാളിയും കാര്യങ്ങള്‍ വായിച്ചു മനസ്സിലാക്കി ഒപ്പുവെക്കുന്നത് കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമാണ്.

(ഈ വ്യവസ്ഥകളുടെ മേലാണ് മതാന്തരവിവാഹങ്ങള്‍ക്ക് സഭ അനുമതി നല്കുന്നതെങ്കിലും ചിലര്‍ ദേവാലയത്തിലെ വിവാഹശേഷം മറ്റ് ആചാരപ്രകാരവും വിവാഹം നടത്തുന്നതായി കാണാറുണ്ട്. ഇപ്രകാരം വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അതിനാല്‍ത്തന്നെ ആ വ്യക്തി കത്തോലിക്കാസഭയുടെ കൂട്ടായ്മയില്‍ നിന്ന് പുറത്താവുകയും വിശുദ്ധ കുര്‍ബാന, കുന്പസാരം എന്നീ കൂദാശകള്‍ സ്വീകരിക്കാന്‍ അയോഗ്യ/നാവുകയും ചെയ്യുന്നു. ഇപ്പോള്‍ ചര്‍ച്ചയിലിരിക്കുന്ന കേസിലും ഈ സാഹചര്യം സംജാതമാകാനുള്ള സാദ്ധ്യതയുണ്ട്).

ഇത്തരം വിവാഹങ്ങള്‍ എല്ലായ്പോഴും കൗദാശികമല്ലാത്തതായിരിക്കുമോ?

കത്തോലിക്കാവിവാഹം കൗദാശികമാകണമെങ്കില്‍ ദന്പതികളിരുവരും മാമ്മോദീസ സ്വീകരിച്ചവരായിരിക്കേണ്ടതുണ്ട് (കത്തോലിക്കാസഭയിലോ ഏതെങ്കിലും ക്രൈസ്തവസഭയിലോ). അങ്ങനെയല്ലാത്ത പക്ഷം സഭാവിശ്വാസപ്രകാരം വിവാഹം കൗദാശികമാവുകയില്ല.

എന്നാല്‍ ഏതെങ്കിലും കാലത്ത് അക്രൈസ്തവനാ/യായ ജീവിതപങ്കാളി മാമ്മോദീസ സ്വീകരിക്കുകയാണെങ്കില്‍ അപ്പോള്‍ മുതല്‍ അവരുടെ വിവാഹവും കൗദാശികമായി കണക്കാക്കപ്പെടും. വിവാഹമെന്ന കൂദാശ പിന്നീട് സ്വീകരിക്കേണ്ടതില്ല.

പണം കൊടുത്താല്‍ സഭാനിയമത്തില്‍ നിന്ന് ഒഴിവു കിട്ടുമോ?

തികച്ചും വ്യാപകമായ ഒരു തെറ്റിദ്ധാരണയാണ് മഞ്ഞപ്പത്രങ്ങളും പേജുകളും ഈ വിഷയത്തില്‍ പരത്തുന്നത്. കത്തോലിക്കന് ഇതരക്രൈസ്തവസഭകളില്‍ നിന്നും ഇതരമതങ്ങളില്‍ നിന്നും വിവാഹം കഴിക്കേണ്ട സാഹചര്യം വരുന്പോള്‍ എപ്രകാരമാണ് അത് കൈകാര്യം ചെയ്യേണ്ടതെന്ന് ഹ്രസ്വമായി മുകളില്‍ വിവരിച്ചിട്ടുണ്ട്.

നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്താല്‍ പണക്കാരനായാലും പാവപ്പെട്ടവനായാലും രൂപതാദ്ധ്യക്ഷന്‍റെ അനുവാദത്തോടു കൂടി ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാവുന്നതാണ്. തിരുസ്സഭ ഇത്തരം വിവാഹങ്ങളെ -പ്രത്യേകിച്ച് മതാന്തരവിവാഹത്തെ – നിരുത്സാഹപ്പെടുത്തുന്നുവെങ്കിലും ആത്മാക്കളുടെ രക്ഷയെപ്രതി നല്കുന്ന അനുവാദങ്ങള്‍ (നിയമത്തില്‍ നിന്നുള്ള ഒഴിവുകള്‍) ദുരുപയോഗം ചെയ്യാനോ പണംകൊടുത്ത് വാങ്ങാനോ സാധിക്കുകയില്ല.

ഇത്തരം അപേക്ഷകള്‍ രൂപതാദ്ധ്യക്ഷന് നല്കുന്നതിനും അനുവാദം കരസ്ഥമാക്കുന്നതിനും യാതൊരുവിധ സാന്പത്തികച്ചിലവുകളുമില്ല (അപേക്ഷാപത്രത്തിന്‍റെ തുച്ഛമായ തുകയൊഴികെ).

സെലിബ്രിറ്റികള്‍ക്ക് മാത്രമേ ഇത്തരം അനുവാദങ്ങള്‍ കൊടുത്തിട്ടുള്ളോ?

സെലിബ്രിറ്റികള്‍ മാത്രമല്ല സാധാരണക്കാര്‍ക്കും കൊടുത്തിട്ടുണ്ട്. എല്ലാ ഇടവകപ്പള്ളികളിലും കുറഞ്ഞത് ഒരു വിവാഹമെങ്കിലും ഇത്തരത്തില്‍ നടന്നിട്ടുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ആയതിനാല്‍ സാന്പത്തികമാണ് ഇത്തരം വിവാഹഅനുവാദങ്ങള്‍ക്ക് പിന്നിലെന്ന് പ്രചരിപ്പിക്കുന്നത് തികച്ചും ദുരുദ്ദേശപരവും തെറ്റിദ്ധാരണാജനകവുമാണ്.

ഉപസംഹാരം

ഒരു കത്തോലിക്കന് ഇതരമതത്തില്‍പ്പെട്ടൊരാളെ വിവാഹം കഴിക്കാന്‍ സഭ അനുവാദം നല്കുന്നുവെന്ന് ഈപ്പറയുന്നതിന് അര്‍ത്ഥമില്ല. ഇവിടെ മനസ്സിലാക്കേണ്ടത് സഭാനിയമപ്രകാരം കത്തോലിക്കര്‍ തമ്മിലും മെത്രാന്‍റെ അനുവാദത്തോടെ ആവശ്യസന്ദര്‍ഭങ്ങളില്‍ മറ്റ് ക്രൈസ്തവസഭാംഗങ്ങളുമായും വിവാഹം നിയമപരമാണ്, സാധുവാണ്, കൗദാശികമാണ് (legal, valid and sacramental).

എന്നാല്‍ ഇതരമതസ്ഥരുമായുള്ള വിവാഹം നിയമപ്രകാരം അനുവദനീയമല്ലാത്തതിനാല്‍ അത്തരം വിവാഹങ്ങള്‍ കത്തോലിക്കാവിശ്വാസപ്രകാരം അസാധുവാണ് (invalid). മെത്രാന്‍റെ അനുവാദം വാങ്ങി, മേല്‍പ്പറഞ്ഞ വ്യവസ്ഥകളോടെ ദേവാലയത്തില്‍ വച്ച് ഈ വിവാഹകര്‍മ്മ നടത്തുകയാണെങ്കില്‍ ആ വിവാഹം സാധുവായിരിക്കും പക്ഷേ, കൗദാശികമായിരിക്കുകയില്ല (valid but non-sacramental).

(പൗരസ്ത്യസഭകളുടെ കാനന്‍ നിയമവും സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമവും മാനന്തവാടി രൂപതയുടെ നിയമാവലിയും അവലംബിച്ചാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്)

-Noble Thomas Parackal

‘പേളിയുടെ വിവാഹം നടന്നത് സഭാ നിയമപ്രകാരവും അവര്‍ ഇരുവരുടെയും സമ്മതപ്രകരവുമാണ്.

അവള്‍ക്കു സഭയില്‍ നില്‍ക്കണമെന്നും, കുഞ്ഞുങ്ങളെ ക്രിസ്തവ വിശ്വാസത്തില്‍ വളര്‍ത്താന്‍ സമ്മതമാണെന്നും, മറ്റു മതാചാരപ്രകാരം വിവാഹംനടത്തില്ലെന്നും എഴുതികൊടുത്തതിന് ശേഷം അവര്‍ക്കു (disparity of cult) കൊടുത്ത അനുവാദപ്രകാരമാണ് വിവാഹം നടന്നത്.

ഒരു സഭാംഗം ക്രിസ്തുസ്‌നേഹത്തില്‍ നിന്നും നാം തിരിച്ചറിഞ്ഞ സത്യ ദൈവവിശ്വാസത്തില്‍ നിന്നും അകന്നു പോകതിരിക്കാന്‍ സഭ കാണിക്കുന്ന കാരുണ്യത്തിന്റെ നടപടിയാണിത്. അവശ്യസമയത്തു ഏതൊരു വിശ്വാസിക്കും ലഭിക്കുന്ന അനുകുല്യമാണിത്. തെറ്റിധാരണകള്‍ പ്രചരിപ്പിക്കല്ലേ’-എറണാകുളം-അങ്കമാലി അതിരൂപത ജാഗ്രത സമിതി കണ്‍വീനര്‍ ഫാ.കരേടന്‍ പറയുന്നു.

പേളിമാണിയുടെ വിവാഹം വലിയ സഭാവിഷയമാക്കി ഉയര്‍ത്തുന്നവര്‍ക്കെതിരെയാണ് സിറിയക് സെബാസ്റ്റ്യന്റെ മറുപടി. അതിങ്ങനെയാണ്.

സെലിബ്രിറ്റി വിവാഹങ്ങൾ ഉയർത്തുന്ന പൊല്ലാപ്പ്

പേളി മാണിയെന്ന സ്വൽപ്പം പ്രസിദ്ധയായ ഒരു ക്രിസ്ത്യാനി സ്ത്രീയുടെ (18 വയസിനു മുകളിലുള്ളവ female gender ലുള്ളവരെ സ്ത്രീകൾ എന്നും 21 വയസിനു മുകളിൽ ഉള്ള male gender ൽ ഉള്ളവരെ പുരുഷന്മാർ ( എന്നുമാണ് രാഷ്ട്രം അഭിസംബോധന ചെയ്യുന്നത് ) വിവാഹമാണ് ഇപ്പോൾ ക്രിസ്‌തീയ ഗ്രൂപ്പുകളിലെ ചർച്ചാ വിഷയം .

കേരളത്തിൽ കഴിഞ്ഞ 20 നൂറ്റാണ്ടുകളായി മിശ്ര വിവാഹങ്ങൾ നടക്കുന്നുണ്ടാകണം .

യഹൂദ മതത്തിന്റെ extension ആയി ക്രിസ്തുമതത്തെ പ്രൊജക്റ്റ് ചെയ്യാനാണ് ക്രൈസ്‌തവ പുരോഹിത ബ്രഹ്മണ്യത്തിന് താത്പര്യം .അതുകൊണ്ടു മാത്രം സ്വൽപ്പം പഴയനിയമവും പറയാം .

പലനൂറ്റാണ്ടുകളും പ്രവാസികളായി ജീവിച്ചവരാണ് യഹൂദർ .സാംസൺ എന്ന മല്ലൻ ദലീല എന്ന ഫിലിസ്തീനി സ്ത്രീയെ വിവാഹം കഴിക്കുന്ന സംഭവം പഴയനിയമത്തിലെ ഏതാനും അദ്ധ്യായങ്ങൾ എടുത്തു പറയുന്ന സംഭവം / കഥയാണ് .

സമൂഹം പുതിയ നിയമകാലത്തിലേക്ക് വരുമ്പോൾ മിശ്ര വിവാഹിതരായ പല ദമ്പതിമാരെ കാണാം .അതിൽ എടുത്തു പറയാവുന്ന വ്യക്തിത്വമാണ് മോണിക്ക പുണ്യവതി.

ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു എന്നാണ് ബൈബിൾ പറയുന്നത് .ഇപ്പോൾ നമുക്കറിയാം സ്ത്രീയും പുരുഷനും മാത്രമല്ല ഒരു മൂന്നാം ലിംഗവും ഉണ്ടെന്ന സത്യം.

സ്ത്രീപുരുഷ ബന്ധത്തിന്റെ അടിസ്ഥാനമായ ലൈംഗിക ബന്ധത്തിന് സമൂഹം നൽകുന്ന ലൈസൻസ് ആയാണ്, അതായത് ഭാര്യക്കും ഭർത്താവിനും ലൈംഗിക ബന്ധത്തിലേർപ്പെടാനും അതിലുണ്ടാകുന്ന മക്കളെ വളർത്താനുമുള്ള ലൈസൻസ് സമൂഹം നൽകുന്നതാണ് വിവാഹം അഥവാ marriage .ക്രിസ്‌തീയ സമൂഹം അതിന് കൂദാശ എന്ന ഓമനപ്പേരു നൽകി വിളിക്കുന്നു .

പൗരാണിക യഹൂദസമൂഹത്തിലും വിവാഹമുണ്ട് ,വിവാഹമോചനവുമുണ്ട് .

ഹിന്ദുവായാലും മുസൽമാനായാലും ബൗദ്ധനായാലും ജൈനൻ ആയാലും അവിടെയെല്ലാം വിവാഹവുമുണ്ട് ,വിവാഹമോചനവുമുണ്ട് .നാസ്തികർക്കും ഇതു രണ്ടുമുണ്ട് .അതായത് മനുഷ്യസമൂഹം അക്രമം കൂടാതെ ലൈംഗികബന്ധത്തിലേർപ്പെടാൻ നൽകുന്ന ലൈസൻസാണ് വിവാഹം.അക്രമം ഉണ്ടാകാതിരിക്കാനാണ് വിവാഹമോചനവും .

കാലാകാലങ്ങളായി ക്രൈസ്തവസഭ രൂപീകരിച്ചവയാണ് കൂദാശകൾ .ക്രൈസ്‌തവ സമൂഹം കെട്ടുറപ്പോടെ ജീവിക്കാനായി വിവാഹമെന്ന ഉടമ്പടിക്കും കൂദാശ എന്ന പേരുനൽകി.കൂദാശകൾ പരികർമ്മം ചെയ്യാൻ വൈദികന് മാത്രമാണ് അധികാരം എന്ന ഒരു തെറ്റായ പ്രചരണം ഇപ്പോഴും ക്രിസ്‌തീയപൗരോഹിത്യ ബ്രഹ്മണ്യത്വം പറഞ്ഞുപരത്തുന്നുണ്ട് .

ശിശുക്കൾക്ക് വീട്ടുകൂദാശ നൽകാൻ എല്ലാ ക്രിസ്ത്യാനിക്കും അവകാശമുണ്ട് .പ്രത്യേക സാഹചര്യത്തിൽ ആണെന്നു മാത്രം.അതുപോലെ കുമ്പസാരം കേൾക്കാനും ,രോഗീലേപനം നൽകാനും ( ആ സാഹചര്യത്തിന് മരണകരമായ സാഹചര്യമെന്ന് പൗരോഹിത്യം ഓമനപ്പേരു നൽകി വിളിക്കുന്നു ).

കേരള ക്രൈസ്‌തവ സമൂഹം ലോകമെമ്പാടും ചിതറിക്കിടക്കുന്ന Diaspora Community ആണിന്ന്.അപ്പോൾ മിശ്ര വിവാഹങ്ങൾക്ക് മുമ്പത്തേക്കാൾ സാധ്യതകൾ വർദ്ധിക്കുന്നു .ടെലിവിഷനിലൂടെ ഒരു പേളി മാണി സെലിബ്രിറ്റി ആയതുകൊണ്ട് നാം അവളെയറിയുന്നു .

അവളുടെ വിവാഹം ,അമലാ പോളിന്റെ വിവാഹം ഒക്കെ നാം നല്ലതുപറഞ്ഞും പുലഭ്യം പറഞ്ഞും ആഘോഷിക്കുന്നു.അറിയപ്പെടാത്ത പേളി മാണിമാർ ഒത്തിരി നമുക്കിടയിലുണ്ട് .വിവാഹവും നടക്കുന്നുണ്ട് .ഒരു പ്രശ്‌നവും കൂടാതെ ജീവിച്ചു മരിച്ചുപോകുന്നുമുണ്ട് .അവരുടെ മക്കളും നമുക്കിടയിലുണ്ട്.

നമ്മുക്കു ചുറ്റും ഹൈന്ദവരും മുസ്ലിങ്ങളും സർദ്ദാർജിമാരും ബുദ്ധമതക്കാരും ജൈനരും നമ്മളെപ്പോലെ തന്നെ വിവാഹജീവിതം നയിക്കുന്നു .മക്കളെ പോറ്റുന്നു,ഒരുദിവസം മൺമറയുന്നു.ഇക്കാര്യങ്ങളിൽ ക്രിസ്ത്യാനിക്കും വിശിഷ്യാ കത്തോലിക്കനും പ്രകൃതിയിൽ പ്രത്യേകത ഒന്നുമില്ല.

കത്തോലിക്കാ സമൂഹം കെട്ടുറപ്പോടെ നിൽക്കേണ്ടത് നമ്മുടെ ആവശ്യമെന്ന നിലക്ക് മിശ്രവിവാഹത്തെ നാം എതിർക്കുന്നു .നാം എത്ര എതിർത്താലും മിശ്ര വിവാഹങ്ങൾ നടക്കും.

അത് ഒരു തുടർക്കഥയായി നടന്നുകൊണ്ടേയിരിക്കും .കാരണം ദൈവം മനുഷ്യനെ സൃഷ്ടിച്ചത് പുരുഷനും സ്ത്രീയുമായാണ് ,ക്രിസ്ത്യാനിയാക്കുന്നതും ഹിന്ദുവാക്കുന്നതും മുസൽമാനാക്കുന്നതും മനുഷ്യരാണ്  ദൈവമല്ല.

അകത്തോലിക്കാ സമൂഹത്തോടുപോലും അസഹിഷ്ണുത ഉള്ളവരാണ് നാമെന്നത് സ്പഷ്ടവും ആണ് .അതുകൊണ്ടാണല്ലോ അവരുമായുള്ള വിവാഹബന്ധങ്ങളെപ്പോലും so called പുരോഹിതർ മുടന്തൻ ന്യായം പറഞ്ഞ് എതിർക്കുന്നത് .

പേളി മാണിയുടെ വിവാഹം കൗദാശികമല്ല -റോബിൻ വടക്കുംചേരിയുടെ അടിമ പടച്ചുവിട്ട ലേഖനമാണ് .അതു വെട്ടി വിഴുങ്ങാനും പ്രചരിപ്പിക്കാനും മുട്ടാടുകളും പെണ്ണാടുകളും മത്സരത്തിലാണ്.കൂട്ടിന് കാനൻ നിയമത്തിലെ ഒരു cut and paste ഉം ഉണ്ട് .ഏതു മാണിയായായാലും അവളുടെയും അവന്റെയും ആത്മാവിന്റെ,മനസാക്ഷിയുടെ സൂക്ഷിപ്പുകാർ റോബിൻ വടക്കുംചേരിയുടെ അടിമയോ നമ്മളാരുമോ അല്ല .

അവർ ഹൃദയ നൈർമ്മല്യത്തോടെ തങ്ങളുടെ വിവാഹബന്ധത്തിലുണ്ടാകുന്ന കുഞ്ഞുങ്ങളെ വളർത്തിയാൽ നമ്മളെപ്പോലെ തന്നെ അവരുടെ മക്കളെയും ദൈവം സ്വീകരിക്കും ,കാരണം ദൈവം സ്നേഹമാണ് .അവിടുത്തെ കരുണ അനന്തവും.

സെലിബ്രിറ്റി വിവാഹങ്ങൾ വിവാഹമോചനത്തിൽ അവസാനിക്കുന്നുവെന്ന് ചിലർ എഴുതിക്കണ്ടു .എറണാകുളത്തേയും ഏറ്റുമാനൂരെയും തിരുവല്ലയിലെയും കുടുംബക്കോടതികളിൽ ഒന്നു പോകുക .വിവാഹമോചനക്കേസുകൾ സെലബ്രിറ്റികളുടേത് മാത്രമാണോ എന്ന് പരിശോധിക്കുക .

നിർത്തട്ടെ -ശുഭ രാത്രി (സിറിയക്ക് സെബാസ്റ്റ്യൻ )

CLICK TO FOLLOW UKMALAYALEE.COM