• May 5, 2024

ശവസംസ്‌കാര ചടങ്ങുകള്‍ക്കായി ചെലവാകുന്നത് ലക്ഷങ്ങള്‍: കടക്കെണിയിലായി ബ്രിട്ടീഷ് ജനത

ശവസംസ്‌കാര ചടങ്ങുകള്‍ക്കായി ചെലവാകുന്നത് ലക്ഷങ്ങള്‍: കടക്കെണിയിലായി ബ്രിട്ടീഷ് ജനത

ലണ്ടൻ മെയ് 5: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ലോകം ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്ത് കാര്യത്തിനും പണം അമിതമായി ചെലവാക്കേണ്ട അവസ്ഥയാണിപ്പോള്‍. എന്നാല്‍ ബ്രിട്ടീഷ് ജനതയാവട്ടെ ഇതിനെല്ലാം ഇടയില്‍ മറ്റൊരു ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. കാരണം ജീവിച്ചിരിക്കുമ്പോള്‍ ചെലവാക്കുന്നതിന്റെ ഇരട്ടിയാണ് മരണങ്ങള്‍ക്കായി ആളുകള്‍ ചെലവഴിക്കേണ്ടിവരുന്നത്. 2021 ന് ശേഷം ബ്രിട്ടനില്‍ ശവസംസ്‌കാര ചടങ്ങുകളുടെ ചെലവുകളില്‍ 3.8 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

തങ്ങളുടെ പ്രിയപ്പെട്ടവര്‍ മരിച്ചാല്‍ ആശുപത്രിയില്‍ നിന്നും മൃതദേഹം വിട്ടു കിട്ടുന്നതിനും മറ്റ് കര്‍മ്മങ്ങള്‍ക്കുമായി ബ്രിട്ടീഷ് കുടുംബത്തിന് 9 മുതല്‍ 10 ലക്ഷം രൂപ വരെ ചെലവാക്കേണ്ടി വരുന്നുവെന്നാണ് കണക്കുകള്‍. സണ്‍ലൈഫ് പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023 ല്‍ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ചെലവ് 10 ലക്ഷം രൂപയായി ഉയര്‍ന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ചെലവാണിത്. 21 ദിവസങ്ങള്‍ വരെ മാത്രമാണ് മൃതദേഹം ആശുപത്രിയില്‍ സൂക്ഷിക്കാന്‍ അനുമതിയുള്ളത്. ശേഷം ബന്ധപ്പെട്ടവര്‍ മൃതദേഹം ഏറ്റെടുക്കുകയും ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയും വേണം. എന്നാല്‍ സംസ്‌കാര ജോലികള്‍ ചെയ്യുന്നവര്‍ക്കായി ആകെ തുകയുടെ പകുതി വരെ മുന്‍കൂറായി നല്‍കണമെന്നതാണ് കുടുംബങ്ങളെ വിഷമിപ്പിക്കുന്നത്.

ഏകദേശം നാല് ലക്ഷം രൂപയോളമാണ് ഒരു ശവസംസ്‌കാര ചടങ്ങിന്റെ ശരാശരി ചെലവ്. ചെലവ് കുറഞ്ഞ രീതിയില്‍ ചടങ്ങുകള്‍ നടത്താന്‍ കുടുംബങ്ങള്‍ ശ്രമിക്കുന്നുണ്ട്. പലപ്പോഴും കുടുംബങ്ങളെ കടക്കെണിയിലേക്കും ബന്ധങ്ങളുടെ പിളര്‍പ്പിലേക്കും വരെ ഈ വര്‍ധിച്ച ചെലവുകള്‍ നയിക്കുന്നുവെന്നാണ് വിവരം. ഡിപ്പാര്‍ട്‌മെന്റ് ഫോര്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ (ഡിഡബ്ല്യൂപി) നല്‍കുന്ന സര്‍ക്കാര്‍ ഗ്രന്റുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എല്ലാവരും അതിന് അര്‍ഹരല്ല. ഇനി അര്‍ഹത ഉള്ളവര്‍ക്ക് പണം ലഭിക്കാന്‍ മൂന്ന് മുതല്‍ ആറ് മാസം വരെ കാലതാമസവും നേരിടേണ്ടി വരികയും ചെയ്യുന്നുണ്ട്.