• May 11, 2024

മൈഗ്രേഷന്‍ അഡ്വൈസിംഗ് കമ്മിറ്റി 14ന്; രണ്ടു വര്‍ഷ വര്‍ക്ക് പെര്‍മിറ്റ് നിര്‍ത്തലാക്കുമെന്നു ആശങ്ക

മൈഗ്രേഷന്‍ അഡ്വൈസിംഗ് കമ്മിറ്റി 14ന്; രണ്ടു വര്‍ഷ വര്‍ക്ക് പെര്‍മിറ്റ് നിര്‍ത്തലാക്കുമെന്നു ആശങ്ക

ലണ്ടന്‍ മെയ് 11 : മലയാളികളടക്കം ഒട്ടേറെ വിദേശ വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും ഉപരിപഠനത്തിനായി യുകെയിലെത്തുന്നത്. പഠനത്തോടൊപ്പം ജോലി ചെയ്യുക മാത്രമല്ല ഇവരുടെ ലക്ഷ്യം. പഠനശേഷം ലഭിക്കുന്ന പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയുടെ ഭാഗമായി യുകെയില്‍ തുടര്‍ന്ന് ജോലി ചെയ്യുകയും അതോടൊപ്പം പെര്‍മനന്റ് വിസ തരപ്പെടുത്തുന്നതിന് ഉതകുന്ന ജോലി സംഘടിപ്പിക്കുകയുമാണ് എല്ലാവരുടെയും ലക്ഷ്യം. രണ്ടുവര്‍ഷം യുകെയില്‍ പഠനത്തിനായി 35 മുതല്‍ 50 ലക്ഷം വരെയാണ് ഓരോ വിദ്യാര്‍ത്ഥിയും ചിലവഴിക്കേണ്ടതായി വരുന്നത്.

എന്നാല്‍ യുകെയില്‍ പോകാന്‍ ലക്ഷങ്ങള്‍ ലോണ്‍ എടുത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു തീരുമാനം ഈ മാസം 14ന് ഉണ്ടായേക്കാം എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ചൊവ്വാഴ്ച നടക്കുന്ന മൈഗ്രേഷന്‍ അഡ്വൈസിംഗ് കമ്മിറ്റി മീറ്റിങ്ങില്‍ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസകള്‍ നിര്‍ത്തലാക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ റദ്ദാക്കിയാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് യുകെയില്‍ പഠിക്കാന്‍ എത്തിയവര്‍ക്ക് വന്‍ തിരിച്ചടിയാവും.

മൈഗ്രേഷന്‍ അഡ്വൈസിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട അവസാന തീയതിയാണ് മെയ് 14. നിലവിലെ കണക്കുകള്‍ അനുസരിച്ച് വിദേശ വിദ്യാര്‍ഥികള്‍ 32 ശതമാനം പേര്‍ മാത്രമാണ് വിസ ലഭിക്കാനുള്ള പരിധിക്ക് മുകളില്‍ കഴിഞ്ഞ വര്‍ഷം ശമ്പളം നേടിയത് . 2023 മുതല്‍ 1.20 ലക്ഷം വിദ്യാര്‍ഥികളാണ് സ്റ്റുഡന്‍സ് വിസയില്‍ യുകെയില്‍ എത്തിയത്. യുകെയിലേയ്ക്ക് ഉള്ള കുടിയേറ്റം കുറയ്ക്കുന്നതിനായാണ് പോസ്റ്റ് സ്റ്റഡി വിസ റദ്ദാക്കാനുള്ള നിര്‍ദ്ദേശം എടുക്കുന്നത്.

നേരത്തെ വിദ്യാര്‍ത്ഥികളുടെയും കെയര്‍ വര്‍ക്കര്‍മാരുടെയും ആശ്രിത വിസ നിര്‍ത്തലാക്കിയിരുന്നു. ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഇനി ആശ്രിതരെ കൊണ്ടുവരാന്‍ കഴിയൂ.

Migration panel to submit Graduate visa route (Post Study) review report by May 14