• March 16, 2025

വെയില്‍സ് ഹിന്ദു കൂട്ടായ്മയുടെ പ്രവര്‍ത്തനം പുതിയ നേതൃനിര നയിക്കും

വെയില്‍സ് ഹിന്ദു കൂട്ടായ്മയുടെ പ്രവര്‍ത്തനം  പുതിയ നേതൃനിര നയിക്കും

ന്യൂപോർട്ട് മാർച്ച് 16: വെയിൽസിലെ ഹിന്ദു സമൂഹത്തിന്റെ ഐക്യവും സംസ്കാരസംരക്ഷണവും ലക്ഷ്യമാക്കി രൂപീകൃതമായ വെയിൽസ് ഹിന്ദു കൂട്ടായ്മ (Wales Hindu Community) വിവിധ ധാർമ്മിക, സാംസ്കാരിക പ്രവർത്തനങ്ങളുമായി മുന്നേറുന്നു.

ഹിന്ദുമതത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ, വേദങ്ങൾ, ഉപനിഷത്തുകൾ എന്നിവയെക്കുറിച്ച് സമൂഹത്തിന് ബോധവൽക്കരണം നടത്തുക എന്നതാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ക്ലാസുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നു.

മാസത്തിൽ ഒരിക്കൽ നടത്തുന്ന ഒത്തുചേരലുകൾ, ഭജന, ശ്ലോക പാരായണം, പൗരാണിക കഥകൾ എന്നിവയെ അടിസ്ഥാനമാക്കി ക്ലാസുകൾ സംഘടിപ്പിക്കപ്പെടുന്നു. ഹിന്ദു സംസ്കാര ക്ലാസുകൾ, കുടുംബ സംഗമങ്ങൾ, ഉത്സവാഘോഷങ്ങൾ എന്നിവ മുഖേന സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താൻ കൂട്ടായ്മ ലക്ഷ്യമിടുന്നു. വിഷു, ഓണം, ദീപാവലി, ശിവരാത്രി, നവരാത്രി, ഹോളി തുടങ്ങിയ പ്രധാന ഹിന്ദു ഉത്സവങ്ങൾ ആചരിക്കുമ്പോൾ, അതിന്റെ യഥാർത്ഥ താത്പര്യവും ആദ്ധ്യാത്മിക മുഖവും പങ്കുവയ്ക്കാൻ പ്രത്യേക സെഷനുകളും ഒരുക്കുന്നു.

UK യിലെ പ്രമുഖ ക്ഷേത്രങ്ങളിലേക്ക് തീർത്ഥാടനങ്ങൾ നടത്തുക, യോഗ പരിശീലനം സംഘടിപ്പിക്കുക, സമൂഹത്തിനു ധാർമ്മിക ബോധവൽക്കരണം നൽകുക എന്നിവയാണ് പ്രധാന സംരംഭങ്ങൾ. കൂടാതെ, സാമ്പത്തിക-സാമൂഹിക പിന്തുണ നൽകുന്നതിനുള്ള സേവനപ്രവർത്തനങ്ങളിലും കൂട്ടായ്മ സജീവമാകാൻ തയ്യാറെടുക്കുകയാണ്.

ഈ കഴിഞ്ഞ മാർച്ച് 08 നു നടന്ന മീറ്റിങ്ങിൽ അടുത്ത 2 വർഷ കാലഘട്ടത്തേക്കുള്ള (2025-2027) നേതൃത്വത്തെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് – ബിനു ദാമോദരൻ
വൈസ് പ്രസിഡണ്ട് – സൺ കെ. ലാൽ
സെക്രട്ടറി – ഷിബിൻ പനക്കൽ
ജോയിന്റ് സെക്രട്ടറി – അഞ്ജു രാജീവ്
ട്രഷറർ – അഖിൽ എസ്. രാജ്
ആർട്സ് കോർഡിനേറ്റർമാർ – പ്രശാന്ത് & രേവതി മനീഷ്
ഇവന്റ് കോർഡിനേറ്റർമാർ – അനീഷ് കോടനാട് & ബിനോജ് ശിവൻ

കൂടാതെ, സാന്ദ്ര, മഞ്ജു, അശ്വതി, ഷിബിൻ, പ്രശാന്ത് എന്നിവരെ പ്രധാന അധ്യാപകരായി തെരഞ്ഞെടുത്തിട്ടുണ്ട്.

കുടുംബത്തിനു വാർഷിക ഫീസ് £10 മാത്രം. ഇതിലൂടെ എല്ലാ പരിപാടികൾക്കും ക്ലാസുകൾക്കും അംഗങ്ങൾക്ക് സൗജന്യ പ്രവേശനം ലഭിക്കും.

കൂടാതെ ഈ വർഷത്തെ വിഷു ആഘോഷ പരിപാടികൾ 19 ഏപ്രിൽ 2025 നു വിപുലമായി നടത്താനും തീരുമാനിച്ചിട്ടുണ്ട്.

വെയിൽസ് ഹിന്ദു കൂട്ടായ്മയുടെ ഈ പ്രവർത്തനങ്ങൾ ഹിന്ദു സമൂഹത്തിൽ നവോത്ഥാനം സൃഷ്ടിക്കുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നു.