- April 10, 2024
മലയാളിക്ക് വിദേശജോലി എന്ന സ്വപ്‌നം പൊലിയുന്നോ?
ലണ്ടൻ ഏപ്രിൽ 10: വിദേശത്ത് ജോലി ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് അത്ര നല്ല വാര്‍ത്തകളല്ല കഴിഞ്ഞ കുറച്ച് നാളുകളായി പുറത്ത് വരുന്നത്. കാനഡ, ഓസ്‌ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളൊക്കെ തങ്ങളുടെ തൊഴില്‍ വിസയില്‍ കാര്യമായ മാറ്റം വരുത്തിയത് ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് വിദേശത്തൊരു ജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് തടസമായിരുന്നു. ഇപ്പോഴിതാ അതേവഴിയില്‍ നീങ്ങിയിരിക്കുകയാണ് ന്യൂസിലാന്റും.
കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് കുടിയേറ്റത്തെ തുടര്‍ന്ന് തങ്ങളുടെ തൊഴില്‍ വിസ പ്രോഗ്രാമില്‍ ഉടനടി മാറ്റങ്ങള്‍ വരുത്തുകയാണെന്ന് ന്യൂസിലാന്റ് അറിയിച്ചു. കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികള്‍ക്ക് പോലും ഇംഗ്ലീഷ് ഭാഷാജ്ഞാനം നിര്‍ബന്ധമാക്കുക, മിക്ക തൊഴിലുടമകളുടെ തൊഴില്‍ വിസകള്‍ക്കും മിനിമം വൈദഗ്ധ്യവും തൊഴില്‍ പരിചയ പരിധിയും നിശ്ചയിക്കുക തുടങ്ങിയ നടപടികളാണ് മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നത്.
കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികള്‍ക്കുള്ള പരമാവധി തുടര്‍ച്ചയായ താമസം അഞ്ച് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി കുറയ്ക്കുകയും ചെയ്യും. നൈപുണ്യക്കുറവുള്ള സെക്കന്‍ഡറി അധ്യാപകരെപ്പോലെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്നതിലും നിലനിര്‍ത്തുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് എന്ന് ഇമിഗ്രേഷന്‍ മന്ത്രി എറിക്ക സ്റ്റാന്‍ഫോര്‍ഡ് പറഞ്ഞു.
അതേസമയം, നൈപുണ്യ ദൗര്‍ലഭ്യം ഇല്ലാത്ത ജോലികള്‍ക്കായി ന്യൂസിലന്‍ഡുകാരെ മുന്‍നിരയില്‍ നിര്‍ത്തുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്,” സ്റ്റാന്‍ഫോര്‍ഡ് കൂട്ടിച്ചേര്‍ത്തു. ന്യൂസിലാന്റിന്റെ കുടിയേറ്റ നയങ്ങളെ അതിന്റെ സാമ്പത്തിക ആവശ്യങ്ങളുമായി യോജിപ്പിക്കുന്നതിനും കുടിയേറ്റക്കാരുടെ ചൂഷണം ലഘൂകരിക്കുന്നതിനുമായാണ് പരിഷ്‌കരിക്കുന്നത് എന്നും എറിക്ക സ്റ്റാന്‍ഫോര്‍ഡ് പറഞ്ഞു.
ഇംഗ്ലീഷ് ഭാഷാ ആവശ്യകത ഉള്ളതിനാല്‍ കുടിയേറ്റക്കാര്‍ക്ക് അവരുടെ അവകാശങ്ങള്‍ നന്നായി മനസിലാക്കാനും തൊഴിലുടമയെക്കുറിച്ച് അറിയാനും സാധിക്കും എന്നും സ്റ്റാന്‍ഫോര്‍ഡ് പറഞ്ഞു. കൂടാതെ, വെല്‍ഡര്‍മാര്‍, ഫിറ്റര്‍മാര്‍, ടര്‍ണറുകള്‍ എന്നിങ്ങനെ 11 റോളുകള്‍ ഗ്രീന്‍ ലിസ്റ്റിലേക്ക് ചേര്‍ക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചു. ബസ്, ട്രക്ക് ഡ്രൈവര്‍മാര്‍ക്കുള്ള വര്‍ക്ക് ടു റെസിഡന്‍സ് പാതയും പുതിയ അപേക്ഷകര്‍ക്ക് നിര്‍ത്തലാക്കും.
കഴിഞ്ഞ വര്‍ഷം, ഏകദേശം 173,000 ആളുകള്‍ ന്യൂസിലന്റിലേക്ക് കുടിയേറിയതായാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏകദേശം 5.1 ദശലക്ഷം ജനസംഖ്യയുള്ള ന്യൂസിലാന്റില്‍, കൊവിഡ് മഹാമാരി അവസാനിച്ചതിന് ശേഷം കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ചയുണ്ടായി. ഇത് കഴിഞ്ഞ വര്‍ഷം പണപ്പെരുപ്പം ഉയര്‍ത്തുമെന്ന ആശങ്ക ഉയര്‍ത്തുകയും ചെയ്തിരുന്നു.
കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടം കണ്ട ന്യൂസിലാന്റിന്റെ അയല്‍രാജ്യമായ ഓസ്ട്രേലിയയും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കുടിയേറ്റക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ഐഇഎല്‍ടിഎസിന്റെ സ്‌കോറുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. താല്‍ക്കാലിക വിസയ്ക്കുള്ള ഐഇഎല്‍ടിഎസ് സ്‌കോര്‍ 6.0ല്‍ നിന്ന് 6.5 ആയാണ് ഉയര്‍ത്തിയത്.
ലാഭകരം യുകെ?
മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ വിദേശ കുടിയേറ്റത്തില്‍ വലിയ പരിവർത്തനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സമീപകാലത്ത് കാനഡ സ്വീകരിച്ച സുപ്രധാനമായ നടപടികളാണ് ഇതില്‍ പ്രധാന ഘടകമായി നിലകൊള്ളുന്നത്. വിദേശ വിദ്യാർത്ഥികള്‍ വിദ്യാർത്ഥി വിസകള്‍ നല്‍കുന്നതില്‍ 35 ശതമാനം നിയന്ത്രിണം കൊണ്ടുവരുന്ന നയമാണ് കാനഡ സ്വീകരിച്ചിരിക്കുന്നത്.
കാനഡയിലേക്കുള്ള ഇന്ത്യക്കാരുടെ അപേക്ഷയില്‍ വലിയ ഇടിവും സംഭവിച്ച് കഴിഞ്ഞു. ഭവന പ്രതിസന്ധി, തൊഴില്‍ വിപണിയിലെ പ്രശ്നങ്ങള്‍ എന്നിവയും ഇന്ത്യക്കാരുടെ താല്‍പര്യം കുറയാന്‍ ഇടയാക്കിയിട്ടുണ്ട്.
ഇന്ത്യയും കാനഡയും തമ്മില്‍ അടുത്തിടെ നയതന്ത്ര തലത്തിലുള്ള വടം വലിയും ഇന്ത്യക്കാരായ അപേക്ഷകരുടെ എണ്ണം കുറയാന്‍ ഇടയാക്കി.
വിദ്യാർത്ഥികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്റർ (പിഎഎൽ) പോലുള്ള പുതിയ കടമ്പകളും കാനഡ മുന്നോട്ട് വെച്ചിട്ടുണ്ട്.
പല കാരണങ്ങള്‍ കൊണ്ട് തന്നെ 2023 ജൂലൈ മുതൽ ഒക്‌ടോബർ വരെയുള്ള കാലയളവിൽ അപേക്ഷകളിൽ ഗണ്യമായ കുറവുണ്ടാകുകയും ചെയ്തു. അതായത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനേഡിയൻ സ്ഥാപനങ്ങളിൽ നേരത്തെ ഉണ്ടായിരുന്നത് പോലേയുള്ള താല്‍പര്യം ഇപ്പോഴുമില്ല.
കാനഡയോടുള്ള താല്‍പര്യം കുറഞ്ഞു എന്നതിന് അർത്ഥം വിദേശ കുടിയേറ്റ മോഹം പൂർണ്ണമായി ഉപേക്ഷിക്കപ്പെടുന്നു എന്നും അർത്ഥമില്ല. കാനഡയിലേക്ക് അപേക്ഷിക്കുന്നതിനുപകരം, അവർ യുഎസിലേക്കും യുകെയിലേക്കും ശ്രദ്ധ തിരിച്ചു എന്നതാണ് ശ്രദ്ധേയം. ഈ രാജ്യങ്ങളിലെ സർവ്വകലാശാലകളിലേക്കുള്ള അന്താരാഷ്ട്ര അപേക്ഷകൾ എന്നത്തേക്കാളും കൂടുതലാണ് നിലവില്‍. അതേസമയം സീറ്റുകളുടെ എണ്ണം അതേപടി തുടരുകയും ചെയ്യുന്നു.
എണ്ണം കൂടിയതോടെ യുകെയില്‍ നിന്നുള്ള അപേക്ഷ നിരസിക്കലുടെ എണ്ണവും വർധിച്ചു.
യുകെയിലെ സർവ്വകലാശാലയിൽ ചേരുന്നതിനുള്ള ശരാശരി ചെലവ് പ്രതിവർഷം 16000 യൂറോ മുതല്‍ 38000 യൂറോ വരെയായിട്ടാണ് കണക്കാക്കുന്നത്. അമേരിക്കയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ ഇത് പ്രതിവർഷം 40000 ഡോളർ മുതല്‍ 65000 ഡോളർ വരെ ആയി ഉയരുന്നു.
ചില സമയങ്ങളിൽ ഇത് യുകെയുടെ ശരാശരി ചെലവിൻ്റെ ഇരട്ടിയിലധികം വരും. കാനഡയ്ക്ക് പകരം മറ്റേത് രാജ്യമെന്ന ചോദ്യം ഉയരുമ്പോള്‍ യുകെ തിരഞ്ഞെടുക്കാന്‍ ചിലവ് ഉള്‍പ്പെടേയുള്ള ഘടകങ്ങള്‍ വിദ്യാർത്ഥികളില്‍ സ്വാധീനം ചെലുത്തുന്നു.
മാത്രമല്ല, യുഎസിലെ തൊഴിൽ വിപണിയുടെ അസ്ഥിര സ്വഭാവവും നിരവധി ഉദ്യോഗാർത്ഥികളെ പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്. അമേരിക്കയെ അപേക്ഷിച്ച് യുകെയില്‍ തൊഴില്‍ കണ്ടെത്താന്‍ താരതമ്യേന എളുപ്പമാണ് എന്നതും ഒരു പ്രധാന ഘടകമാണ്.
കോവിഡിന് പിന്നാലെ അമേരിക്കന്‍ ടെക് വ്യവസായ രംഗത്ത് വലിയ പിരിച്ചുവിടലാണ് നടന്നത്. അമേരിക്കയെ വിദ്യാഭ്യാ ലക്ഷ്യ സ്ഥാനമായി തിരഞ്ഞെടുക്കുന്നതില്‍ ഇതും ഒരു പ്രധാന ഘടകമാണ്. H-1B വിസ നയങ്ങൾ തിരികെ വരുമെന്ന ആശങ്കയും ശക്തമാണ്. നയം മടങ്ങിയെത്തിയാൽ, നിരവധി അന്തർദ്ദേശീയ വിദ്യാർത്ഥികളെ ബിരുദാനന്തരം ജോലി ചെയ്യുന്നതിൽ നിന്നും തടയും. ഇത്തരം പ്രതികൂല ഘടകങ്ങള്‍ ഉണ്ടെങ്കിലും അമേരിക്കയിലെ ഉയർന്ന ശമ്പളം ഒരു ആകർഷണ ഘടകം തന്നെയാണ്.