• February 26, 2024

രോഹാംപ്റ്റണ്‍ യൂണിവേഴ്‌സിറ്റി മലയാളി വിദ്യാര്‍ത്ഥി ലണ്ടനില്‍ അന്തരിച്ചു

രോഹാംപ്റ്റണ്‍ യൂണിവേഴ്‌സിറ്റി മലയാളി വിദ്യാര്‍ത്ഥി ലണ്ടനില്‍ അന്തരിച്ചു

LONDON Feb 26: ഏറെ പ്രതീക്ഷയോടെ നാട്ടില്‍ നിന്നും പഠനത്തിനായി എത്തിയ ലണ്ടനിലെ മലയാളി വിദ്യാര്‍ത്ഥി ഡേവിസ് സൈമണ്‍ (25) ലുക്കീമിയ ബാധയെ തുടര്‍ന്ന് ലണ്ടനില്‍ അന്തരിച്ചു.

രോഹാംപ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ എംഎസ്.സി ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായിരുന്ന ഡേവിസ്, ജനുവരി 17നാണ് ഡേവിസ് സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിയത്.

പഠനം തുടങ്ങി ആഴ്ചകള്‍ മാത്രം പിന്നിടവേയാണ് മൂന്നു ദിവസം മുന്നേ കടുത്ത തലവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. ശേഷം നടത്തിയ പരിശോധനയില്‍ തലയില്‍ രക്തസ്രാവവും കണ്ടെത്തി. കൂടുതല്‍ പരിശോധനയിലാണ് ലുക്കീമിയ തിരിച്ചറിഞ്ഞത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പാണ് ലണ്ടനിലെ ചാറിങ് ക്രോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 9.30ഓടെയായിരുന്നു മരണം സ്ഥിരീകരിച്ചത്.

നാട്ടില്‍ റാന്നി സ്വദേശികളാണെങ്കിലും വര്‍ഷങ്ങളായി രാജസ്ഥാനില്‍ സ്ഥിര താമസമാണ് ഡേവിസിന്റെ കുടുംബം. ഉന്നത പഠനത്തിനായി നാട്ടില്‍ നിന്നും ലോണെടുത്ത് പ്രതീക്ഷയോടെയാണ് യുവാവ് ലണ്ടനിലെത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായി രോഗം പിടികൂടി.

ലണ്ടന്‍ പെന്തക്കോസ്തല്‍ ചര്‍ച്ചിന്റെ നേതൃത്വത്തിലാണ് നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. അതിനു മുന്നേ ദേവാലയത്തില്‍ പൊതുദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്. ഡേവിസിന്റെ മൃതദേഹം നാട്ടിലെത്തിക്കുവാന്‍ യാതൊരു ഫണ്ട് സമാഹരണവും നടത്തുന്നില്ലായെന്ന് കുടുംബം അറിയിച്ചു. കുടുംബാംഗങ്ങളും ലണ്ടന്‍ പെന്തക്കോസ്തല്‍ ചര്‍ച്ചും എല്ലാം നേരിട്ടിടപെട്ടാണ് നടപടിക്രമങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നത്.

സംസ്‌കാരം പിന്നീട് കേരളത്തില്‍ നടക്കും.