• February 18, 2024

നിയമം കടുപ്പിച്ചു യുകെ, സ്വപ്‌നം ഉപേക്ഷിച്ച് വിദ്യാർത്ഥികൾ

നിയമം കടുപ്പിച്ചു യുകെ, സ്വപ്‌നം ഉപേക്ഷിച്ച് വിദ്യാർത്ഥികൾ

ലണ്ടൻ Feb 18: പുതിയ വിസ നിയമം വന്നതിന് പിന്നാലെ ബ്രിട്ടീഷ് സർവകലാശാലകളിലേക്ക് പഠനത്തിനായി അപേക്ഷകൾ അയക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ്.

യൂണിവേഴ്സിറ്റീസ് ആൻഡ് കോളേജസ് അഡ്മിഷൻ സർവീസിന്റെ (യുസിഎഎസ്) അടുത്തിടെ പുറത്തിറക്കിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആകെ അന്താരാഷ്ട്ര ആപ്ലിക്കേഷനുകളുടെ എണ്ണം 0.7 ശതമാനം ഉയർന്നിട്ടുണ്ട്.

എന്നാൽ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലേക്ക് ഇന്ത്യയിൽ നിന്നുള്ള അപേക്ഷകരുടെ എണ്ണത്തിൽ നാല് ശതമാനമാണ് കുറവ് ഉണ്ടായത്. നെെജീരിയയിൽ നിന്നുള്ള അപേക്ഷയിലും കുറവ് വന്നിട്ടുണ്ടെന്ന് കണക്കുകളിൽ നിന്ന് വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ ബിരുദ പഠനത്തിനായുള്ള നെെജീരിയൻ വിദ്യാ‌ർത്ഥികളുടെ അപേക്ഷകൾ 46 ശതമാനം കുറഞ്ഞ് 1,590 ആയി. അതേസമയം ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകള്‍ നാല് ശതമാനം കുറഞ്ഞ് 8,770 ആയി. ബിരുദാനന്തര ബിരുദ ഗവേഷണ വിദ്യാർത്ഥികൾ ഒഴികെയുള്ളവർക്ക് യുകെയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നത് വിലക്കുന്ന നിയമം ജനുവരിയിൽ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ നിന്നുള്ള അപേക്ഷകരുടെ എണ്ണത്തിൽ കുറവ് വന്നത്. രാജ്യത്തേക്കുള്ള കുടിയേറ്റം കുറയ്‌ക്കുന്നതിന് വേണ്ടിയായിരുന്നു നടപടി.

2022ൽ മാത്രം 7,45,000പേരാണ് യുകെയിലേയ്‌ക്ക് കുടിയേറിയത്. ഇതിനാലാണ് തിരഞ്ഞെടുപ്പ് വർഷത്തിന് മുമ്പ് സർക്കാരിന്റെ ശക്തമായ നടപടി. സ്റ്റുഡന്റ് വിസയിൽ ഉള്ളവർക്ക് ആശ്രിത വിസയും പോസ്റ്റ് സ്റ്റഡി വർക്ക് വിസയും ലഭിക്കാനുള്ള മാനദണ്ഡങ്ങൾ നേരത്തേ സർക്കാർ കർശനമാക്കിയിരുന്നു. ഇതും വിദ്യാർത്ഥികളുടെ എണ്ണത്തിലെ ഇടിവിന് കാരണമായി.