• March 25, 2024

ജോലി തട്ടിപ്പില്‍പെട്ട് മലയാളി യൂവാക്കൾ എത്തിപ്പെട്ടത് റഷ്യ യൂദ്ധക്കളത്തിൽ

ജോലി തട്ടിപ്പില്‍പെട്ട് മലയാളി യൂവാക്കൾ എത്തിപ്പെട്ടത് റഷ്യ യൂദ്ധക്കളത്തിൽ

തിരുവനന്തപുരം മാർച്ച് 25: കേരളത്തിലെ തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് യുവാക്കളെ റഷ്യയിലേക്ക് റിക്രൂട്ട് ചെയ്തത് രാജ്യാന്തരബന്ധമുള്ള വന്‍സംഘമെന്നു സൂചന. കായികശേഷിയുള്ള യുവാക്കളെ തെരഞ്ഞുപിടിച്ച് ഉയര്‍ന്ന ശമ്പളം വാഗ്ദാനം നല്‍കിയാണ് സംഘം വലയിലാക്കുന്നത്.

വിസയ്ക്കായി വന്‍ തുകയും ഇവര്‍ കൈപ്പറ്റുന്നുണ്ട്. ഉന്നതവിദ്യാഭ്യാസമില്ലാത്ത യുവാക്കളെയാണ് സംഘം ലക്ഷ്യമിടുന്നത്. അഞ്ചുതെങ്ങില്‍നിന്നുള്ള മൂന്നു യുവാക്കളെയാണ് ഈ സംഘം ആദ്യം വലയിലാക്കിയത്. സംഭവം സി.ബി.ഐയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

അഞ്ചുതെങ്ങ് കൊപ്രാക്കൂട് പുരയിടത്തില്‍ പരേതനായ പനിയടിമയുടെയും ബിന്ദുവിന്റെയും മകന്‍ ടിനു(25), കൊപ്രാക്കൂട് പുരയിടത്തില്‍ സെബാസ്റ്റിയന്‍-നിര്‍മ്മല ദമ്പതിമാരുടെ മകന്‍ പ്രിന്‍സ്(24), അഞ്ചുതെങ്ങ് കൃപാനഗര്‍ കുന്നുംപുറത്ത് സില്‍വ-പനിയമ്മ ദമ്പതിമാരുടെ മകന്‍ വിനീത്(22) എന്നിവര്‍ ജനുവരി മൂന്നിനാണ് റഷ്യയിലേക്കു പോയത്. സൂപ്പര്‍മാര്‍ക്കറ്റില്‍ സുരക്ഷാജീവനക്കാരുടെ ജോലിക്കെന്നു പറഞ്ഞാണ് ഇവരെ കൊണ്ടുപോയത്. അവിടെയെത്തിയപ്പോള്‍ ഇവരെക്കൊണ്ട് കരാര്‍ ഒപ്പിടുവിച്ചശേഷം സൈനിക ക്യാമ്പിലേക്കു കൊണ്ടുപോവുകയായിരുന്നു.

ക്യാമ്പില്‍ 23 ദിവസത്തെ പരിശീലനത്തിനു ശേഷം യുദ്ധഭൂമിയിലേക്കയച്ചു. പ്രിന്‍സിന് വെടിയേല്‍ക്കുകയും ബോംബ് വീണ് കാലിനു പരുക്കേല്‍ക്കുകയും ചെയ്ത് ആശുപത്രിയിലായതോടെയാണ് യുവാക്കള്‍ ചതിക്കപ്പെട്ട വിവരം നാട്ടിലറിയുന്നത്. ഇവര്‍ മൂന്നുപേരും ഇപ്പോഴും റഷ്യയിലാണ്. രണ്ടാമത് റഷ്യയിലേക്കു കയറ്റിവിട്ടത് 32 പേരെയാണ്.

തമിഴ്‌നാട് സ്വദേശികളായ രണ്ടുപേരും കൊല്ലം ജില്ലയില്‍നിന്നുള്ള നാലുപേരും സംഘത്തിലുണ്ടായിരുന്നു. മറ്റുള്ളവരെല്ലാം തിരുവനന്തപുരം ജില്ലയിലെ പൂവാര്‍, പൊഴിയൂര്‍, പുതുക്കുറിച്ചി എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്.

ഫെബ്രുവരി എട്ടിനാണ് ഈ സംഘം കൊച്ചിയില്‍നിന്ന് ഷാര്‍ജ വഴി മോസ്‌കോയിലേക്കു പോയത്. തൊഴില്‍ കരാറെന്നു പറഞ്ഞ് ഒപ്പിടാന്‍ നല്‍കിയ രേഖകളില്‍ സംശയം തോന്നിയ ഇവര്‍ കരാറില്‍ ഒപ്പിട്ടില്ല. കരാറൊപ്പിടാന്‍ സംഘാംഗങ്ങളില്‍ ചിലര്‍ ഭീഷണിപ്പെടുത്തിയെങ്കിലും ഇവര്‍ ഒപ്പിടാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഇവരെ മാര്‍ച്ച് ഏഴിന് അവിടെനിന്ന് നാട്ടിലേക്കു കയറ്റിവിട്ടു.

ഇവരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചാണ് ഇപ്പോള്‍ സി.ബി.ഐ. അന്വേഷണം നടക്കുന്നത്. റിക്രൂട്ടിങ് സംഘത്തിന്റെ ചതിയിലകപ്പെട്ടവരെല്ലാം സാമ്പത്തികപ്രയാസമുള്ള കുടുംബങ്ങളിലെ യുവാക്കളാണ്.

റഷ്യയില്‍ യുദ്ധം നടക്കുന്നുണ്ടെന്ന വസ്തുതപോലും ഇവരില്‍ പലര്‍ക്കും അറിയില്ല. 1.95 ലക്ഷം രൂപ ശമ്പളവും 50,000 രൂപയുടെ ആനുകൂല്യവും പ്രതിമാസം ലഭിക്കുമെന്നുപറഞ്ഞാണ് രണ്ടാമത്തെ സംഘത്തെ റഷ്യയിലേക്ക് അയച്ചത്.