• April 29, 2024

യുകെയിൽ അഭയം തേടുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്നു

യുകെയിൽ അഭയം തേടുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്നു

ലണ്ടൻ ഏപ്രിൽ 29:  ബ്രിട്ടനിലെ ഉന്നത വിദ്യാഭ്യാസ രംഗം കുടിയേറ്റത്തിന്റെ പുതിയ വഴിയായി മാറുന്നുവെന്ന് ആശങ്ക ഉയര്‍ത്തി കണക്കുകള്‍. വിദ്യാഭ്യാസത്തിനായി എത്തിയ ശേഷം അഭാര്‍ത്ഥിത്വത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണമേറുന്നുവെന്നാണ് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്.

ബ്രിട്ടനില്‍ അഭയാര്‍ത്ഥിത്വം അപേക്ഷിച്ച വിദേശ വിദ്യാര്‍ത്ഥികളില്‍ കാല്‍ശതമാനം പേരും കേവലം ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തവരാണെന്നാണ് ചോര്‍ന്ന രേഖകള്‍ വെളിപ്പെടുത്തുന്നത്. ഇതോടെ ഉന്നത വിദ്യാഭ്യാസ രംഗം ഇമിഗ്രേഷന്‍ റൂട്ടായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് ആശങ്ക ഉയരുന്നത്.

2023 മാര്‍ച്ച് വരെ 12 മാസങ്ങളിലെ രഹസ്യ ഹോം ഓഫീസ് കണക്കുകളാണ് ചോര്‍ന്നത്. ഇതില്‍ 6136 അഭയാര്‍ത്ഥി കേസുകള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ചതാണെന്ന് വ്യക്തമായിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടി അധികമാണിത്. ഇതില്‍ 2195 പേരെയും സ്‌പോണ്‍സര്‍ ചെയ്തത് അഞ്ച് യൂണിവേഴ്‌സിറ്റികളും, ഒരു എഡ്യുക്കേഷന്‍ ഏജന്‍സിയുമാണ്.

സ്റ്റഡി ഗ്രൂപ്പ് യുകെ സ്‌പോണ്‍സര്‍ ചെയ്ത വിസകള്‍ നേടിയ 804 വിദേശ വിദ്യാര്‍ത്ഥികളാണ് പിന്നീട് അഭയാര്‍ത്ഥിത്വം തേടിയത്. പ്രധാനമായും രണ്ട് രാജ്യങ്ങളുടെ പൗരന്‍മാരാണ് ഇത് ഉപയോഗപ്പെടുത്തിയത്, 642 അഭയാര്‍ത്ഥി അപേക്ഷകര്‍ ബംഗ്ലാദേശികളും, 156 പേര്‍ പാകിസ്ഥാനികളുമായിരുന്നു.

പോര്‍ട്‌സ്മൗത്ത് യൂണിവേഴ്‌സിറ്റി സ്‌പോണ്‍സര്‍ ചെയ്ത 395 വിദ്യാര്‍ത്ഥികളാണ് അഭയാര്‍ത്ഥിത്വം തേടിയത്. പിന്നാലെ ഡി മോണ്ട്‌ഫോര്‍ട്ട് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍, കവെന്‍ട്രി യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഫോര്‍ ക്രിയേറ്റീവ് ആര്‍ട്‌സ് എന്നീ സ്ഥാപനങ്ങളുമുണ്ട്.