• July 19, 2024

ലീഡ്സില്‍ കലാപം: ജീവനും സ്വത്തും സംരക്ഷിക്കാന്‍ സ്വയം തുനിഞ്ഞിറങ്ങി നാട്ടുകാര്‍

ലീഡ്സില്‍ കലാപം: ജീവനും സ്വത്തും സംരക്ഷിക്കാന്‍ സ്വയം തുനിഞ്ഞിറങ്ങി നാട്ടുകാര്‍

ലീഡ്സ് ജൂലൈ 19: ഇന്നലെ ലീഡ്സിലെ ഹെയര്‍ഹില്‍സില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ സ്ഥിതിഗതികള്‍ രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് ഈസ്റ്റ് ലീഡ്സിലെ പ്രദേശത്ത് ഗുരുതരമായ അക്രമങ്ങള്‍ പടര്‍ന്നത്. നഗരത്തിലെ പല ഭാഗത്തും തീവെപ്പ് നടക്കുകയും, പോലീസ് കാര്‍ തലകീഴായി മറിച്ചിടുകയും, ഡബിള്‍ ഡെക്കര്‍ ബസിന് തീകൊളുത്തുകയും ചെയ്തു. കലാപം പൊട്ടിപ്പുറപ്പെട്ടു.

രണ്ടു വിഭാഗം തമ്മിലുണ്ടായ വാക്കുതര്‍ക്കം പിന്നീട് ഏറ്റുമുട്ടലായും കലാപമായും മാറുകയായിരുന്നു.

തെരുവില്‍ അങ്ങിങ്ങായി തീ പടര്‍ന്നു. അക്രമം തങ്ങള്‍ക്ക് നേരെ തിരിഞ്ഞതോടെ പോലീസ് ഇവിടെ നിന്നും രക്ഷപ്പെട്ടു. പ്രദേശവാസികളോട് പുറത്തിറങ്ങരുതെന്നാണ് ഹെയര്‍ഹില്‍സിലെ താമസക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് ലീഡ്സില്‍ നൂറുകണക്കിന് പേര്‍ കലാപം നടത്തിയത്. വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെ ഏജന്‍സി ജോലിക്കാരും, ചില കുട്ടികളും തമ്മിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ച് പോലീസ് എത്തിയതോടെയാണ് കലാപം അരങ്ങേറിയത്.

ആക്രമണത്തെ അപലപിച്ച ഹോം സെക്രട്ടറി യെവെറ്റ് കൂപ്പര്‍, ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് നമ്മുടെ സമൂഹത്തില്‍ സ്ഥാനം ഇല്ലെന്നും വ്യക്തമാക്കി. എന്നാല്‍ ഈ സംഘര്‍ഷത്തിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. സ്ഥലത്തെ സമാധാന അവസ്ഥ തകര്‍ക്കുവാന്‍ ക്രിമിനല്‍ ബന്ധമുള്ള ന്യൂനപക്ഷ സംഘങ്ങളാണ് ഈ സംഘര്‍ഷത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ട ഫൂട്ടേജുകളില്‍, പോലീസ് വാഹനത്തിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ വ്യക്തമാകുന്നുണ്ട്. ഗാസയ്ക്കായി വിജയം സമര്‍പ്പിച്ച് ലീഡ്സ് കൗണ്‍സിലിലേക്ക് വിജയിച്ച ഗ്രീന്‍ പാര്‍ട്ടി കൗണ്‍സിലര്‍ മോതിന്‍ അലി കലാപകാരികളോട് അക്രമം നിര്‍ത്താന്‍ ആവശ്യപ്പെട്ട് കാലുപിടിക്കുന്നുണ്ടായിരുന്നു.