• February 18, 2024

ഇനി ഇന്ത്യക്കാരുടെ ലക്ഷ്യം ഈ രാജ്യം

ഇനി ഇന്ത്യക്കാരുടെ ലക്ഷ്യം ഈ രാജ്യം

മുംബൈ Feb 18: ഭാവി തലമുറയ്ക്ക് സുഖമായും സുരക്ഷിതമായും ജീവിക്കുന്നതിനുളള സമ്പാദ്യം മാറ്റിവയ്ക്കുന്നവരാണ് നമ്മൾ. സ്വന്തം രാജ്യത്ത് താമസിച്ച് ജോലി ചെയ്ത് പണം സമ്പാദിക്കുന്നതിനേക്കാൾ സാദ്ധ്യത മറ്റുരാജ്യങ്ങളിലുണ്ടെന്ന് മനസിലാക്കി പലരും വിദേശരാജ്യങ്ങളിലേക്ക് കുടിയേറി പാർക്കാറുണ്ട്.

ഒരുകാലത്ത് കൂടുതൽ ആളുകളും അറേബ്യൻ രാജ്യങ്ങളിലേക്ക് ഉയർന്ന വരുമാനമുളള തൊഴിലുകൾ അന്വേഷിച്ച് പോകാറുണ്ടായിരുന്നു. എന്നാൽ ഇന്ന് അതിൽ കുറവ് വന്നിട്ടുണ്ട്. പകരം കൂടുതൽ ആളുകളും വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾക്കുമായി വിമാനം കയറുന്നത് യൂറോപ്യൻ രാജ്യങ്ങളിലേക്കാണ്.

എന്നാൽ ഇതുസംബന്ധിച്ച് പൗരത്വ ഉപദേശ സ്ഥാപനമായ ഹെൻലി ആൻഡ് പാർഡ്ണേഴ്സിന്റെ പുതിയ പഠനങ്ങൾ പുറത്തുവന്നിരുന്നു.15 രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് പഠനം നടന്നിരിക്കുന്നത്. വരുമാന സാദ്ധ്യത, തൊഴിൽ പുരോഗതി, തൊഴിലവസരങ്ങൾ, മികച്ച വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിരത, താമസസൗകര്യം എന്നീ ആറ് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സംഘടന പഠനം നടത്തിയിരിക്കുന്നത്. ഓരോ ഘടകങ്ങളും നൂറ് പോയിന്റ് കണക്കിയാണ് പഠനത്തിൽ പരിഗണിച്ചിരിക്കുന്നത്.

പഠനത്തിലൂടെ മെച്ചപ്പെട്ട ജീവിത നിലവാരവും സമ്പാദിക്കാൻ അനുയോജ്യമായ രാജ്യമായി തിരഞ്ഞെടുത്തിരിക്കുന്നത് സ്വിറ്റ്സർലൻഡിനെയാണ്. ആകെ പോയിന്റിന്റെ 85 ശതമാനമാണ് സ്വിറ്റ്സർലൻഡിന് പഠനത്തിൽ നിന്നും ലഭിച്ചത്. സ്വിറ്റ്സർലൻഡിലെ വരുമാന സാദ്ധ്യതയ്ക്ക് 95 പോയിന്റും സാമ്പത്തിക സ്ഥിരതയ്ക്കും താമസസൗകര്യത്തിനും 75 പോയിന്റുകൾ വീതവും മികച്ച വിദ്യാഭ്യാസത്തിന് 72 പോയിന്റുമാണ് ലഭിച്ചിരിക്കുന്നത്.

പുറത്തുവന്ന പട്ടികയിൽ അമേരിക്കയാണ് (82 ശതമാനം) രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. അമേരിക്കയുടെയും സ്വിറ്റ്സർലൻഡിന്റെയും തൊഴിൽ പുരോഗതി തുല്യമാണ്. വരുമാന സാദ്ധ്യതയ്ക്ക് 93 പോയിന്റും താമസ സൗകര്യങ്ങൾക്ക് 68 പോയിന്റുമാണ് അമേരിക്കയ്ക്ക് ലഭിച്ചിരിക്കുന്നത്. അതേസമയം, അമേരിക്കയിലെ തൊഴിൽ സാദ്ധ്യതകൾക്കും മികച്ച വിദ്യാഭ്യാസത്തിനും 74 പോയിന്റുകൾ വീതമാണ് ലഭിച്ചിരിക്കുന്നത്.

പട്ടികയിൽ മൂന്നാം സ്ഥാനം നേടിയിരിക്കുന്നത് സിംഗപ്പൂരാണ്. 79 ശതമാനമാണ് സിംഗപ്പൂരിന് ലഭിച്ചിരിക്കുന്നത്. അതേസമയം തൊഴിൽ സാദ്ധ്യത ഏറ്റവും കൂടുതലുളള (97 പോയിന്റ്) രാജ്യമായി സിംഗപ്പൂർ മാറിയിട്ടുണ്ട്.

തൊഴിൽ പുരോഗതിയിൽ 66 പോയിന്റും മികച്ച വിദ്യാഭ്യാസത്തിന് 55 പോയിന്റും താമസസൗകര്യത്തിന് 65 പോയിന്റും സാമ്പത്തിക സ്ഥിരതയ്ക്ക് 92 പോയിന്റുമാണ് ലഭിച്ചത്. പട്ടികയിൽ നാലാം സ്ഥാനത്തെത്തിയത് ഓസ്‌ട്രേലിയയാണ്.

സംഘടനയുടെ പട്ടികയിൽ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്ന ശതമാനം വെറും 32 മാത്രമാണ്. സാമ്പത്തിക സ്ഥിരതയിൽ ഇന്ത്യയ്ക്ക് എട്ട് പോയിന്റാണുളളത്. മറ്റുളള ഘടകങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തൊഴിൽ പുരോഗതിയിലാണ് (43) ഏറ്റവും കൂടുതൽ പോയിന്റ് ലഭിച്ചിരിക്കുന്നത്.