• June 17, 2024

വിദേശത്ത് കുടിയേറുന്ന കേരളത്തിലെ പെൺകുട്ടികളുടെ എണ്ണത്തിൽ വർധനവ്: പ്രിയം യൂറോപ്പിനോട്

വിദേശത്ത് കുടിയേറുന്ന കേരളത്തിലെ പെൺകുട്ടികളുടെ എണ്ണത്തിൽ വർധനവ്:  പ്രിയം യൂറോപ്പിനോട്

കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് ഡോ. ഇരുദയ രാജൻ മുഖ്യമന്ത്രിക്ക് ചടങ്ങിൽ സമർപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം എട്ട് വിഷയാധിഷ്ഠിത ചർച്ചകളും ഏഴു മേഖലാ സമ്മേളനങ്ങളും നടന്നു.

തിരുവനന്തപുരം ജൂൺ 17: കേരളത്തില്‍ നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തില്‍ വലിയ വർധനവ്. കഴിഞ്ഞ അഞ്ച് വർഷത്തിനെ വിദേശത്ത് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ അഞ്ചിരട്ടിയിലേറെ വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും വലിയ വർധനവ് ഉണ്ടായിരിക്കുന്നത് പെണ്‍കുട്ടികളുടെ കാര്യത്തില്‍. പെൺകുട്ടികളുടെ എണ്ണത്തിൽ നാലര ശതമാനത്തിന്‍റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് കണക്ക്.

സംസ്ഥാനത്ത് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും ജോലി സാധ്യതകളും ഉറപ്പാക്കാതെ ഈ കുടിയേറ്റത്തിന് തടയിടാൻ ആകില്ലെന്നും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സർവെയിൽ വ്യക്തമാക്കുന്നു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ ഇരുദയ രാജന്‍റെ നേതൃത്വത്തിൽ ആയിരുന്നു സർവ്വെ. സർവ്വെ റിപ്പോർട്ട് ലോക കേരള സഭ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

അഞ്ച് വർഷത്തിനിരെ രണ്ടര ലക്ഷം പേരാണ് ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയത്. 2018 ല്‍ സ്ത്രീ കുടിയേറ്റക്കാരുടെ അനുപാതം 15.8 ആണെങ്കിൽ നിലവിൽ 19.1 ശതമാനമായിട്ടുണ്ട്. കേരളത്തില്‍നിന്നുള്ള മൊത്തം പ്രവാസികളില്‍ 11.3 ശതമാനം പേര്‍ വിദ്യാഥികളാണ്. ഈ നിരക്ക് കുറച്ചുകൊണ്ടുവരണമെങ്കില്‍ കേരളത്തില്‍ തന്നെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയർന്ന് വരേണ്ടതുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

വിദേശത്ത് നിന്ന് പഠനം പൂർത്തിയാക്കിയവർ അവിടെ തുടരുകയാണ്. അവരെ നാട്ടിലേക്കു മടങ്ങാന്‍ പ്രോത്സാഹിപ്പിക്കുന്ന നയം വികസിപ്പിക്കണം. ആകെ പ്രവാസികളില്‍ 19 ശതമാനമാണ് സ്ത്രീകള്‍. ഇവരിൽ 40% യൂറോപ്പ് അമേരിക്ക ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പോകുന്നത്. സ്ത്രീ പ്രവാസികൾ ജിസിസി രാജ്യങ്ങളിൽനിന്ന് കൂടുതലായി യൂറോപ്പ്, പശ്ചിമ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കു പോകുന്ന പ്രവണതയുമുണ്ട്.

പ്രവാസ ജീവിതം നയിക്കുന്ന 72% വനിതകളും, ഡിഗ്രിയും അതിനു മുകളിലും വിദ്യാഭ്യാസം നേടിയവരാണ്. 17 വയസിനു മുൻപുതന്നെ നാടു വിടുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നതായും ചൂണ്ടിക്കാട്ടുന്നു. വിദ്യാർഥി കുടിയേറ്റത്തിൽ യുകെയാണ് മുന്നിൽ. ആകെ വിദേശ വിദ്യാർഥികളിൽ 30 ശതമാനം യുകെയിലാണു പഠിക്കുന്നത്.

അതേമയം, കേരളത്തിന്റെ തനതു കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്നതിന്റെയും ബ്രാൻഡ് ചെയ്യുന്നതിന്റെയും ഭാഗമായി കേരള കലാമണ്ഡലം വിവിധ കലകളെ കോർത്തിണക്കിയുള്ള ഷോ വിവിധ രാജ്യങ്ങളിൽ സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അഞ്ച് ദിവസം വരെ നീണ്ടുനിൽക്കുന്ന അവതരണോത്സവങ്ങളും ശിൽപ്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനു കലാമണ്ഡലം പദ്ധതി തയാറാക്കിയിട്ടുണ്ട്. ആദ്യ ഷോ അമേരിക്കയിൽ സംഘടിപ്പിക്കും. കേരള കലകൾ ഓൺലൈനായി പഠിക്കുന്നതിന് അവസരവും ഒരുക്കുമെന്നു ലോക കേരള സഭാ സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കുടിയേറ്റവും പ്രവാസവും ലോകം മുഴുവൻ ശക്തമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള കുടിയേറ്റവും വർധിക്കാനാണ് സാധ്യത. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ചിതറിക്കിടക്കുന്ന സമൂഹത്തിന് അതിന്റെ സംസ്‌കാരവും അസ്തിത്വവും നിലനിർത്തി മുന്നോട്ടു പോകേണ്ടതുണ്ട്. അകം കേരളവും പുറം കേരളവും തമ്മിലുള്ള ബന്ധങ്ങളുടെ ഇഴയടുപ്പം ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ നമ്മുടെ ഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിക്കാനാവൂ. കേരളീയർ തമ്മിലുള്ള കൂട്ടായ്മകൾ വലിയ തോതിൽ ശക്തിപ്പെടുത്തണം.

ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പൈൻസ്, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളാണ് കൂടുതലും കുടിയേറ്റ തൊഴിലാളികളെ അയയ്ക്കുന്നത്. ഈ രാജ്യങ്ങളുടെ കൂട്ടായ്മ ഉണ്ടാവണം. പരസ്പരം മത്സരിച്ചു തൊഴിൽ ചൂഷണത്തെ സഹിക്കുന്നതിനു പകരം കുടിയേറ്റ തൊഴിലാളികളോട് കൂടുതൽ ന്യായമായ സമീപനം സ്വീകരിക്കാൻ ഒരുമിച്ച് ആവശ്യപ്പെടണം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരും മുൻകൈയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് ഡോ. ഇരുദയ രാജൻ മുഖ്യമന്ത്രിക്ക് ചടങ്ങിൽ സമർപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം എട്ട് വിഷയാധിഷ്ഠിത ചർച്ചകളും ഏഴു മേഖലാ സമ്മേളനങ്ങളും നടന്നു.