• April 2, 2024

കാനഡയ്ക്ക് പിന്നാലെ ഓസ്ട്രേലിയയിലും പുതിയ പ്രതിസന്ധി; ഇനി ഇന്ത്യക്കാർ അടക്കമുള്ള വിദ്യാർത്ഥികൾ എന്ത് ചെയ്യും?

കാനഡയ്ക്ക് പിന്നാലെ ഓസ്ട്രേലിയയിലും പുതിയ പ്രതിസന്ധി; ഇനി ഇന്ത്യക്കാർ അടക്കമുള്ള വിദ്യാർത്ഥികൾ എന്ത് ചെയ്യും?

കാനഡ April 2: പാർപ്പിട പ്രതിസന്ധി രൂക്ഷമായതോടെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള കാനഡയുടെ നീക്കം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. ഇതോടെ വിദ്യാർത്ഥികൾ പലരും വിദേശ പഠനത്തിനായി ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ആശ്രയിച്ച് തുടങ്ങിയിരുന്നു.

എന്നാൽ ഇപ്പോഴിതാ കാനഡയ്ക്ക് പിന്നാലെ ഓസ്ട്രേലിയയിലും പാർപ്പിട പ്രതിസന്ധി രൂക്ഷമായിരിക്കുകയാണെന്നാണ് റിപ്പോർട്ട്. വലിയ വാടകയാണ് താമസ സൗകര്യങ്ങൾക്കായി ഇവിടെ വിദ്യാർത്ഥികൾക്ക് ചെലവിടേണ്ടി വരുന്നത്.

മുറികൾക്കും ഡോർമറ്ററികൾക്കുമെല്ലാം 15 ശതമാനം വാടകയാണ് വർധിച്ചത്. ഭവന ചെലവുകൾ കുതിച്ചുയർന്നതോടെ വിദ്യാർത്ഥികൾ കടുത്ത പ്രതിസന്ധിയിലായരിക്കുകയാണെന്ന് അന്താരാഷ്ട്ര വിദ്യാഭ്യാസത്തിനായുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമായ യോക്കറ്റിൻ്റെ സഹസ്ഥാപകനായ സുമീത് ജെയിൻ പറഞ്ഞു.

ജീവിതച്ചെലവുകൾക്കായി ഒരു വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ടിൽ ഒരു നിശ്ചിത തുക നിലനിർത്തുന്നത് നിർബന്ധമാക്കിക്കൊണ്ട് ഓസ്ട്രേലിയ അടുത്തിടെ പുറത്തിറക്കിയ പുതിയ നിയമവും വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും ജെയിൻ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഓസ്‌ട്രേലിയയിലെ മുറികളുടേയും ഡോമുകളുടേയും വില 14.6% വർദ്ധിച്ച് എയുഡി 329 ആയി. ഒരു ആഴ്ച കൊടുക്കേണ്ട വാടകയാണിത്.

അതേസമയം പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കടുത്ത നടപടികളുമായി മുന്നോട്ട് പോകുകയാണ് ഓസ്ട്രേലിയ. സ്റ്റുഡന്റ് വിസ അനുവദിക്കുന്നതിൽ അഞ്ച് ശതമാനത്തോളം ഇടിവ് അടുത്തിടെ രേഖപ്പെടുത്തിയിരുന്നു. ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വിസകളാണ് കൂടതലായി നിരസിക്കപ്പെട്ടത്.

2025 ഓടെ രാജ്യത്ത് കുടിയേറുന്നവരുടെ എണ്ണം 250,000 ആയി കുറക്കാൻ ഓസ്ട്രേലിയ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇതിനോടകം ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷകൾ നിർബന്ധമാക്കുകയും ജോലി സമയങ്ങളിൽ മാറ്റങ്ങൾ നടപ്പാക്കുകയും ചെയ്തിരുന്നു. കുറഞ്ഞ നൈപുണ്യമുള്ള തൊഴിലാളികളുടെ വരവ് നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിയമങ്ങൾ കർശനമാക്കുന്നതെന്ന് കൊളീജിഫൈയുടെ സഹസ്ഥാപകനായ ആദർശ് ഖണ്ഡേൽവാൾ പറയുന്നു. ഇപ്പോൾ ഹൗസിങ് പ്രതിസന്ധി മാത്രമല്ല സാമ്പത്തിക പ്രതിസന്ധിയും രാജ്യം നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥി വിസകൾ ദുരുപയോഗം ചെയ്യപ്പെടുന്നതിന് കടിഞ്ഞാൺ ഇടുക കൂടിയാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നതെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. അതേസമയം യുഎസ്, ന്യൂസിലാൻഡ്, യുകെ തുടങ്ങിയ രാജ്യങ്ങളിലും സമാനമായ രീതിയിൽ ഭവന പ്രതിസന്ധിയുണ്ടെന്നും ഇത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുമെന്നുമാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.