• August 28, 2024

കാനഡ പണി തുടങ്ങി: 70000-ലധികം പേരെ നാടുകടത്തുന്നു, തൊഴിലും ഇല്ല, ഇന്ത്യക്കാർക്ക് കനത്ത തിരിച്ചടി

കാനഡ പണി തുടങ്ങി: 70000-ലധികം പേരെ നാടുകടത്തുന്നു, തൊഴിലും ഇല്ല, ഇന്ത്യക്കാർക്ക് കനത്ത തിരിച്ചടി

ഓഗസ്റ്റ് 28: കാനഡ കുടിയേറ്റ നിയന്ത്രണം നിയമങ്ങള്‍ കൂടുതല്‍ ശക്തമായ രീതിയില്‍ തന്നെ നടപ്പിലാക്കാനുള്ള തീരുമാനവുമായി കാനഡ സർക്കാർ. കുടിയേറ്റ നയങ്ങളിൽ കാനഡ ഭരണകൂടം നടപ്പാക്കിയ മാറ്റം ഇന്ത്യക്കാർ അടക്കമുള്ള നിരവധി വിദ്യാർത്ഥികളുടെ ഭാവിയാണ് ആശങ്കയിലാക്കിയിരിക്കുന്നത്. നയം മാറ്റങ്ങൾ കാരണം നാടുകടത്തൽ ഭീഷണി നേരിടുന്ന ആയിരക്കണക്കിന് അന്താരാഷ്ട്ര വിദ്യാർത്ഥികൾ കാനഡയില്‍ രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്.

ഈ വർഷം അവസാനത്തോടെ വർക്ക് പെർമിറ്റ് കാലഹരണപ്പെടുന്നതോടെ 70000-ലധികം ബിരുദധാരികളെ നാടുകടത്തപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് വിദ്യാർത്ഥി അഭിഭാഷക ഗ്രൂപ്പായ നൗജവാൻ സപ്പോർട്ട് നെറ്റ്‌വർക്കിൻ്റെ പ്രതിനിധികളെ ഉദ്ധരിച്ച് കനേഡിയന്‍ മാധ്യമമായ സിറ്റി ന്യൂസ് ടൊറൻ്റോ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യക്കാരടക്കമുള്ള പതിനായിരക്കണക്കിന് വിദേശ തൊഴിലാളികളെയും വിദ്യാർഥികളെയും ബാധിക്കുന്ന താൽക്കാലിക വി​ദേശ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറക്കുന്ന നയം സെപ്തംബർ 26 മുതലാണ് നടപ്പിലാക്കുക. അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് തിരക്കിട്ട നീക്കങ്ങൾ. വിദേശ കുടിയേറ്റ വിഷയത്തില്‍ ട്രൂഡോ സർക്കാറിനെതിരെ വലിയ വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

കൊവിഡിന് ശേഷം വിദേശ കുടിയേറ്റം ശക്തമായതോടെ കുറഞ്ഞ വേതന നിരക്കിലുള്ള ജോലികൾ കാനഡയില്‍ വ്യാപകമായിരുന്നു. കടുത്ത തൊഴിൽ ക്ഷാമം നേരിടുന്ന ബിസിനസ് ഉടമകളെ സഹായിക്കുന്നതിന് ഇത്തരം നടപടികൾ ആവശ്യമാണെന്ന വ്യവസായ മേഖലയുടെ ആവശ്യം സർക്കാർ പരിഗണിക്കുകയായിരുന്നു. എന്നാല്‍ എന്നാൽ ഈ നയം വലിയ തൊഴിൽ ചൂഷണത്തിന് ഇടയാകുന്നു വിമർശനം ഉയർന്ന് വന്നു.

അതോടൊപ്പം തന്നെയാണ് കുറഞ്ഞ വേതനത്തിൽ വിദേശ തൊഴിലാളികളെ ലഭിക്കുന്നത് കൊണ്ടു തന്നെ പല ജോലികളിലും കനേഡിയൻ തൊഴിലാളികളെ നിയമിക്കുന്നതിന് മുതലാളികള്‍ മടിച്ച് തുടങ്ങിയതും. ഇതേ തുടർന്ന് മൂലം വിദ​ഗ്ധരായ പല കാനഡക്കാർക്കും രാജ്യത്ത് തൊഴിൽ ലഭിക്കുന്നില്ല എന്നാണ് എംപ്ലോയ്‌മെൻ്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെൻ്റ് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഈ പഠനങ്ങളുടെയെല്ലാം അടിസ്ഥാനത്തിലാണ് സർക്കാർ പുതിയ തീരുമാനം സ്വീകരിച്ചത്.

കനേഡിയൻ സർക്കാർ സ്റ്റഡി പെർമിറ്റ് പരിമിതപ്പെടുത്തിയതും സ്ഥിരതാമസത്തിനുള്ള അനുമതി വെട്ടിക്കുറച്ചതും ഇന്ത്യക്കാർക്ക് അടക്കം തിരിച്ചടിയായി മാറിയിരിക്കുന്നത്. പുതിയ പ്രവിശ്യാനയങ്ങളിലൂടെ സ്ഥിരതാമസ അപേക്ഷകളിൽ 25 ശതമാനമാണ് സർക്കാർ കുറവ് വരുത്തിയത്. കാനഡയില്‍ തുടരാമെന്ന പ്രതീക്ഷയില്‍ കഴിയുന്ന നിരവധി വിദ്യാർഥികൾക്ക് ഇത് അപ്രതീക്ഷിത തിരിച്ചടിയായി.

കാനഡയിലെ വിദ്യാർഥികളിൽ 37 ശതമാനവും വിദേശവിദ്യാർഥികളാണെന്നാണ് 2023 ല്‍ പുറത്ത് വന്ന ഒരു റിപ്പോർട്ട് വ്യക്തമാക്കുന്നത്. വർധിച്ച് വരുന്ന വിദേശ കുടിയേറ്റം രാജ്യത്ത് പാർപ്പിടം ആരോ​ഗ്യസംരക്ഷണം, തൊഴില്‍, മറ്റുസേവനങ്ങൾ എന്നിവയിൽ വലിയ സമ്മർദ്ദമാണ് ഉണ്ടാക്കുന്നുവെന്നും കനേഡിയൻ സർക്കാർ അവകാശപ്പെടുന്നു. ഇതോടെയാണ് വിദ്യാർത്ഥി വിസയില്‍ അടക്കം നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങിയത്.

പരിധികളോടെ 2024-ൽ ഏകദേശം 3,60,000 അം​ഗീകൃത സ്റ്റഡി പെർമിറ്റുകൾ നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 35 ശതമാനം കുറവാണ് ഇത്. കാനഡയിൽ താൽകാലികമായി താമസിക്കുന്നവർ രാജ്യത്തിന് പുറത്തുപോയി വീണ്ടും പഠനത്തിനും ജോലിക്കും അപേക്ഷിക്കുന്ന നീക്കം മുന്നില്‍ കണ്ടുകൊണ്ട് തന്നെ, ഇത് തടയാനുള്ള പദ്ധതികളും സർക്കാർ ആവിഷ്കരിക്കുന്നുണ്ട്.

2022-ല്‍ കാനഡയില്‍ എത്തിയ 5.51 ലക്ഷം അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ 2.26 ലക്ഷം പേരും ഇന്ത്യക്കാരായിരുന്നു. ഇന്ത്യ കഴിഞ്ഞാല്‍ ചൈന, ഫിലിപ്പൈന്‍സ്, ഫ്രാന്‍സ്, നൈജീരിയ എന്നീ രാജ്യങ്ങളില്‍നിന്നാണ്‌ കൂടുതല്‍ വിദ്യാര്‍ഥികളെത്തുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാത്രം പത്ത് ലക്ഷത്തോളം ഇന്ത്യക്കാർ കാനഡയില്‍ എത്തി. കോവിഡിന് ശേഷമാണ് കുടിയേറ്റത്തില്‍ വന്‍ കുതിച്ച് ചാട്ടമുണ്ടായത്.