• August 19, 2024

‘സോഷ്യല്‍ വര്‍ക്ക് സ്റ്റുഡന്റ് ഓഫ് ദി ഇയര്‍’ ചുരുക്കപ്പട്ടികയില്‍ ഇടം നേടി മലയാളി

ലണ്ടൻ ഓഗസ്റ്റ് 19: യുകെയില്‍ 2024 ലെ ‘സോഷ്യല്‍ വര്‍ക്ക് സ്റ്റുഡന്റ് ഓഫ് ദി ഇയര്‍’ അവാര്‍ഡിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടി കൊല്ലം അഞ്ചല്‍ സ്വദേശിയായ വിശാല്‍ ഉദയകുമാര്‍. ലണ്ടനില്‍ ബ്രൂണല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയായ വിശാലിനൊപ്പം ഇതേ യൂണിവേഴ്സിറ്റിയിലെ തന്നെ ടിയാന്‍ഗ എന്‍ഗേല്‍ എന്ന മറ്റൊരു വിദ്യാര്‍ഥിയും ചുരുക്കപ്പട്ടികയിലുണ്ട്.

ഇംഗ്ലണ്ടിലെ സര്‍വ്വകലാശാലകളില്‍ നിന്നും ഏറ്റവും മികച്ച സബ്മിഷനുകള്‍ കാണിക്കുന്ന ചുരുക്കപ്പട്ടികയിയിലെ അഞ്ച് സ്ഥാനങ്ങളില്‍ രണ്ടെണ്ണം തങ്ങളുടെ മാസ്റ്റേഴ്സ് വിദ്യാര്‍ഥികള്‍ കരസ്ഥമാക്കിയെന്ന് ബ്രൂണല്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു. നവംബറില്‍ ലണ്ടനില്‍ നടക്കുന്ന ചടങ്ങില്‍ അന്തിമഫലം അറിയുവാന്‍ കഴിയും.

ഇതേ വിഭാഗത്തിലെ മുന്‍ അവാര്‍ഡ് ജേതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, വ്യവസായ പ്രമുഖര്‍ എന്നിവരുള്‍പ്പെടെ സ്വതന്ത്ര വിധികര്‍ത്താക്കളുടെ പാനലുകളാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. സോഷ്യല്‍ വര്‍ക്കര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡുകള്‍ ഇംഗ്ലണ്ടിലെ സാമൂഹിക പ്രവര്‍ത്തനത്തിനുള്ള ഏക ദേശീയ അവാര്‍ഡ് ഇവന്റാണ്. എല്ലാ വര്‍ഷവും നൂറുകണക്കിന് എന്‍ട്രികളാണ് ഇതിനായി സമര്‍പ്പിക്കപ്പെടുന്നത്.

യുകെയില്‍ നിന്നുള്ള ലോക കേരളസഭയുടെ പ്രതിനിധി, എസ്എഫ്‌ഐ യുകെയുടെ കമ്മിറ്റി അംഗം, യുകെ മലയാളി സോഷ്യല്‍ വര്‍ക്കേഴ്‌സ് ഫോറത്തിന്റെ വിദ്യാര്‍ഥി പ്രതിനിധി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയാണ് വിശാല്‍ ഉദയകുമാര്‍. അവാര്‍ഡിനായുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതില്‍ സന്തോഷമുണ്ടെങ്കിലും തന്റെ ചിന്തകളും പ്രവര്‍ത്തനങ്ങളും വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ ഇരകള്‍ക്കൊപ്പമാണെന്ന് വിശാല്‍ പ്രതികരിച്ചു.