• December 2, 2025

കേരളത്തില്‍ യുവാക്കളില്‍ എയ്‌ഡ്സ്‌ കുതിച്ചുകയറുന്നു: എറണാകുളം ജില്ലയിലാണ്‌ കൂടുതല്‍

കൊച്ചി Dec 2:  സംസ്‌ഥാനത്ത്‌ പുതുതായി എച്ച്‌.ഐ.വി. അണുബാധിതരാകുന്നവരില്‍ യുവാക്കളുടെ സംഖ്യ വര്‍ധിക്കുന്നു. 15 നും 24 നും ഇടയില്‍ പ്രായമുള്ളവരിലാണ്‌ വര്‍ധന. 2022ല്‍ 9 ശതമാനവും 2023ല്‍ 12 ശതമാനവുമായിരുന്നത്‌ 2024 ആയതോടെ 14.2 ശതമാനം എന്നതോതിലേക്ക്‌ ഉയര്‍ന്നു. 2025 ഏപ്രില്‍ മുതല്‍ കഴിഞ്ഞ ഒക്‌ടോബര്‍ വരെയുള്ള ഏഴുമാസക്കാലത്ത്‌ 15.4 ശതമാനം എന്ന തോതിലേക്ക്‌ വീണ്ടും ഉയര്‍ന്നതോടെ ആശങ്കയേറ്റി.

കേരളത്തില്‍ ആകെ 23,608 പേരാണ്‌ എച്ച്‌.ഐ.വി.ബാധിതരായിട്ടുള്ളത്‌. എന്നാല്‍, സ്വകാര്യ ആശുപത്രികളിലും മറ്റും പരിശോധന നടത്തി രോഗമുള്ളവരുണ്ടെങ്കില്‍ ആ കണക്ക്‌ ആരോഗ്യവകുപ്പിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നില്ല. ഈ കണക്കുകൂടി ലഭ്യമാക്കണമെന്ന്‌ വകുപ്പ്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌. സ്വകാര്യ ആശുപത്രികളിലെ കണക്കുകൂടി ലഭ്യമായാല്‍ എച്ച്‌.ഐ.വി. ബാധിതരുടെ സംഖ്യ വളരെ വലുതായിരിക്കുമെന്നാണ്‌ നിഗമനം.

2024ല്‍ പുതുതായി 1213 പേര്‍ക്കും 2025 ല്‍ ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെ 818 പേര്‍ക്കും എച്ച്‌.ഐ.വി. കണ്ടെത്തിയിട്ടുണ്ട്‌. രാജ്യത്ത്‌ ആകെ എച്ച്‌.ഐ.വി. ബാധിതര്‍ 25 ലക്ഷമാണ്‌. 2024 ല്‍ പുതിയതായി 63,000 രോഗികളെ കൂടി കണ്ടെത്തി. രാജ്യത്തെ എച്ച്‌.ഐ.വി. സാന്ദ്രത 0.2 ആണെങ്കില്‍ കേരളത്തിലത്‌ നന്നേ കുറവായത്‌ ആശ്വാസകരമായി. 0.07 ആണ്‌ കേരളത്തിലെ എച്ച്‌.ഐ.വി. സാന്ദ്രത.

കുടിയേറ്റമാണ്‌ കേരളത്തില്‍ എച്ച്‌.ഐ.വി. രോഗബാധയ്‌ക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. 2023ല്‍ സംസ്‌ഥാനത്ത്‌ 1183 പേര്‍ക്കും, 2024 ല്‍ 1213 പേര്‍ക്കും രോഗം പുതുതായി കണ്ടെത്തി. കഴിഞ്ഞ മൂന്നുവര്‍ഷത്തില്‍ പുതുതായി 4477 പേര്‍ക്കാണ്‌ രോഗബാധയുള്ളതായി റിപ്പോര്‍ട്ടുണള്ളത്‌.

എറണാകുളം ജില്ലയിലാണ്‌ നിലവില്‍ ഏറ്റവും കൂടുതല്‍ എച്ച്‌.ഐ.വി.ബാധിതരുള്ളത്‌. തിരുവനന്തപുരമാണ്‌ രണ്ടാമത്‌. ഏറ്റവും കുറവ്‌ വയനാട്‌ ജില്ലയില്‍.

ലോകത്താകെ 4.08 കോടി പേര്‍ക്ക്‌ എച്ച്‌.ഐ.വി. യുണ്ടെന്നാണ്‌ ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍. ഇതില്‍ 2024 മാത്രം 13 ലക്ഷം പുതിയരോഗികളാണ്‌. സംസ്‌ഥാനത്ത്‌ 62.6 ശതമാനം വ്യക്‌തികള്‍ക്കും അണുബാധഉണ്ടായത്‌ ഒന്നിലധികം പങ്കാളികളുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ്‌. 24.6 ശതമാനത്തിന്‌ സ്വവര്‍ഗ രതിയിലൂടെയാണ്‌ രോഗംപിടിപെട്ടത്‌. 8.1 ശതമാനത്തിന്‌ ലഹരി മരുന്നു കുത്തിവയ്‌ക്കുന്ന സൂചി പങ്കിട്ട്‌ ഉപയോഗിച്ചതുമൂലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

0.9 ശതമാനം ഗര്‍ഭിണികളില്‍ നിന്ന്‌ ശിശുവിലേക്കും പകര്‍ന്നു. രോഗബാധയുടെ കാരണം കണ്ടെത്താത്ത 3.7 ശതമാനം എച്ച്‌.ഐ.വി ബാധിതരുമുണ്ട്‌. ഒന്നിലധികം കാരണങ്ങളാല്‍ രോഗം പകര്‍ന്നുകിട്ടിയവര്‍ 0.1 ശതമാനമാണ്‌. യുവതയ്‌ക്കിടയില്‍ വ്യാപകമായ തോതില്‍ ബോധവത്‌കരണ പ്രവര്‍ത്തനങ്ങള്‍ നടന്നില്ലെങ്കില്‍ എയ്‌ഡസ്‌ ബാധിതരാകുന്ന യുവാക്കളുടെ എണ്ണം കുതിച്ചുയരുമെന്നാണ്‌ ആരോഗ്യവകുപ്പിന്റെ അനുമാനം.

കൂടുതല്‍ എറണാകുളത്ത്, ജെന്‍സികളില്‍ രോഗബാധ കൂടുന്നു!

സുരക്ഷിതമല്ലാത്ത സ്വവര്‍ഗരതിയിലൂടെ 24.6 ശതമാനം പേര്‍ക്കും രോഗബാധയുണ്ടായി.

സൂചി പങ്കിട്ടുളള ലഹരിമരുന്ന് ഉപയോഗത്തിലൂടെ 8.1 ശതമാനം പേര്‍ക്കും അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് 0.9 ശതമാനം പേര്‍ക്കും എച്ച് ഐ വി ബാധിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ എച്ച്ഐവി അണുബാധിതരുണ്ടായത് എറണാകുളത്താണ്. 850 പേര്‍ക്കാണ് എറണാകുളത്ത് എച്ച്ഐവി രോഗബാധയുണ്ടായത്. തിരുവനന്തപുരത്ത് 555 പേര്‍ക്കും തൃശൂരില്‍ 518 പേര്‍ക്കും കോഴിക്കോട് 441 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പാലക്കാട് 371 പേര്‍ക്കും കോട്ടയത്ത് 350 പേര്‍ക്കുമാണ് എച്ച്ഐവി രോഗബാധയുണ്ടായത്. 67 പേര്‍ക്ക് എച്ച് ഐ വി സ്ഥിരീകരിച്ച വയനാട്ടിലാണ് ഏറ്റവും കുറവ്. ഈ സാമ്പത്തിക വര്‍ഷം ഒക്ടബോര്‍ വരെ എറണാകുളത്ത് പുതുതായി 160 പേര്‍ക്ക് എച്ച്‌ഐവി ബാധിക്കപ്പെട്ടതായി കണ്ടെത്തി. ഓരോ മാസവും ശരാശരി 23 പുതിയ എച്ച്ഐവി കേസുകള്‍ ജില്ലയില്‍ രേഖപ്പെടുത്തുന്നുണ്ട് എന്നാണ് വിവരം.

ഈ സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ വരെ തിരുവനന്തപുരത്ത് 82 ഉം തൃശൂരില്‍ 78 ഉം പുതിയ എച്ച്ഐവി കേസുകള്‍ രേഖപ്പെടുത്തി. 20 നും 40 നും ഇടയിലുള്ളവരിലാണ് പ്രധാനമായും പുതിയ എച്ച്ഐവി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. ഡേറ്റിങ് ആപ്പുകളിലൂടെ പരിചയപ്പെടുന്നവര്‍ പശ്ചാത്തലം അറിയാതെ ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പ്രവണത രോഗബാധ കൂടാന്‍ കാരണമാകുന്നു എന്നാണ് വിവരം.

ഗര്‍ഭനിരോധന ഉറകള്‍ പോലുള്ള സുരക്ഷിത മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ കാണിക്കുന്ന വിമുഖതയാണ് കൂടുതല്‍ പേരിലേക്ക് എച്ച്ഐവി പടരാന്‍ ഇടയാക്കുന്നത്. എറണാകുളത്ത് പുതുതായി എയ്ഡ്സ് രോഗം ബാധിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും പുരുഷന്മാരാണ് എന്നാണ് റിപ്പോര്‍ട്ട്.