• July 15, 2024

ഇവർ ജർമ്മനിക്ക് പറക്കുന്നു, അതും സർക്കാർ വഴി: നിങ്ങള്‍ക്കും പോകണോ? ഇനിയും അവസരമുണ്ട്

ഇവർ ജർമ്മനിക്ക് പറക്കുന്നു, അതും സർക്കാർ വഴി: നിങ്ങള്‍ക്കും പോകണോ? ഇനിയും അവസരമുണ്ട്

കൊച്ചി ജൂലൈ 15: കേരള സർക്കാർ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) ആദ്യബാച്ചിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുളളവര്‍ക്കുള്ള തൊഴിൽ കരാറുകൾ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി കൈമാറി. ആദ്യബാച്ചിലെ രേവതി കൃഷ്ണ, എലിസബത്ത് തോമസ്, ബെനിറ്റ പൗലോസ്, റോസ് മരിയ എന്നിവർക്കാണ് കോൺട്രാക്റ്റ് കൈമാറിയത്.

കഴിഞ്ഞ ഏപ്രിൽ 15 മുതൽ 18 വരെ നടന്ന അഭിമുഖങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 42 പേരില്‍ എട്ട് പേരാണ് ആദ്യ ബാച്ചില്‍ ജര്‍മ്മനിയിലേയ്ക്ക് തിരിക്കുന്നത്. ഇവരുടെ ക്ലാസുകൾ സെപ്റ്റംബർ, ഒക്ടോബർ മാസത്തിൽ ആരംഭിക്കും. ഇവരില്‍ നാലുപേര്‍ക്ക് ജൂലൈ ഒന്നിന് കൊച്ചിയില്‍ വച്ച് വര്‍ക്ക് കോണ്‍ട്രാക്ട് കൈമാറിയിരുന്നു.

തിരഞ്ഞെടുക്കപ്പെട്ടവരില്‍ 34 വിദ്യാര്‍ത്ഥികളുടെ ജര്‍മ്മന്‍ ഭാഷാ പഠനം (B1,B2) തിരുവനന്തപുരം ഗോയ്ഥേ സെന്ററില്‍ പുരോഗമിക്കുകയാണ്. തൈയ്ക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്. ഹോം ഒതന്റിക്കേഷന്‍ ഓഫീസര്‍ സുഷമാഭായി, റിക്രൂട്ട്മെന്റ് വിഭാഗം പ്രതിനിധികള്‍, ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷന്‍ (GIZ) പ്രതിനിധികളായ ശില്‍പ.സി, അനുഷ പി.പി, വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ എന്നിവരും സംബന്ധിച്ചു.

പ്ലസ്ടു വിനുശേഷം ജര്‍മ്മനിയില്‍ പ്രതിമാസ സ്റ്റൈപ്പന്റോടെ സൗജന്യ നഴ്സിങ് പഠനത്തിനും തുടര്‍ന്ന് രജിസ്ട്രേഡ് നഴ്സായി നിയമനവും ലഭിക്കുന്നതിനും അവസരമൊരുക്കുന്നതാണ് പദ്ധതി. ജര്‍മ്മനിയില്‍ രജിസ്ട്രേഡ് നഴ്സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണല്‍ നഴ്സിങ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുന്നത്. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

ജോയി ഇനി മടങ്ങിവരില്ല; 48 -ആം മണിക്കൂറില്‍ കണ്ണീർ വാർത്ത; ജോയിയുടെ മൃതദേഹം കണ്ടെത്തി
കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകള്‍ സന്ദർശിക്കുക. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

അതേസമയം, സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് (MoH) കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് 2024 ജൂലൈ 22 മുതല്‍ 26 വരെ കൊച്ചിയില്‍ നടക്കും. കാർഡിയാക് കത്തീറ്ററൈസേഷൻ, കാർഡിയാക് ഐസിയു (മുതിർന്നവർക്കുള്ളത്), ഡയാലിസിസ്, എമർജൻസി പീഡിയാട്രിക്, എമർജൻസി റൂം (ER), ജനറൽ നഴ്‌സിംഗ്, ഐസിയു അഡൾട്ട്, മെഡിസിൻ & സർജറി, (പ്രസവചികിത്സ)/ഗൈനക്കോളജി (OB/GYN), ഓങ്കോളജി, ഓപ്പറേഷൻ തിയറ്റർ (OT/OR), പീഡിയാട്രിക് ഇൻ്റൻസീവ് കെയർ യൂണിറ്റ് (PICU) എന്നീ സ്പെഷ്യാലിറ്റികളിലേയ്ക്കാണ് അവസരം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.