• September 8, 2024

വീണ്ടും പുതിയ വിലക്കുമായി കാനഡ: ഇന്ത്യക്കാരും വലയും: പിന്നെയും പ്രതിസന്ധി

വീണ്ടും പുതിയ വിലക്കുമായി കാനഡ: ഇന്ത്യക്കാരും വലയും: പിന്നെയും  പ്രതിസന്ധി

കാനഡ സെപ്റ്റംബർ 8: സന്ദർശക വിസയ്ക്കും അപ്രഖ്യാപിത നിയന്ത്രണം ഏർപ്പെടുത്തി കാനഡ. അടുത്ത കാലത്തായി സന്ദർശന വിസയ്ക്കായി ശ്രമിച്ച നിരവധി പേരുടെ അപേക്ഷ നിരസിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. സന്ദർശക വിസകൾ നിരസിക്കുന്നതിലും ഔദ്യോഗിക രേഖകളുമായി കനേഡിയൻ അതിർത്തിയിലെത്തിയവരെ പിന്തിരിപ്പിക്കുന്നതിലും വർധനയുണ്ടായതായി സമീപകാലത്തെ സർക്കാർ കണക്കുകൾ തന്നെ വ്യക്തമാക്കുന്നു.

കനേഡിയൻ അതിർത്തികളിൽ വിദേശ യാത്രക്കാരുടെ പ്രവേശനം നിരസിച്ചതിൻ്റെ നിരക്ക് 2019 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന തലത്തിലേക്ക് എത്തുവെന്നാണ് റോയിട്ടേഴ്സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. ജൂലൈയിൽ മാത്രം, വിദ്യാർത്ഥികളും തൊഴിലാളികളും വിനോദസഞ്ചാരികളും ഉൾപ്പെടെ 5,853 വിദേശ യാത്രക്കാരെ കാനഡ തിരിച്ചയച്ചു.

2024 ലെ ആദ്യ ഏഴ് മാസങ്ങളിൽ ശരാശരി 3,727 വിദേശ യാത്രക്കാർക്ക് പ്രതിമാസം പ്രവേശനം നിഷേധിക്കപ്പെട്ടു, ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 20% വർദ്ധനവാണ്. രാജ്യത്ത് അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുകൂടിയാണ് ഇത്തരത്തിലുള്ള കടുത്ത നിയന്ത്രണം.

വർധിച്ച് വരുന്ന കുടിയേറ്റത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് കാനഡയില്‍ ഒരുവിഭാഗം ഉയർത്തുന്നത്. കുടിയേറ്റം വർധിച്ചതോടെ പാർപ്പിട-തൊഴില്‍ മേഖലയിലെല്ലാം വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടത്. പ്രതിപക്ഷം ഇത് വലിയ രീതിയില്‍ ആയുധമാക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ കൂടുതല്‍ നിയന്ത്രണങ്ങള്‍ കുടിയേറ്റക്കാരുടെ കാര്യത്തില്‍ ഏർപ്പെടുത്തുന്നത്.

സന്ദർശക വിസ നിരസിക്കലുകള്‍ വർധിക്കുന്നതിന് കാരണമായ പ്രത്യേക നയ മാറ്റങ്ങളൊന്നും കനേഡിയൻ സർക്കാർ പരസ്യമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, കാനഡയുടെ ഇമിഗ്രേഷൻ വകുപ്പും വിസ അപേക്ഷകളില്‍ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇമിഗ്രേഷന്‍ ഡിപ്പാർട്ട്‌മെൻ്റില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 2024 ജനുവരി, ഫെബ്രുവരി, മെയ്, ജൂൺ മാസങ്ങളിൽ അനുമതി നല്‍കിയതിനേക്കാള്‍ കൂടുതൽ അപേക്ഷകൾ നിരസിക്കപ്പെട്ടുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് പറയുന്നു.

കാനഡയുടെ പുതിയ നീക്കം ഇന്ത്യക്കാർ അടക്കമുള്ളവർക്കും തിരിച്ചടിയാണ്. ബന്ധുക്കളേയും സുഹൃത്തുക്കളേയുമൊക്കെ സന്ദർശിക്കാന്‍ പോകാന്‍ ശ്രമിക്കുന്നവർക്കാണ് ഈ നയം പ്രധാനമായും പ്രതിസന്ധി സൃഷ്ടിക്കുക.

അതേസമയം, വിദ്യാർത്ഥി വിസ, വർക്ക് വിസ എന്നിവയുടെ കാര്യത്തില്‍ ഏർപ്പെടുത്തിയ നിയന്ത്രണവും ഫലം കണ്ട് തുടങ്ങിയിട്ടുണ്ട്. അംഗീകൃത പഠന, വർക്ക് പെർമിറ്റുകളുടെ എണ്ണം 2023, 2022 വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് കുറഞ്ഞു. പിആറിനായി അപേക്ഷിക്കുന്ന ആളുകളുടെ എണ്ണം പുനർനിർണയിക്കാനുള്ള ഗവൺമെൻ്റിൻ്റെ വിപുലമായ ശ്രമത്തിൻ്റെ ഭാഗയി കൂടിയാണ് ഈ നീക്കം.

“സമകാലിക അടിമത്തത്തിൻ്റെ പ്രജനന കേന്ദ്രം” എന്ന് യുഎൻ പ്രത്യേക റിപ്പോർട്ടർ വിമർശിച്ച താൽക്കാലിക ഫോറിൻ വർക്കർ (ടിഎഫ്ഡബ്ല്യു) പരിപാടിയും നിർത്തിവെക്കാനുള്ള ശ്രമത്തിലാണ് കാനഡ. തൊഴിലില്ലായ്മ നിരക്ക് 6% അല്ലെങ്കിൽ അതിൽ കൂടുതലുള്ള മേഖലകളിലെ തൊഴിലുടമകൾക്ക് കൃഷി, ഭക്ഷ്യ സംസ്കരണം തുടങ്ങിയ ചില മേഖലകളിൽ ഒഴികെ കുറഞ്ഞ വേതനത്തിൽ താല്‍ക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കാൻ ഇനിമുതല്‍ കഴിയില്ലെന്ന് ട്രൂഡോ തന്നെ പ്രഖ്യാപിച്ചിരുന്നു.

“2013 നും 2023 നും ഇടയിൽ, കാനഡയിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ എണ്ണം 32828 ൽ നിന്ന് 139715 ആയി ഉയർന്നിട്ടുണ്ട്. അതായത് 326% വർദ്ധനവ്,” എന്നാണ് നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി (NFAP) അനാലിസിസ് റിപ്പോർട്ട് ചെയ്യുന്നത്.

“അന്താരാഷ്ട്ര വിദ്യാർത്ഥികൾ ഉൾപ്പെടെ ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ പൗരന്മാർ അമേരിക്കയെക്കാൾ കൂടുതല്‍ കാനഡയാണ് തിരഞ്ഞെടുക്കുന്നത്. അമേരിക്കയില്‍ H-1B പദവിയോ സ്ഥിരതാമസമോ നേടുന്നത് ബുദ്ധിമുട്ടാണ് എന്നതാണ് ഇതിന്റെ പ്രധാന കാരണം. കൂടാതെ താൽക്കാലിക ജോലിചെയ്യാനും സ്ഥിരതാമസം ഉറപ്പിക്കാനും കാനഡയില്‍ എളുപ്പമാണ്,” ഫോർബ്സ് ഉദ്ധരിച്ച് എന്‍ എഫ് എ പി പറയുന്നു.

കനേഡിയൻ സർവ്വകലാശാലകളിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടായ വർധനവാണ് ശ്രദ്ധേയം. 2000-ൽ 2181 ആയിരുന്നു ഇന്ത്യന്‍ വിദ്യാർത്ഥികളുടെ എണ്ണമെങ്കില്‍ 2021-ൽ അത് 128,928 ആയി. അതായത് 126747 വിദ്യാർത്ഥികളുടെ വർദ്ധനവ്. 2016 നും 2019 നും ഇടയിൽ, യുഎസ് സർവ്വകലാശാലകളിൽ ചേരുന്ന ഇന്ത്യൻ അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ എണ്ണം 13% കുറഞ്ഞപ്പോള്‍ കനേഡിയൻ സർവ്വകലാശാലകളിൽ 182% വർദ്ധിക്കുകയാണ് ഉണ്ടായത്.