• March 21, 2024

എന്‍എച്ച് എസ് കാന്റീനില്‍ താരമായി മലയാളികളുടെ ദോശയും സാമ്പാറും ചമ്മന്തിയും

എന്‍എച്ച് എസ് കാന്റീനില്‍ താരമായി മലയാളികളുടെ ദോശയും സാമ്പാറും ചമ്മന്തിയും

ലണ്ടൻ മാർച്ച് 16: കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാതഭക്ഷണമാണ് ദോശയും സാമ്പാറും ചമ്മന്തിയും. വ്യത്യസ്ത രുചിയിലും രീതിയിലുമുള്ള വിവിധതരം ദോശകള്‍ നല്‍കുന്ന ഭക്ഷണശാലകള്‍ ഇന്ന് കേരളത്തിലും തമിഴ്നാട്ടിലും ഒട്ടേറെയുണ്ട്. ഒപ്പം ഇഡ്ഡലിയും .

ഏതായാലും മലയാളിയുടെ ദോശ പെരുമ കടല്‍ കടന്ന് ഇംഗ്ലണ്ടിലും തരംഗമായിരിക്കുകയാണ്. ഗ്ലോസ്റ്ററിലെ എന്‍എച്ച്എസ് ആശുപത്രി യുകെയില്‍ തന്നെ ഏറ്റവും കൂടുതല്‍ മലയാളി നഴ്സുമാര്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളിലൊന്നാണ്. ഗ്ലോസ്റ്റഷെയറിലെ എന്‍എച്ച്എസ് ആശുപത്രിയിലെ കാന്റീനില്‍ കഴിഞ്ഞ ദിവസം ദോശയായിരുന്നു താരം. ഒപ്പം കേരള രുചിയില്‍ ചമ്മന്തിയും സാമ്പാറും കൂടി ചേര്‍ന്നപ്പോള്‍ 400 ദോശയാണ് മിനിറ്റുകള്‍ക്കകം ഒറ്റയടിക്ക് വിറ്റ് പോയത്. ആവശ്യക്കാര്‍ ഏറെയായി സാധനം തീര്‍ന്ന് പോയതുകൊണ്ട് പലര്‍ക്കും ഈ വിഭവം ആസ്വദിക്കാനും പറ്റിയില്ല. സ്വദേശികള്‍ക്കും സോഡയുടെ രുചി പിടിച്ചു.

ദോശ പെരുമ എന്‍എച്ച്എസ് കാന്റീനില്‍ അവതരിപ്പിച്ചതിന് പിന്നിലും മലയാളികളായിരുന്നു. ഗ്ലോസ്റ്ററിലെ എന്‍എച്ച്എസ് ആശുപത്രി കാന്റീന്‍ പ്രൊഡക്ഷന്റെ ചുമതലയുള്ള ബെന്നി ഉലഹന്നാനും സഹജീവനക്കാരായ അരുണ്‍, നൂവിക് എന്നിവരുമാണ് ദോശ ഒരുക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ആവശ്യക്കാര്‍ ഏറിയതോടെ ദോശയും സാമ്പാറും കാന്റീനിലെ പതിവ് വിഭവം ആക്കുകയാണ് ഇവര്‍ . മൂന്ന് പൗണ്ട് വിലയിട്ടിരുന്ന ദോശയും സാമ്പാറും എന്‍എച്ച് എസ് ജീവനക്കാര്‍ക്ക് 50% വിലക്കുറവില്‍ 1.5 പൗണ്ടിനാണ് ലഭിച്ചത്.

എന്‍എച്ച്എസ് കാന്റീനിലെ ദോശ പെരുമ മറ്റു കാന്റീനുകളിലും ചലനം ഉണ്ടാക്കുമെന്നുറപ്പാണ്.

യു കെ മലയാളിയുടെ വാട്സാപ്പ് ബ്രോഡ്കാസറ്റ് ചാനലിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യൂ