• May 16, 2024

യു കെയിൽ വിദേശ ബിരുദധാരികളിൽ നിന്ന് പ്രമുഖ സ്ഥാപനങ്ങൾ തൊഴിൽ ഓഫറുകൾ പിൻവലിക്കുന്നു

യു കെയിൽ വിദേശ ബിരുദധാരികളിൽ നിന്ന് പ്രമുഖ സ്ഥാപനങ്ങൾ തൊഴിൽ ഓഫറുകൾ പിൻവലിക്കുന്നു

ലണ്ടൻ മെയ് 16: യുകെ സർക്കാർ പുതുതായി നടപ്പിലാക്കിയ കർശനമായ വിസ ചട്ടങ്ങള്‍ അന്തർദേശീയ വിദ്യാർത്ഥികള്‍ക്ക് തൊഴില്‍ മേഖലയിലും തിരിച്ചടിയായി മാറുകയാണ് . പുതിയ കർശനമായ വിസ ചട്ടങ്ങൾ ചൂണ്ടിക്കാട്ടി പ്രമുഖ സ്ഥാപനങ്ങളായ എച്ച്എസ്ബിസിയും ഡെലോയിറ്റും യുകെയിലെ വിദേശ ബിരുദധാരികൾക്കുള്ള ജോലി വാഗ്ദാനങ്ങൾ റദ്ദാക്കിയെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

വിദഗ്ധ തൊഴിലാളി വിസയ്ക്കുള്ള ശമ്പള പരിധി സാധാരണ തൊഴിലാളികൾക്ക് 26200 പൗണ്ടില്‍ നിന്ന് 38700 പൗണ്ടില്‍ ആയും 26 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് 30960 പൗണ്ടില്‍ആയും സർക്കാർ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എച്ച്എസ്ബിസിയും ഡെലോയിറ്റും വിദേശ വിദ്യാർത്ഥികള്‍ക്ക് നല്‍കിയ ജോലി വാഗ്ദാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം കെപിഎംജി സമാനമായ നീക്കം നടത്തിയിരുന്നു.

വലിയ തോതില്‍ പണം ചിലവഴിച്ചാണ് കേരളത്തില്‍ നിന്ന് അടക്കമുള്ള വിദ്യാർത്ഥികള്‍ യുകെയിലേക്ക് കുടിയേറുന്നത്. പഠനം കഴിഞ്ഞാല്‍ അവിടെ തന്നെ ജോലിക്ക് കയറാമെന്നുള്ളതാണ് കുടിയേറ്റത്തിന്റെ പ്രധാന കാരണം. എന്നാല്‍ വിദേശ വിദ്യാർത്ഥികളെ നേരിട്ട് ബാധിക്കുന്ന നിയമങ്ങളാണ് യു കെ അടുത്തിടെ നടപ്പാക്കിയിരിക്കുന്നത്. എച്ച്എസ്ബിസിയും ഡെലോയിറ്റും മാത്രമല്ല മറ്റ് ചിലരും ജോലി വാഗ്ധാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ടെന്നാണ് വിദ്യാർത്ഥികള്‍ പറയുന്നത്. ഇതോടെ പലരും നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യം നേരിടുകയാണെന്നും അവർ വ്യക്തമാക്കുന്നു.

എച്ച്എസ്ബിസിയുടെ ഓഫറുകൾ പിൻവലിക്കുന്നത് ഷെഫീൽഡിൽ ജോലി ചെയ്യാൻ ഉദ്ദേശിക്കുന്ന ഡിജിറ്റൽ ഇന്നൊവേഷൻ മേഖലയിലെ ബിരുദധാരികളെ കാര്യമായി തന്നെ ബാധിക്കും. കഴിഞ്ഞ വർഷം 2,700-ലധികം ജീവനക്കാരെ നിയമിച്ച ഡെലോയിറ്റ് വിദേശ വിദ്യാർത്ഥികള്‍ക്കുള്ള ഏകദേശം 35 ശതമാനം ഓഫറുകളാണ് റദ്ദാക്കിയത്. പുതിയ മാനദണ്ഡങ്ങള്‍ ചില റോളുകളിലെ വിസ സ്പോൺസർഷിപ്പിന് യോഗ്യമല്ലെന്നും ഡെലോയിറ്റ് അഭിപ്രായപ്പെട്ടു.

ഉയർന്ന തോതിലുള്ള നിയമപരമായ കുടിയേറ്റം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുകെ സർക്കാർ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഇതോടെയാണ് കമ്പനികളും അവരുടെ റിക്രൂട്ട്‌മെൻ്റ് സ്ട്രാറ്റജിയും മാറ്റാന്‍ തീരുമാനിച്ചത്. വിദേശ ബിരുദധാരികൾക്കുള്ള കരാർ കഴിഞ്ഞ മാസം തന്നെ കെപിഎംജിയും റദ്ദാക്കിയിരുന്നു. വിസ യോഗ്യതാ മാറ്റങ്ങൾ അവലോകനം ചെയ്യാൻ എച്ച്എസ്ബിസി ഇവൈയുമായി കൂടിയാലോചനയും നടത്തി.

അതോടൊപ്പം തന്നെ ഗ്രാജ്വേറ്റ് വിസ പ്രോഗ്രാം നിർത്തലാക്കുന്നത് സംബന്ധിച്ച നിർദേശം മൈഗ്രേഷൻ ഉപദേശക സമിതി അടുത്തിടെ മുന്നോട്ട് വെച്ചിട്ടുണ്ട്. നിർദേശം നടപ്പിലായാല്‍ വിദേശ വിദ്യാർത്ഥികൾക്ക് ബിരുദ പഠനത്തിന് ശേഷം രണ്ട് വർഷത്തേക്ക് ലഭിക്കുന്ന പോസ്റ്റ് സ്റ്റഡി വർക്ക് വിസയുടെ ആനുകൂല്യം റദ്ദാകും. ഫലത്തില്‍ പഠനം കഴിഞ്ഞാല്‍ വിദേശ വിദ്യാർത്ഥികള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടി വരും.