• September 3, 2024

കാനഡ കുടിയേറ്റം സാധ്യമാകുന്നില്ലേ? വിഷമം വേണ്ട ഈ രാജ്യം നോക്കൂ

കാനഡ കുടിയേറ്റം സാധ്യമാകുന്നില്ലേ? വിഷമം വേണ്ട ഈ രാജ്യം നോക്കൂ

ജർമ്മനി: വിദേശ വിദ്യാഭ്യാസത്തോടൊപ്പം തന്നെ സ്ഥിരമായ കുടിയേറ്റവും ലക്ഷ്യമിടുന്ന ഇന്ത്യന്‍ വിദ്യാർത്ഥികളുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്ന് കാനഡയാണ്. പഞ്ചാബില്‍ നിന്നുള്‍പ്പെടെ പതിറ്റാണ്ടുകളായി കാനഡ കുടിയേറ്റമുണ്ടെങ്കിലും കോവിഡാനന്തര കാലത്താണ് ഇത് കൂടുതല്‍ ശക്തിപ്പെട്ടത്. എന്നാല്‍ സമീപ കാലത്ത് കാനഡയുടെ കാര്യത്തില്‍ വലിയ തിരിച്ചടിയാണ് ഇന്ത്യക്കാർ ഉള്‍പ്പെടേയുള്ള വിദേശ വിദ്യാർത്ഥികള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

കാനഡ കുടിയേറ്റം പ്രയാസകരമായ സാഹചര്യത്തിലേക്ക് പോകുമ്പോള്‍ മറ്റ് രാജ്യങ്ങള്‍ പ്രത്യേകിച്ച് ജർമ്മനി ഈ സ്ഥാനത്തേക്ക് ഉയർന്ന് വരുന്നുവെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാർത്ഥികൾക്കായി ജർമ്മനിയെ ഒരു വിദ്യാഭ്യാസ കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പരിപാടികളാണ് വിവിധ സംസ്ഥാനങ്ങളിലായി അടുത്തിടെ നടന്നത്. പ്രത്യേകിച്ചും പഞ്ചാബ് കേന്ദ്രീകരിച്ചാണ് ഇത്തരം പരിപാടികള്‍ സജീവമായത്.

ജർമ്മനിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഈ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നു. നിരവധി സൗകര്യങ്ങൾ വാഗ്ദാനം ചെയ്തും സർട്ടിഫിക്കറ്റ് വാല്യുവിനെക്കുറിച്ചും സർക്കാർ സ്കോളർഷിപ്പുകളെക്കുറിച്ചുമൊക്കൊ വിദ്യാർത്ഥികളെ ബോധിപ്പിച്ച് വിദ്യാഭ്യാസ കുടിയേറ്റത്തിന്റെ ഒരു പ്രധാന ലക്ഷ്യസ്ഥാനമായി ജർമ്മനിയെ മാറ്റിയെടുക്കുക എന്നുള്ളതാണ് ഇവരുടെ ലക്ഷ്യം.

പഠനകാലത്തും അതിനുശേഷവും ലഭ്യമായ വർക്ക് പെർമിറ്റ് അവസരങ്ങളെക്കുറിച്ചും വിദ്യാർത്ഥികളെ ഇവർ ബോധവൽക്കരിക്കുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മിതമായ ജീവിത ചിലവ്, തൊഴിൽ സാധ്യതകൾ എന്നിവ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ആകർഷകമായ ഓപ്ഷനാക്കി മാറ്റുന്ന നിരവധി ഘടകങ്ങളാണ് ജർമ്മനിയുടെ പ്രത്യേകത.

അതുകൊണ്ട് തന്നെയാണ് മുമ്പ് കാനഡയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന വിദ്യാഭ്യാസ ഉപദേഷ്ടാക്കൾ ഇപ്പോൾ പ്രധാനമായും ജർമ്മനിയെ പ്രോത്സാഹിപ്പിക്കുന്നത്. കാനഡയിലെ നിയന്ത്രണങ്ങള്‍, അന്തർദ്ദേശീയ വിദ്യാർത്ഥികളെ സംബന്ധിച്ച പതിവായ നയ മാറ്റങ്ങൾ എന്നിവയെല്ലൊം കാരണം ഇതിനോടകം തന്നെ വലിയൊരു വിഭാഗം വിദ്യാർത്ഥികള്‍ ജർമ്മനിയിലേക്ക് കുടിയേറി കഴിഞ്ഞു.

ട്യൂഷൻ ഫീസ് നൽകാതെ പൊതു സർവകലാശാലകളിൽ പഠിക്കാനുള്ള അവസരങ്ങളും ജർമ്മനിയില്‍ ലഭ്യമാണ്. കാനഡയിൽ നിന്ന് വ്യത്യസ്‌തമായി ട്യൂഷൻ വലിയ ഭാരമാകാമെങ്കിലും, ജർമ്മനിയിലെ എല്ലാ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നു. ഇത് കഴിവുള്ള നിരവധി വിദ്യാർത്ഥികൾക്ക് മികച്ച അവസരമായി മാറുകയും ചെയ്യുന്നു.

കൂടാതെ, ജർമ്മനിയിലേക്ക് പോകാന്‍ ഐ ഇ എൽ ടി എസും ആവശ്യമില്ല. ഇത് ഭാഷാ പ്രാവീണ്യം പരീക്ഷകളിൽ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷാ പ്രക്രിയ ലളിതമാക്കുന്നു. എന്നാല്‍ അത് എല്ലായ്പ്പോഴും ബാധകമാകണമെന്നില്ല. ഇംഗ്ലീഷിൽ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്ന സ്വകാര്യ സർവ്വകലാശാലകൾ/കോളേജുകൾ ഇപ്പോഴും ഐ ഇ എൽ ടി എസ് പരിഗണിക്കുന്നുണ്ട്.

അതേസമയം വിദ്യാർത്ഥികൾക്ക് ജർമ്മൻ, ഡച്ച് ഭാഷകൾ അറിഞ്ഞിരിക്കേണ്ടതായിട്ടുണ്ട്. ഇംഗ്ലീഷിൽ പഠിപ്പിക്കാൻ താൽപ്പര്യപ്പെടുന്ന സ്വകാര്യ സർവ്വകലാശാലകൾ ഫീസ് ഈടാക്കുന്നുമുണ്ട്. മുഴുവൻ കോഴ്‌സിനും ഏകദേശം 10 ലക്ഷം രൂപയാണ് ശരാശരി ഫീസ്. കൂടാതെ, ജീവിതച്ചെലവുകൾക്കായി വിദ്യാർത്ഥികൾക്ക് 11904 യൂറോ (ഏകദേശം 11 ലക്ഷം രൂപ) മൂല്യമുള്ള ഒരു ബ്ലോക്ക്ഡ് അക്കൗണ്ടും ഉണ്ടായിരിക്കണം.

നിരവധി ഗുണങ്ങൾ ഉള്ളപ്പോള്‍ തന്നെ ചില വെല്ലുവിളികളും ജർമ്മനിയുടെ കാര്യത്തിലുണ്ട്. വിദ്യാർത്ഥികൾക്ക് അവരുടെ പഠന സമയത്ത് കുടുംബത്തെ ജർമ്മനിയിലേക്ക് കൊണ്ടുപോകാൻ കഴിയില്ല. മാത്രമല്ല, ഭാഷയും ഒരു തടസ്സമാകാം, പ്രത്യേകിച്ച് ജർമ്മൻ ഭാഷയിൽ പ്രാവീണ്യം ഇല്ലാത്തവർക്ക്. എന്നിരുന്നാലും, കാനഡ കർശനമായ ഇമിഗ്രേഷൻ നയങ്ങൾ നടപ്പിലാക്കുകയും ഓസ്‌ട്രേലിയ, യുകെ പോലുള്ള രാജ്യങ്ങൾ അവരുടെ വിസ നിയന്ത്രണങ്ങൾ മാറ്റുകയും ചെയ്യുന്നതോടെ, ജർമ്മനി കൂടുതൽ ആകർഷകമായ ഓപ്ഷനായി മാറുക തന്നെയാണ്.