• September 5, 2024

അനധികൃത തൊഴിലാളികൾക്കായി ഇംഗ്ലണ്ടിലെ ഇന്ത്യൻ റെസ്റ്റോറന്റുകളിൽ വ്യാപക തിരച്ചിൽ

അനധികൃത തൊഴിലാളികൾക്കായി ഇംഗ്ലണ്ടിലെ ഇന്ത്യൻ റെസ്റ്റോറന്റുകളിൽ വ്യാപക തിരച്ചിൽ

എസ്സെക്സ് സെപ്റ്റംബർ 5: ഒരു ഇടവേളയ്ക്കുശേഷം പുതിയ ലേബർ സർക്കാർ യുകെയിലെ അനധികൃത തൊഴിലാളികൾക്കും കുടിയേറ്റക്കാർക്കുമെതിരെ അന്വേഷണം ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ചകളിൽ ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിലുള്ള ഇന്ത്യൻ റെസ്റ്റോറന്റുകളിൽ, യുകെബിഎ ഉദ്യോഗസ്ഥരും പോലീസും ചേർന്നുള്ള തിരച്ചിൽ ശക്തമാക്കി.

ഇന്ത്യൻ റെസ്റ്റോറന്റുകളാണ് അനധികൃത തൊഴിലാളികളുടെ പ്രധാന താവളമെന്ന് ആരോപിച്ച ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ, ഇത്തരക്കാരെ പിടികൂടി സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികൾ കൂടുതൽ ഉർജ്ജിതമാക്കുമെന്നും പ്രഖ്യാപിച്ചു.

കഴിഞ്ഞ ആഴ്ചകളിൽ നടന്ന വ്യാപക റെയ്‌ഡുകളിൽ നിരവധി ഇന്ത്യൻ റെസ്റ്റോറന്റ് നടത്തിപ്പുകാർക്ക് പിഴശിക്ഷ നൽകിയതായും ഹോം ഓഫീസ് അറിയിച്ചു. അനധികൃത തൊഴിലാളികളെ ജോലിക്കുവച്ചതിനെ തുടർന്നാണ് പിഴശിക്ഷ റെസ്റ്റോറന്റ്റ് നടത്തിപ്പുകാരിൽ നിന്നും ഈടാക്കിയത്.

സ്റ്റഡി വിസ, പോസ്റ്റ് സ്റ്റഡി വിസ, വിവിധ വർക്ക് വിസകൾ എന്നിവ കാലഹരണപ്പെട്ടിട്ടും യുകെയിൽ നിന്നും മടങ്ങാതെ ഒളിവിൽ നിന്ന് ജോലിചെയ്യുന്നവരെയാണ് അധികൃതർ പിടികൂടുന്നത്. നല്ലൊരുവിഭാഗം മലയാളികളും ഈ വിധത്തിൽ യുകെയിൽ ജോലിചെയ്‌ത്‌ കഴിയുന്നു.

പെട്ടെന്ന് ജോലികിട്ടാനുള്ള സാധ്യതയാണ് ഇവരെ റെസ്റ്റോറന്റുകളിലെ ജോലിക്ക് എത്തിക്കുന്നത്. ജോലിക്കാരെ കിട്ടാനുള്ള ബുദ്ധിമുട്ടുകൾ മൂലം റെസ്റ്റോറന്റ് ഉടമകളും ഒരുപരിധിവരെ ഇത്തരം നിയമനങ്ങൾക്കുനേരെ കണ്ണടയ്ക്കുന്നു. അതേസമയം കെയർ ഹോമുകളിലും ഇതര സ്ഥാപനങ്ങളിലും കുറേക്കൂടി കർശനമായ പരിശോധനകൾ തൊഴിലുടമകൾ നടത്തുന്നു.

ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള 10-ലധികം ബിസിനസുകൾക്ക്, പ്രത്യേകിച്ച് റെസ്റ്റോറൻ്റുകൾക്ക് പിഴ ചുമത്തിയതായി ഹോം ഓഫീസ് അറിയിപ്പിൽ പറയുന്നു. ഏറ്റവും വലിയ പിഴ ചുമത്തിയത് ഇംഗ്ലണ്ടിലെ ഡെവണിലുള്ള രജപുത്ര ഇന്ത്യൻ റെസ്റ്റോറൻ്റിനാണ്. 80,000 പൗണ്ട് (ഏകദേശം 80 ലക്ഷം രൂപയിലേറെ) പിഴയാണ് ചുമത്തിയത്. നിരവധി അനധികൃത തൊഴിലാളികളെ ഇവിടെനിന്നും പിടികൂടുകയും ചെയ്‌തു.

അനധികൃത തൊഴിലാളികളെ നിയമിച്ച ഇന്ത്യൻ റെസ്റ്റോറൻ്റുകളിൽ, എസെക്സിലെ ആകാശ് തന്തൂരിക്ക് 40,000 പൗണ്ട് പിഴയും സുനുവിൻ്റെ കിച്ചണിന് 20,000 പൗണ്ടും പിഴ ചുമത്തി. മലയാളികളുടെ കൂടി ഉടമസ്ഥതയിലുള്ളതാണ് ഈ റസ്റ്റോറന്റുകൾ.

ഗ്രേറ്റർ ലണ്ടനിലെ ടാസ കബാബ് ഹൗസ്, കെൻ്റിലെ ബാദ്ഷാ ഇന്ത്യൻ ക്യുസീൻ എന്നിവയ്ക്ക് 30,000 പൗണ്ട് പിഴ ചുമത്തിയിട്ടുണ്ട്. കെൻ്റിലെ കറി ലോഞ്ച് ഇന്ത്യൻ റെസ്റ്റോറൻ്റിന് 15,000 പൗണ്ട് പിഴ ചുമത്തി.

ടെൽഫോർഡിലെ രാജ് ക്യുസിൻ, ബർമിംഗ്ഹാമിലെ അലിഷാൻ ടേക്ക്അവേ, സ്റ്റോക്ക്-ഓൺ-ട്രെൻ്റിലെ ദേശി മൊമെൻ്റ്സ് കരാഹി ഹൗസ്, ഡെർബിഷെയറിലെ കാശ്മീർ ഹലാൽ മീറ്റ്സ്, ലെതർഹെഡിലെ കിർത്തോൺ ഇന്ത്യൻ റെസ്റ്റോറൻ്റ് എന്നിവയ്ക്ക് ഓരോന്നിനും £10,000 പിഴ ചുമത്തി.

ഇമിഗ്രേഷൻ നിയമങ്ങൾ നടപ്പിലാക്കുന്നതിനും അനധികൃത കുടിയേറ്റം കുറയ്ക്കുന്നതിനുമുള്ള യുകെയുടെ വിശാലമായ നയത്തിന്റെ ഭാഗമാണ് ഈ നടപടിയെന്ന് ഹോം ഓഫീസ് വ്യക്തമാക്കുന്നു.

നിയമവിരുദ്ധമായി തൊഴിലാളികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് ആദ്യ കുറ്റത്തിന് ഒരു തൊഴിലാളിക്ക് 45,000 പൗണ്ട് വരെയും ആവർത്തിച്ചുള്ള കുറ്റങ്ങൾക്ക് 60,000 പൗണ്ട് വരെയും പിഴ ഈടാക്കാം.

അനധികൃത തൊഴിലാളികളെ നിയമിച്ചതിന് ഇന്ത്യൻ ബിസിനസുകൾക്ക് ജൂലൈ വരെ യുകെ 265,000 പൗണ്ട് പിഴ ചുമത്തി. നിയമപരവും നിയമവിരുദ്ധവുമായ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി അനധികൃത തൊഴിലാളികളെ നിയമിക്കുന്നതിൽ നിന്ന് ബിസിനസുകൾ തടയുന്നതിനുള്ള ശ്രമങ്ങൾ യുകെ സർക്കാർ വരുംദിനങ്ങളിലും കൂടുതൽ ശക്തമാക്കുമെന്നും ഹോം ഓഫീസ് പറയുന്നു.

2018 ന് ശേഷം യുകെയിൽ തുടരാനും ജോലിചെയ്യാനും അവകാശമില്ലാതെ ഏറ്റവും കൂടുതൽ ആളുകളെ നീക്കം ചെയ്യുകയാണ് ലക്ഷ്യമിടുന്നതെന്ന് ഹോം സെക്രട്ടറി യെവറ്റ് കൂപ്പർ കഴിഞ്ഞ പ്രഖ്യാപിച്ചു. നിയമവിരുദ്ധമായി ആളുകളെ ജോലിക്കെടുക്കുന്ന ബിസിനസ്സുകളെ ടാർഗെറ്റുചെയ്യുന്നതിനുള്ള ഒരു പുതിയ “ഇൻ്റലിജൻസ് പ്രേരക” പദ്ധതിയും സെക്രട്ടറി പ്രഖ്യാപിച്ചു.