കലാചേതന കഥകളി എക്സിബിഷൻ ക്രോയിഡോണിൽ സെപ്റ്റമ്പർ 16 വരെ – UKMALAYALEE

കലാചേതന കഥകളി എക്സിബിഷൻ ക്രോയിഡോണിൽ സെപ്റ്റമ്പർ 16 വരെ

Saturday 4 June 2022 9:57 AM UTC

കെ.നാരായണൻ

CROYDON June 4: കഥകളി എന്ന കേരളത്തിന്റെ നടന കലക്ക് യു കെയിലും, യൂറോപ്പിലും പേരും, പ്രശസ്ഥിയും നേടി കൊടുത്ത കലാചേതന കഥകളി സംഘത്തിന്റെ സാരഥികളായ ശ്രീമതി ബാർബറ വിജയകുമാറിന്റെയും, ശ്രീ കലാമണ്ഡലം വിജയകുമാറിന്റെയും നേതൃത്വത്തിൽ ക്രോയ്ഡോൺ മ്യൂസിയം എക്സിബിഷൻ ഹാളിൽ ഏപ്രിൽ 30 മുതൽ മെയ് 21 വരെ നടത്തിയ കഥകളി ശില്പശാലയും, പഠന ശാലയും ക്രോയ്ഡോൺ മലയാളികൾ ഉൾപ്പെടെ, കലാപ്രേമികളായ നല്ലൊരു വിഭാഗത്തിനും പ്രചോദനം ആയി മാറി.

(ഈ ഒരു പ്രോജക്ടിന്റെ ഭാഗമായി ക്രോയ്‌ഡോണിലെ വിവിധ സ്‌കൂളുകളിലും, ലൈബ്രറികളിലും കഥകളി പ്രദർശനവും, വർക്ക്‌ ഷോപ്പുകളും മാർച്ച് മാസം ഏഴാം തീയ്യതി തന്നെ തുടങ്ങിയിരുന്നു)

‘കഥ അറിയാതെ ആട്ടം കാണാൻ പാടില്ല’ എന്നൊരു പഴമൊഴി കേട്ട് വളർന്ന പലർക്കും കഥകളിയും, അതിന്റെ ചരിത്ര മാഹാത്മ്യവും തികച്ചും ലളിതമായ രീതിയിൽ മനസിലാകത്തക്ക വിധത്തിൽ ആയിരുന്നു ക്രോയ്ടോൻ ടൌൺ ഹാളിലെ പ്രദര്ശന ശാല സജ്ജമാക്കിയിരുന്നത്.

നമ്മുടെ തനതു കലയായ കഥകളിയെ ഒരു പക്ഷെ നമ്മളെക്കാളേറെ ഹൃദയത്തിൽ ഏറ്റിയ ശ്രീമതി ബാർബറ വിജയകുമാറിന്റെ അക്ഷീണ പ്രയത്നം ആയിരുന്നു ക്രോയിഡോണിൽ നടന്ന കഥകളി ശില്പശാല.

ജന്മംകൊണ്ട് മലയാളി അല്ലങ്കിൽ കൂടിയും, കഥകളിയെ കുറിച്ച് മലയാളത്തിൽ സംവദിക്കുന്ന ബാര്ബറയുടെ കഴിവിനെ നമുക്ക് പ്രശംസിക്കാതെ വയ്യ.

രണ്ട് വർഷം മുൻപ് ഇവിടെ നടത്താൻ തീരുമാനിച്ചിരുന്നതും, എന്നാൽ കോവിട് മഹാമാരിമൂലം മാറ്റി വക്കപ്പെട്ട പ്രോജക്ടിന്റെ സാക്ഷാത്കാരമായിരുന്നു ഇത്. പ്രോജക്ടിന്റെ ഭാഗമായി
ഇരുപതോളം കഥകളി അവതരണം, മൂന്ന് എക്സിബിഷനുകൾ എന്നിങ്ങനെ കഥകളി എന്ന മഹത്തായ കലാരൂപത്തിന്റെ ഉന്നമനത്തിനായി യു.കെയിൽ പ്രവർത്തിക്കുന്ന കലാചേതന കഥകളി സംഘത്തിന്റെ അക്ഷീണ പ്രയത്നങ്ങൾ വിലമതിക്കാൻ ആകാത്തതാണ്.

വേദിയിൽ കഥകളി മാത്രമേ നമ്മൾ കാണാറുള്ളു. എന്നാൽ അതല്ല, അതിന്റെ പിന്നിൽ വലിയ ഒരു ലോകമുണ്ട്.അ ലോകം ആണ് ഈ എക്സിബിഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്. അതിന്റെ പിന്നിൽ വലിയ ഒരു സംസ്‌കാരമുണ്ട് , ആ സംസ്ക്കാരം കേരള സംസ്ക്കാരം ആണ്, നമ്മുടെ ജീവിത രീതിയാണ്, അമ്പലങ്ങളിലെ പൂരങ്ങളും, പഞ്ചാവ്ദ്യവും, കേളി കൊട്ടും, എല്ലാം ഇതിന്റെ ഭാഗമാണ് .

(സെപ്റ്റമ്പർ 16 വരെ ചൊവ്വയും, വ്യാഴവും ദിവസങ്ങളിൽ തുടരുന്ന ഈ എക്സിബിഷൻ കാണുക, നമ്മുടെ കലാ പൈതൃകത്തെ വരും തലമുറകളിലേക്ക് പകരുക,വളർത്തുക)

Click to Know More Details

CLICK TO FOLLOW UKMALAYALEE.COM