• March 16, 2024

എം 25 മോട്ടോര്‍വേ തിങ്കളാഴ്ച രാവിലെ വരെ അടച്ചു; ഹീത്രൂ, ഗാറ്റ്‌വിക്ക് വിമാനത്താവളങ്ങളിലേക്ക് പോകേണ്ടവര്‍ ട്രെയിന്‍ ഉപയോഗിക്കുക

എം 25 മോട്ടോര്‍വേ തിങ്കളാഴ്ച രാവിലെ വരെ അടച്ചു; ഹീത്രൂ, ഗാറ്റ്‌വിക്ക് വിമാനത്താവളങ്ങളിലേക്ക് പോകേണ്ടവര്‍ ട്രെയിന്‍ ഉപയോഗിക്കുക

ലണ്ടൻ മാർച്ച് 16: ലണ്ടനിലെ പ്രധാന മോട്ടോര്‍വേ ആയ എം 25 വെള്ളിയാഴ്ച അടച്ചു. ഈ വാരാന്ത്യം മുഴുവന്‍ പൂര്‍ണമായി അടഞ്ഞു കിടക്കുന്ന എം 25 ഇനി തിങ്കളാഴ്ച രാവിലെ മാത്രമെ തുറക്കുകയുള്ളു. അതോടെ ഹീത്രൂ, ഗാറ്റ്‌വിക്ക് വിമാനത്താവളങ്ങളിലേക്ക് പോകേണ്ട ആയിരക്കണക്കിന് യാത്രക്കാര്‍ ട്രെയിന്‍ ഉപയോഗിക്കണം എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഒരു പാലം പൊളിക്കുന്നതിനായിട്ടാണ് മോട്ടോര്‍വേ അടച്ചിട്ടിരിക്കുന്നത്. 1986 ല്‍ നിലവില്‍ വന്നതിനു ശേഷം ഇതാദ്യമായിട്ടാണ് എം 25 ഇത്രയും ദീര്‍ഘ സമയത്തേക്ക് അടച്ചിടുന്നത്. ഡൈവേര്‍ഷന്‍ റൂട്ടുകളില്‍ താമസിക്കുന്നവരുടെ ജീവിതം ഇതോടെ ഏറെ ക്ലേശകരമാകും.

ഗതാഗത കുരുക്കും , വന്‍ വാഹന തിരക്കുമെല്ലാം ഈ പ്രദേശങ്ങളില്‍ ഏറെ ദുരിതങ്ങള്‍ സമ്മാനിക്കുകയാണ്. വാരാന്ത്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകും എന്നതിനാല്‍, ഡൈവേര്‍ഷന്‍ റൂട്ടുകളില്‍ താമസിക്കുന്നവര്‍ ഷോപ്പിംഗ് പോലും ഒഴിവാക്കുകയാണ്. ഇതിനോടകം തന്നെ അവര്‍ വാരാന്ത്യം വീട്ടില്‍ തന്നെ ചെലവഴിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി കഴിഞ്ഞു. ആവശ്യമുള്ള ഷോപ്പിംഗും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഡൈവേര്‍ഷന്‍ റൂട്ടുകളിലൂടെ യാത്രയില്‍ അഞ്ച് മണിക്കൂര്‍ വരെ കാലതാമസം ഉണ്ടായേക്കുമെന്ന് നാഷണല്‍ ഹൈവേസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഉണ്ടാകാന്‍ ഇടയുള്ള ഗതാഗത കുരുക്ക് കണക്കിലെടുത്താല്‍ കാലതാമസം ഇനിയും കൂടാനാണ് സാധ്യത. വിമാനത്താവളങ്ങളിലേക്ക് പോകുന്നവര്‍ ട്രെയിന്‍ മാര്‍ഗ്ഗം യാത്രചെയ്യണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍, മോഷ്ടിക്കപ്പെട്ട ഒരു കാര്‍ തെക്കന്‍ ലണ്ടനിലെ ഒരു റെയില്‍വേ ബ്രിഡ്ജില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചക്ക് ഗാറ്റ്‌വിക്ക് എക്സ്പ്രസ്സ് ട്രെയിനുകള്‍ നിര്‍ത്തലാക്കിയിരുന്നു.

ഡൈവെര്‍ഷന്‍ റൂട്ടുകളില്‍ പലയിടങ്ങളിലേയും റോഡുകളുടെ അവസ്ഥ ശോചനീയമാണെന്നതാണ് മറ്റൊരു കാര്യം. ഇത് ഗതാഗത കുരുക്ക് വര്‍ദ്ധിപ്പിക്കും എന്ന് മാത്രമല്ല, അമിതമായി വാഹനങ്ങള്‍ എത്തുന്നതിനാല്‍ അവയുടെ അവസ്ഥ കൂടുതല്‍ മോശമാക്കികയും ചെയ്യും എന്നും ചില പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.