• November 17, 2024

യു കെ യിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ 3 പേര്‍ കൊല്ലത്തു പിടിയില്‍

കൊല്ലം നവംബർ 17: കരാര്‍ റദ്ദായ റിക്രൂട്ടിങ് സ്ഥാപനത്തിന്റെ മറവില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ മൂന്നുപേര്‍ പിടിയില്‍.

മുന്നൂറോളം പേരില്‍ നിന്നാണ് പ്രതികള്‍ പണം തട്ടിയെടുത്തത്. സംഘത്തിലെ പ്രധാനികളാണ് കല്ലമ്പലത്തുനിന്ന് പിടിയിലായത്. ഒന്നാംപ്രതി കോവൂര്‍ അരിനല്ലൂര്‍ മുക്കോടിയില്‍ തെക്കേതില്‍ ബാലു ജി.നാഥ് (31), മൂന്നാംപ്രതിയും ഒന്നാംപ്രതിയുടെ ഭാര്യാമാതാവുമായ അനിതകുമാരി (48), നാലാംപ്രതിയും ബാലുവിന്റെ ഭാര്യയുമായ അശ്വതി (26) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.

രണ്ടാംപ്രതി പരവൂര്‍ സ്വദേശിയും കോട്ടയം രാമപുരം മഹാലക്ഷ്മിനിലയത്തില്‍ താമസക്കാരനുമായ വിനു വിജയന്‍ ഒളിവിലാണ്. നീണ്ടകര മെര്‍ലിന്‍ ഭവനില്‍ ക്ലീറ്റസ് ആന്റണി നല്‍കിയ പരാതിയിലാണ് പ്രതികള്‍ അറസ്റ്റിലായത്. ക്ലീറ്റസിന്റെ മകനും ബന്ധുക്കള്‍ക്കും യുകെയിലേക്ക് വിസ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 2021 ആഗസ്റ്റ് മുതല്‍ 2023 ആഗസ്റ്റ് വരെയുള്ള കാലയളവിലാണ് പണം തട്ടിയെടുത്തത്.

എട്ടര ലക്ഷം തട്ടിച്ചെന്നാണ് ക്ലീറ്റസ് ആന്റണി നല്‍കിയ പരാതിയില്‍ പറയുന്നത്. കൊല്ലം താലൂക്ക് ഓഫിസിന് സമീപം ബാലുവും അശ്വതിയും ചേര്‍ന്ന് നടത്തിയിരുന്ന ഫോര്‍സൈറ്റ് ഓവര്‍സീസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്.

ഈ സ്ഥാപനത്തില്‍ നിന്ന് യുകെയിലെത്തിയ 25 പേര്‍ ജോലിക്ക് കയറിയ കമ്പനിയില്‍ നിന്ന് രാജിവെച്ചതോടെ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ അധികൃതര്‍ റദ്ദാക്കുകയായിരുന്നു. ഇത് മറച്ചുവെച്ചാണ് പണംവാങ്ങല്‍ തുടര്‍ന്നത്. പ്രതികള്‍ ആഢംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. അതേസമയം പ്രതികള്‍ ക്രൊയേഷ്യയിലേക്ക് എന്ന പേരില്‍ മനുഷ്യ കടത്ത് നടത്തിയതായും പരാതിയുണ്ട്.