• February 27, 2025

വെയിൽസ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസ് കേരളത്തിൽ: ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

വെയിൽസ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസ് കേരളത്തിൽ: ഇന്ന് മുഖ്യമന്ത്രിയുമായി  കൂടിക്കാഴ്ച

തിരുവനന്തപുരം ഫെബ്രുവരി 28: “വെയിൽസ് ഇൻ ഇന്ത്യ 2024” വർഷത്തെ പ്രവർത്തനങ്ങളുടെ സമാപനചടങ്ങുകളുടെ ഭാഗമായി ഇന്ത്യ സന്ദര്‍ശനം നടത്തുന്ന യുണൈറ്റഡ് കിംങ്ഡമിലെ വെയില്‍സ് ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസ് ഫെബ്രു 27 ന് കേരളത്തിലെത്തി.

ഇന്ന് (ഫെബ്രുവരി 28 ന്) മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് എന്നിവരുമായും ജെറമി മൈൽസിന്റെ നേതൃത്വത്തിലുളള വെയില്‍സ് പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരം മെഡിക്കല്‍, നഴ്സിംങ് കോളേജുകള്‍ സന്ദര്‍ശിക്കുന്ന വെയില്‍സ് സംഘം വിദ്യാര്‍ത്ഥികളുമായും സംവദിക്കും.

നോര്‍ക്ക റൂട്ട്സ് വഴി വെയില്‍സിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യപ്രവര്‍ത്തകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. തൈയ്ക്കാട് നോര്‍ക്ക സെന്റര്‍ സന്ദര്‍ശിക്കുന്ന ജെറമി മൈൽസ് നോര്‍ക്ക വെയില്‍സ് റിക്രൂട്ട്മെന്റ് കരാറിന്റെ വാര്‍ഷികാഘോഷത്തിലും പങ്കെടുക്കും.

കേരളസന്ദര്‍ശനത്തിനുശേഷം മുംബൈയിലേയ്ക്കു തിരിക്കുന്ന ജെറമി മൈൽസ് “വെയിൽസ് ഇൻ ഇന്ത്യ 2024” സമാപനപരിപാടികളിലും പങ്കെടുക്കും. വെയിൽസിന്റെ ദേശീയ ദിനമായ സെന്റ് ഡേവിഡ്‌സ് ദിനത്തിന്റെ (മാര്‍ച്ച് 1) ഭാഗമായി സംഘടിപ്പിക്കുന്ന “വെയിൽസ് ഇൻ ഇന്ത്യ 2024” സമാപനത്തില്‍ കലാ, കായിക, വ്യാപാര, ആരോഗ്യം, നിക്ഷേപം മേഖലയിലെ പങ്കാളിത്തം മുൻനിര്‍ത്തി ഇന്ത്യയിലും വെയിൽസിലും നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

ഒരു വര്‍ഷത്തിനുളളില്‍ വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള നഴ്സുമാര്‍, സൈക്യാട്രി, എമര്‍ജന്‍സി, ഗ്യാസ്ട്രോഎന്‍ട്രാളജി, ഓങ്കോളജി, റേഡിയോളജി, ഹെമറ്റോളജി സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാരുമുള്‍പ്പെടെ 350 ലധികം ആരോഗ്യപ്രവര്‍ത്തകരാണ് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലൂടെ വെയില്‍സിലെത്തിയത്.

വെയില്‍സിലേയ്ക്ക് ആരോഗ്യപ്രവര്‍ത്തകരെ റിക്രൂട്ട്ചെയ്യുന്നതിനുളള കരാര്‍ ബഹു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ വെയില്‍സ് ഫസ്റ്റ് മിനിസ്റ്റര്‍ എലുനെഡ് മോർഗനും നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും 2024 മാര്‍ച്ച് ഒന്നിനാണ് തിരുവനന്തപുരത്ത് ഒപ്പിട്ടത്.