• April 3, 2024

ജോലി തട്ടിപ്പ്: പ്രതിയെ കുടുക്കാൻ കെണി പ്രയോഗിച്ച് ദുബായി മലയാളികൾ, യു കെ മലയാളികൾക്കും ശ്രമിക്കാം

ജോലി തട്ടിപ്പ്:  പ്രതിയെ കുടുക്കാൻ കെണി പ്രയോഗിച്ച് ദുബായി മലയാളികൾ, യു കെ മലയാളികൾക്കും ശ്രമിക്കാം

ദുബായ് ഏപ്രിൽ 3: വിദേശത്തേക്കുള്ള നമ്മുടെ നാട്ടിൽ നിന്നുള്ള ആളുകളുടെ ഒഴുക്ക് തുടരുന്നതിനോടൊപ്പം തട്ടിപ്പുകളും പെരുകുകയാണ്.

ദിനംപ്രതി ധാരാളം വാർത്തകളാണ് ഇത് സംബന്ധിച്ച് വരുന്നത്. ഇപ്പോഴിതാ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ആളെ വലയിൽ വീഴ്‌ത്താൻ കെണി പ്രയോഗിച്ച മലയാളികൾ ഉൾപ്പെടെ വലിയ മാതൃകയാവുകയാണ്.

യു കെയിലും ഒരുപാടു മലയാളികൾ ജോലി തട്ടിപ്പിന് ഇരയാകുന്നുണ്ട്. അത് ഇപ്പോഴും തുടരുന്നു. യു കെ മലയാളികൾക്കും ഇതുപോലെയുള്ള സ്പോൺസർമാരെ അല്ലെങ്കിൽ അവരുടെ ഇടനിലക്കാരെ കുടുക്കാൻ ശ്രമിക്കാവുന്നതാണ്.

മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സച്ചിൻ എന്നയാളെയാണ് തന്ത്രപരമായ നീക്കത്തിലൂടെ ഇവർ പിടികൂടിയത്. യുഎഇയിൽ മികച്ച ജോലി വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ് നടന്നത്. ഇതിനായി ഓരോരുത്തരിൽ നിന്ന് 1,30,000 രൂപ വീതം കൈപ്പറ്റുകയും ചെയ്‌തിരുന്നു. എന്നാൽ സന്ദർശക വിസയിൽ ദുബായിലേയ്ക്ക് കൊണ്ടുവന്ന ഇവരെ കുഞ്ഞുമുറികളിലാണ് പാർപ്പിച്ചിരുന്നത്.

സംഭവത്തിൽ തട്ടിപ്പിന് ഇരകളായ തൊടുപുഴ സ്വദേശി കൃഷ്‌ണ, ഭർത്താവ് ശരത്, ആലപ്പുഴ സ്വദേശികളായ സജിനി, പ്രിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സച്ചിനെ വലയിലാക്കിയത്. അറസ്‌റ്റിൽ ആയ സച്ചിൻ പിന്നീട് ജാമ്യത്തിൽ ഇറങ്ങിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കേസിൽ ഇരകളായ നാല് പേരും പരസ്‌പരം അറിയുന്നവരാണ്. കൃഷ്‌ണയും ഭർത്താവ് ശരത്തും ഇവർക്കൊപ്പം സുഹൃത്തുക്കളായ സജിനിയും പ്രിയയും സമൂഹ മാധ്യമത്തിലെ പരസ്യം കണ്ടാണ് തട്ടിപ്പിലേക്ക് ചെന്ന് വീഴുന്നത്.

സച്ചിനെ പിടികൂടിയത് ഇങ്ങനെ

തട്ടിപ്പിന് ഇരയായി ദുബായിൽ എത്തിയ ഇവർ കരാമയിൽ വച്ച് ഡാനിയേൽ എന്ന തമിഴ് യുവാവിനെ പരിചയപ്പെടുന്നത്. പിന്നീടാണ് സച്ചിനെ വലയിലാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. തുടർന്ന് ഡാനിയേൽ വിസാ ആവശ്യത്തിനായി സച്ചിനെ ബന്ധപ്പെടുന്നതായി അഭിനയിക്കുകയായിരുന്നു. നാട്ടിലെ സുഹൃത്തുകൾക്ക് വേണ്ടിയാണെന്ന് പറഞ്ഞതോടെ സച്ചിൻ വീഴുകയായിരുന്നു.

അങ്ങനെയാണ് ഡാനിയേൽ സചിനെ കരാമ പാർക്കിലേയ്ക്ക് ക്ഷണിച്ചത്. തുടർന്ന് വിസാ കാര്യം ഡാനിയേലുമായി സംസാരിക്കാൻ കരാമ പാർക്കിലെത്തിയ സചിനെ അവിടെ മറഞ്ഞുനിന്നിരുന്ന കൃഷ്‌ണയും ശരതും പ്രിയയും സജിനിയുമടക്കമുള്ള നൂറോളം പേർവരുന്ന തട്ടിപ്പിനിരയായവർ വളയുകയും പിടികൂടി പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.

തട്ടിപ്പിന് ഇരയായവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം സചിനെ പോലീസ് കൊണ്ടുപോവുകയായിരുന്നു. സചിന്റെ പേരിൽ നേരത്തെയും തട്ടിപ്പിന് പരാതി ലഭിച്ചിരുന്നതായി പോലീസിന്റെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

കേരളത്തിലും ഇയാൾക്ക് എതിരെ പരാതി കൊടുക്കാനുള്ള ശ്രമത്തിലാണ് തട്ടിപ്പിന് ഇരയായവർ. നാട്ടിൽ നിലവിൽ ഇയാൾക്ക് എതിരെ പരാതികൾ ഉണ്ടെങ്കിലും തുടർനടപടി ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നാണ് ലഭ്യമായ വിവരം. അടുത്ത പടിയെന്നോണം മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉൾപ്പെടെ പരാതി കൊടുക്കാനാണ് ഇവരുടെ തീരുമാനം.