• April 2, 2024

ഇന്ത്യക്കാർക്ക് ഇനി യുകെ വിസ ബാലികേറാ മല: വന്‍ തിരിച്ചടി, ഈ മേഖലക്കാർക്ക് ആശ്വാസം

ഇന്ത്യക്കാർക്ക് ഇനി യുകെ വിസ ബാലികേറാ മല: വന്‍ തിരിച്ചടി, ഈ മേഖലക്കാർക്ക് ആശ്വാസം

ലണ്ടൻ ഏപ്രിൽ 2: ഏപ്രില്‍ മുതൽ യുകെ ഇമിഗ്രേഷൻ സംവിധാനത്തിൽ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. തൊഴിൽ വിസകൾക്ക് യോഗ്യത നേടുന്ന ഇന്ത്യാക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകും എന്നാതാണ് ഈ നിയന്ത്രണങ്ങള്‍കൊണ്ട് വരുന്ന പ്രധാനമാറ്റം.

ഇൻവേർഡ് മൈഗ്രേഷൻ 300000 മായി കുറയ്ക്കുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായിട്ടാണ് യുകെ സർക്കാർ വിദഗ്ധ തൊഴിലാളി വിസകൾക്കുള്ള ശമ്പള പരിധി 26200 പൗണ്ടിൽ നിന്ന് 38700 പൗണ്ടായി ഉയർത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതാണ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നത്.

തൊഴിൽദാതാക്കൾക്ക് ഈ ശമ്പള പരിധി പാലിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് തൊഴിൽ വിസകൾക്ക് മുമ്പ് യോഗ്യത നേടാന്‍ സഹായിച്ച പല ഇടത്തരം വരുമാനമുള്ള ജോലികളും ഇനി ലഭ്യമാകില്ല എന്നാണ് ഇതിനർത്ഥം. അതായത് ഈ ജോലികള്‍ നേടുന്നവർക്ക് തൊഴില്‍ വിസ ലഭിക്കണമെങ്കില്‍ അവരുടെ ശമ്പളം പുതിയ നിയമം പറയുന്നത് അനുസരിച്ച് വർധിപ്പിക്കേണ്ടി വരും. എന്നാല്‍ ഇതിന് പല തൊഴിലുടമകള്‍ക്കും കഴിഞ്ഞെന്ന് വരില്ല.

ഇന്ത്യൻ തൊഴിലാളികൾ കൂടുതലായി ജോലി ചെയ്യുന്ന ഷെഫ്, റീട്ടെയിൽ മാനേജർമാർ തുടങ്ങിയ മേഖലകളെ പുതിയ നിയന്ത്രണം നേരിട്ട് തന്നെ ബാധിക്കും. കാരണം പുതിയ ശമ്പള പരിധി ബ്രിട്ടനിലെ ഇത്തരം തൊഴിലാളികളുടെ ശരാശരി വേതനത്തേക്കാൾ വളരെ കൂടുതലാണ്.

നേരത്തെ റെക്കോർഡ് നിരക്കിലായിരുന്നു തൊഴില്‍ വിസകള്‍ അനുവദിച്ചത്. ഇതേ തുടർന്നാണ് നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടി വന്നതെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. മാർച്ചില്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 1.4 ദശലക്ഷം ആളുകൾക്ക് യുകെ വിസ അനുവദിച്ചുവെന്നും ഇവയിൽ പലതും വിദ്യാർത്ഥികൾക്കും സന്ദർശകർക്കും ആശ്രിതർക്കും വേണ്ടിയുള്ളതായിരുന്നു.

കോവിഡിന് ശേഷം ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍ വിസ അപേക്ഷകരുടെ എണ്ണത്തില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2023-ൽ മൊത്തം 337,240 തൊഴിലാളികൾക്ക് യുകെ വിസ ലഭിച്ചുവെന്നും മുൻ വർഷത്തേക്കാൾ 26 ശതമാനവും 2019-ലെ മഹാമാരിക്ക് മുമ്പുള്ളതിനേക്കാൾ ഏകദേശം രണ്ടര മടങ്ങ് കൂടുതലുമാണ് ഇത്.

ഈ കണക്കിൽ എല്ലാ വിദഗ്ധ തൊഴിലാളി വിസകളും ഉൾപ്പെടുന്നു. ജീവനക്കാരുടെ ക്ഷാമം രൂക്ഷവും നിലനിൽക്കുന്നതുമായ ആശുപത്രികളിലും കെയർ ഹോമുകളിലും ജോലി ചെയ്യുന്നതിനായി യുകെയിലേക്ക് വരുന്ന കുടിയേറ്റക്കാർക്കാണ് യുകെ തൊഴിൽ വിസകളിൽ ഭൂരിഭാഗവും അനുവദിച്ചത്. 2022 ൽ രാജ്യത്തെ നിന്ന് വിദേശ ആരോഗ്യ, പരിചരണ തൊഴിലാളികളുടെ എണ്ണം 146,477 ആയി ഇരട്ടിയായി.

ഹെൽത്ത്, കെയർ വിസകളുടെ കാര്യത്തിൽ യുകെ ഗവൺമെൻ്റ് വളരെ ബുദ്ധിമുട്ട് നേരിടുന്ന ഒരു അവസ്ഥയാണ്. നാഷണൽ ഹെൽത്ത് സർവീസും ബ്രിട്ടീഷ് സോഷ്യൽ സർവീസുകളും വിദേശ തൊഴിലാളികളെയാണ് കാര്യമായ രീതിയില്‍ ആശ്രയിക്കുന്നത്. സ്വദേശി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒഴിവുകള്‍ നികത്താന്‍ ഇത് പര്യാപ്തമല്ല.

വിദേശ കുടിയേറ്റം രാജ്യത്ത് വളരെ കൂടുതലാണെന്ന അഭിപ്രായം യുകെയില്‍ ശക്തമാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്ക് ഇത് വളരെ വലിയ വെല്ലുവിളിയാണ്. ഇതോടെയാണ് വിസകള്‍ അനുവദിക്കുന്നത് കുറയ്ക്കാന്‍ സർക്കാർ തീരുമാനിച്ചത്.

കഴിഞ്ഞ വർഷം തൊഴിൽ വിസ ലഭിക്കുന്ന ആളുകളുടെ ആശ്രിതർക്ക് 279,131 വിസകൾ അനുവദിച്ചു. അതായത് 2022 ൽ നിന്ന് 80 ശതമാനം വർധനവുണ്ടായി. ആരോഗ്യ, പരിചരണ തൊഴിലാളികൾ അവരുടെ കുടുംബങ്ങളെ യുകെയിലേക്ക് കൊണ്ടുവന്നതാണ് ഈ വർദ്ധനവിന് കാരണമായത്, എൻഎച്ച്എസ് ജീവനക്കാരുടെ കുടുംബങ്ങളിൽ 73% വും വരും ഇത്.

മൊത്തത്തിൽ, ബ്രിട്ടനിൽ കഴിഞ്ഞ വർഷം 616,371 തൊഴിൽ, കുടുംബ വിസകൾ അനുവദിച്ചു. കഴിഞ്ഞ വർഷം ഇത് 421,565 ആയിരുന്നു. അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെയും അവരുടെ ആശ്രിതരുടെയും എണ്ണത്തിൽ നേരിയ കുറവുണ്ടായി, എന്നിരുന്നാലും, ഈ കണക്ക് 20,000-ൽ താഴെയായി കുറഞ്ഞ് 605,504 ആയി. വരാനിരിക്കുന്ന ശമ്പള പരിധി വർദ്ധനവ് അർത്ഥമാക്കുന്നത്, യുകെയിലെ തൊഴിലുടമകൾ വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുമെന്ന് എന്നാണ്.