• December 3, 2024

യുകെയില്‍ നഴ്‌സാകണോ? റിക്രൂട്ട്മെന്റുകള്‍ അടുത്ത വർഷം പുനരാരംഭിക്കാന്‍ സാധ്യത: ഒ ഇ ടിക്ക് ഒരുങ്ങിക്കോളൂ

യുകെയില്‍ നഴ്‌സാകണോ? റിക്രൂട്ട്മെന്റുകള്‍ അടുത്ത വർഷം പുനരാരംഭിക്കാന്‍ സാധ്യത: ഒ ഇ ടിക്ക് ഒരുങ്ങിക്കോളൂ

കൊച്ചി ഡിസംബർ 3: യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസസിലെ (എന്‍എച്ച്എസ്) റിക്രൂട്ട്മെന്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഊര്‍ജിതമാകുമെന്ന് ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒഇടി) സംഘാടകര്‍. മലയാളികള്‍ അടക്കം ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിക്രൂട്ട്മെന്റുകള്‍ അടുത്ത വര്‍ഷത്തിന്റെ ആദ്യ പകുതിയോടെ പുനരാരംഭിക്കാന്‍ സാധ്യതയുണ്ട് എന്നാണ് വിവരം.

ഒഇടിയുടെ റീജിയണല്‍ ഡയറക്ടര്‍ ദക്ഷിണേഷ്യന്‍ അമിത് ഉപാധ്യായ ഓണ്‍മനോരമയോടാണ് ഇത് സംബന്ധിച്ച തന്റെ പ്രതീക്ഷകള്‍ പങ്ക് വെച്ചത്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസസില്‍ നിലവില്‍ റിക്രൂട്ട്മെന്റ് നടക്കുന്നില്ലെങ്കിലും അടുത്ത വര്‍ഷത്തിന്റെ ആദ്യ പാദം അവസാനിക്കുന്നതിന് മുമ്പ് ഇന്ത്യയില്‍ നിന്ന് വീണ്ടും റിക്രൂട്ട്മെന്റ് ആരംഭിക്കും എന്നാണ് തങ്ങള്‍ക്ക് കിട്ടിയ വിവരം എന്ന് അദ്ദഹം പറഞ്ഞു.

‘അതൊരു നല്ല വാര്‍ത്തയാണ്. ലോകമെമ്പാടും ആരോഗ്യ വിദഗ്ധരുടെ ആവശ്യം വളരെ ശക്തമായി തുടരുന്നു. 2020-ല്‍ നമ്മള്‍ അഭിമുഖീകരിച്ച മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത് വളരെ കൂടുതലാണ്. ലോകമെമ്പാടുമുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ വര്‍ധനവ്, കൂടാതെ വൃദ്ധരുടെ എണ്ണത്തിലെ വര്‍ധന് എന്നിവയില്ലൊം ഈ ഡിമാന്‍ഡിന് കാരണമാണ്. നഴ്സുമാര്‍ക്കും വയോജന പരിചരണ വിദഗ്ധര്‍ക്കും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കും ശക്തമായ ഡിമാന്‍ഡുണ്ട്,” അദ്ദേഹം പറഞ്ഞു.

യുകെ കൂടാതെ, യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ഒഇടിക്ക് വിപുലമായ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഒഇടി യുകെക്ക് മാത്രമല്ല, മറ്റ് രാജ്യങ്ങളിലേക്കും വേണ്ടിയുള്ളതാണ്. പരീക്ഷ എഴുതുന്നവര്‍ക്കും സ്വകാര്യ നഴ്സിംഗ് കോളേജുകള്‍ക്കും ഒഇടി ഉപയോഗിക്കാമെന്നതിനെക്കുറിച്ച് ബോധവാന്മാരാക്കാന്‍ ശ്രമിക്കും,’ അദ്ദേഹം പറഞ്ഞു.

New report confirms OET as the top English test for nurses moving to the UK

ഒ ഇ ടി തട്ടിപ്പില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചണ്ഡീഗഢിലേത് നിര്‍ഭാഗ്യകരമായ സംഭവമാണ്. വഞ്ചനാപരമായ പ്രവര്‍ത്തനം നടക്കാതിരിക്കാന്‍ ഞങ്ങള്‍ ഉടന്‍ തന്നെ ടെസ്റ്റ് സെന്റര്‍ അടച്ചു. ടെസ്റ്റ് കൂടുതല്‍ ശക്തവും സുരക്ഷിതവുമാക്കുന്നതിനും മറ്റ് ടെസ്റ്റ് സെന്ററുകളിലൊന്നും ക്രമക്കേട് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമായി നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഒ ഇ ടിക്ക് കേരളത്തില്‍ 15 ടെസ്റ്റ് സെന്ററുകളാണ് ഉള്ളത്. ഇന്ത്യയിലുടനീളം ആകെ 37 ടെസ്റ്റ് സെന്ററുകളുണ്ട്. 2023-ല്‍ ആഗോളതലത്തില്‍ 2,20,000-ലധികം ഒ ഇ ടി ടെസ്റ്റുകള്‍ നടത്തി.

ഇന്ത്യയ്ക്കുള്ളില്‍ ഒഇടി എടുക്കുന്നവരില്‍ 80% ത്തിലധികം പേരും കേരളത്തില്‍ നിന്നുള്ളവരാണ്.