• October 16, 2019

ഓർമിക്കാനും ഓമനിക്കാനുമുള്ള ഒരു പ്രിയസന്ധ്യയെ വരവേൽക്കാൻ നമുക്കെല്ലാവർക്കും ഒക്ടോബര് 19നു സ്റ്റോക്ക് ഓൺ ട്രെന്റിൽ ഒത്തുകൂടാം

പ്രിയ കിരൺ

ലണ്ടൻ  Oct 16: പണ്ട് പണ്ട്,  ടാറിടാത്ത റോഡിലൂടെ, സ്കൂളിലേക്കുള്ള ബസ്സ് കിട്ടാനായി രാവിലെകളിൽ അര മണിക്കൂർ നടക്കുമ്പോൾ, മുടങ്ങാതെ എന്നും കൂടെ വന്നിരുന്നത് കൊണ്ടാവണം,  കെ എസ് ചിത്ര എന്ന പ്രിയപ്പെട്ട ഗായികയെപ്പറ്റിയുള്ള ഓര്മകളിലെലെല്ലാം അത്രയും മധുരം പുരണ്ടിരിക്കുന്നത്.

7.35-നു തുടങ്ങുന്ന ചലച്ചിത്രഗാനങ്ങളുടെ ബാറ്റൺ, ചിത്രച്ചേച്ചിയും ദാസേട്ടനുമെല്ലാം ഇരുവശങ്ങളിലെ പല വീടുകളിലേക്ക് കൈ മാറുന്നത് കേട്ട് കേട്ടാണ് എട്ടു മണിയാവുമ്പോൾ ബസ് സ്റ്റോപ്പിലെത്തുക.

“പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു” കേൾപ്പിച്ചു ദിവസം ആരംഭിക്കണമോ?,  “കണ്ണാംതുമ്പി പോരാമോ ” പാടി, വീട്ടിൽ കളിക്കുന്ന അനുജനെപ്പറ്റി എന്നെ കൂടുതൽ ജാഗരൂകയാക്കണോ,  “ഒളിച്ചിരിക്കാൻ ഉള്ള വള്ളിക്കുടിലിനെപ്പറ്റി “ കേൾപ്പിച്ചു കൗമാരത്തിന്റെ കവിൾ കൂടുതൽ തുടുപ്പിക്കണോ എന്നൊക്കെ അന്ന് എത്രയോ വട്ടം എന്റെ  ദിവസത്തിന്റെ ഭാവി നിശ്ചയിച്ചിട്ടുണ്ട് ചിത്രച്ചേച്ചിയുടെ ശബ്ദമാധുര്യത്തിന്റെ മാസ്മരികത.

“ആളൊരുങ്ങി അരങ്ങൊരുങ്ങി” യിലെ കൊച്ചു കുട്ടിയുടെ കുസൃതി ശബ്ദത്തിൽ നിന്നും, “നീയെൻ കിനാവോ“ യിലെ വെമ്പുന്ന പ്രണയമായും, “അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ ” യിലെ പാകതയായും, “രാജഹംസമേ മഴവിൽക്കുടിലിൽ ” ലെ ധ്യാനമായും,  “കാർമുകിൽ വർണന്റെ കണ്ണി“ ലെ പ്രാർത്ഥനയുമെല്ലാം കെ എസ് ചിത്രയിലെ സ്വരഗതികൾ വിടർന്നു പരി പൂര്ണത്തിയിലെത്തിയതിനു കഴിഞ്ഞ നാൽപതു വർഷമായി മലയാളി സാക്ഷിയാണ്.

ആലാപനത്തിലെ കമ്പ്യൂട്ടറിനു പോലും കിടപിടിക്കാൻ ആവാത്ത “നോട്ട് പെർഫെക്ഷ”നിൽ ഇന്നും അവരെ വെല്ലാൻ അധികമാരുമില്ല.
ഇരുപത്തിയയ്യായിരത്തിലേറേ  ചലച്ചിത്രഗാനങ്ങൾ, ആറു ദേശീയ അവാർഡുകൾ, നാല് ഭാഷകളിലായി മുപ്പത്തി അഞ്ചു സംസ്ഥാന അവാർഡുകൾ, ബ്രിട്ടീഷ് പാർലമെന്റിന്റെ ബഹുമതി നേടിയ ആദ്യ ഇന്ത്യൻ ഗായിക…ചിത്രചേച്ചിക്ക് വിശേഷണങ്ങൾ ഏറെയാണ്.
എന്നിട്ടും,  ഇന്നും ഏതു സ്റ്റേജിലും കയറും മുൻപ്, അവർ ആദ്യത്തെ പരിപാടിയെപ്പോലെ ഉൽക്കണ്ഠകുലയാവുന്നു, തയ്യാറെടുപ്പുകൾ നടത്തുന്നു, ദൂരദർശൻ നാളുകൾ മുതൽ ഇങ്ങോട്ടു നാം കണ്ടു ശീലിച്ച അവരുടെ അതേ നിറചിരിയോടെയും തെളിമയോടെയും നമുക്ക് മുന്നിലെത്തി, അന്നത്തെ ദിവസം നമ്മളും ചിത്രചേച്ചിയുടെ ശബ്ദഭംഗിയുമെന്നതല്ലാതെ മറ്റൊന്നുമില്ലെന്ന നിറവിൽ നമ്മെ കൊണ്ടെത്തിക്കുന്നു.
സംഗീതലോകത്തെ നാൽപ്പതാം വാർഷികം നമുക്കൊപ്പം വിവിധഭാഷകളിലെ സംഗീതമേളകളുമായി ആഘോഷിക്കാൻ യു കെ -യിൽ എത്തിയിട്ടുള്ള ചിത്ര ചേച്ചിയുടെ വാട്ഫോർഡിൽ ഈ മാസം ആദ്യം നടന്ന മലയാളസംഗീതമേള, അത്രയേറെ ആസ്വദിക്കപ്പെട്ടതിന്റെ കാരണവും മറ്റൊന്നല്ല.
സംസ്ഥാന, ദേശീയ പുരസ്‌ക്കാരത്തിന് അർഹമായതടക്കം തന്റെ ഒട്ടേറെ മികച്ച ഗാനങ്ങൾ  ചിത്രച്ചേച്ചി ആലപിച്ച ഈ പരിപാടി , അവർക്കൊപ്പം വേദി പങ്കിട്ട ശരത്, രൂപ രേവതി, നിഷാദ് , ശ്രീ കൃഷ്ണ തുടങ്ങിയ ഗായകരുടെ മികവും, ഓർക്കസ്ട്രയുടെ ഭംഗിയും എല്ലാം ചേർന്ന്, അതിസുന്ദരമായി.
കലാസ്വാദനം, ഒരു അനുഭൂതിയാക്കി മാറ്റുന്നതിൽ അതിന്റെ ശാന്തസുന്ദരഅന്തരീക്ഷത്തിനുള്ള പങ്കു ഏറ്റവും കൃത്യമായി അറിയുന്ന “രാഗസ്വര”യാണ് യു കെ യിൽ,  കെ എസ് ചിത്ര സംഗീതമേളയുടെ സംഘാടകർ.
മലയാളികൾക്ക് ഓർത്തു വെക്കാനായി ചിത്രചേച്ചിയുടെ ഈ വർഷത്തെ  അവസാനമലയാള സംഗീത സായാഹ്നം അവർ ഒരുക്കുന്നത് ഒക്ടോബര് 19 ശനിയാഴ്ച സ്റ്റോക്ക് ഓൺ ട്രെന്റിലാണ്.
ഓര്മിക്കാനും ഓമനിക്കാനുമുള്ള ഒരു പ്രിയസന്ധ്യയെ വരവേൽക്കാൻ സംഗീതത്തെയും ചിത്രചേച്ചിയെയും ഒരുപോലെ സ്നേഹിക്കുന്ന നമുക്കെല്ലാവർക്കും അന്ന്  അവിടെ ഒത്തുകൂടാം.
Date: 19th OCTOBER 2019 SATURDAY
Venue: @ KINGS HALL – STOKE-ON-TRENT, ST4 1JH
Timing: 3:00 pm – 7:00 pm
Tickets @ http://www.ragaswara.co.uk