• March 3, 2024

സംശയാസ്പദമായ കെയർ ഏജൻസികൾക്ക് വിസ സ്പോൺസർമാരായി പ്രവർത്തിക്കാൻ ഹോം ഓഫീസ് ലൈസൻസ് നൽകി: റിപ്പോർട്ട്

സംശയാസ്പദമായ കെയർ ഏജൻസികൾക്ക് വിസ സ്പോൺസർമാരായി പ്രവർത്തിക്കാൻ ഹോം ഓഫീസ് ലൈസൻസ് നൽകി: റിപ്പോർട്ട്

ലണ്ടൻ മാർച്ച് 3: പുതുതായി സ്ഥാപിതമായ നൂറുകണക്കിന് കെയർ പ്രൊവൈഡർമാർക്ക് വിദേശത്ത് നിന്നുള്ള തൊഴിലാളികളെ സ്പോൺസർ ചെയ്യാൻ ഹോം ഓഫീസ് ലൈസൻസ് നൽകിയെന്ന് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു.

കോപ്പി-ആൻഡ്-പേസ്റ്റ് വെബ്‌സൈറ്റുകൾ, വ്യാജമായി കാണപ്പെടുന്ന അവലോകനങ്ങൾ (reviews), PO ബോക്‌സുകൾ എന്നിവയുമായി സംശയിക്കപ്പെടുന്ന വ്യാജ കമ്പനികളും ഉൾപ്പെടുന്നു.

കമ്പനി അക്കൗണ്ടുകൾ ഫയൽ ചെയ്യാത്തതും ഏതാനും മാസങ്ങൾ മാത്രം പഴക്കമുള്ളതുമായ പുതുതായി രൂപീകരിച്ച സ്ഥാപനങ്ങൾക്ക് വരെ സ്പോൺസർ ലൈസൻസ് നൽകിയിട്ടുണ്ടെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

കെയർ ക്വാളിറ്റി കമ്മീഷൻ (സിക്യുസി) ഇതുവരെ പരിശോധന നടത്താത്ത 268 കമ്പനികൾക്കും ലൈസൻസ് നല്കിയിട്ടുടെന്നു റിപ്പോർട്ട് കണ്ടെത്തി

ഒരു കേസിൽ, 2023 ജനുവരിയിൽ യുകെയിൽ ഒരു ഡൊമിസിലിയറി കെയർ ഏജൻസി രജിസ്റ്റർ ചെയ്യപ്പെടുന്നു, മെയ് മാസത്തിൽ CQC-യിൽ രജിസ്റ്റർ ചെയ്യുകയും ജൂലൈയിൽ സ്പോൺസർ ലൈസൻസ് ലഭിക്കുകയും ചെയ്തു. ഈ കമ്പനി ഒരിക്കലും CQC പരിശോധിച്ചിട്ടില്ല, പരിചരണം നൽകുന്നതിൽ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡ് ഉള്ളതായി തെളിവുമില്ല.

കൂടാതെ ഒരു പൊതു ഓഫീസ് അഡ്രസ്സാണ് അതിൻ്റെ വിലാസമായി രേഖപ്പെടുത്തിയിരിക്കുന്നത്.

ചില സ്ഥാപനങ്ങൾ രെജിസ്റ്റെർ ചെയ്യപ്പെടുന്ന ഉടൻ ഹോം ഓഫീസിൽ നിന്ന് വിസ നേടുകയും പിന്നീട് വിൽക്കുകയും ചെയ്യുന്നതായി കണ്ടെത്തി.

കെയർ മേഖലയിലെ സ്‌പോൺസർ ലൈസൻസ് സംവിധാനത്തിൻ്റെ മേൽനോട്ടം ശക്തമാക്കുമെന്ന് ഹോം ഓഫീസ് അറിയിച്ചെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.