- June 29, 2024
ഓസ്ട്രേലിയയില്‍ ജോലി വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയ മുഖ്യപ്രതി അറസ്റ്റില്‍
ചാരുംമൂട് June 29: ഓസ്ട്രേലിയയില്‍ സിമിക് ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനിയില്‍ സോഫ്റ്റ് സ്കില്‍ ട്രെയിനര്‍മാരായി ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടനീളം നാല്പതിലേറെ ഉദ്യോഗാര്‍ഥികളില്‍നിന്നു കോടികള്‍ തട്ടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍.
കോയമ്പത്തൂര്‍ രത്തിനപുരി ഗാന്ധിജി റോഡില്‍ ശ്രീറാം ശങ്കരി അപ്പാര്‍ട്ട്മെന്റില്‍ ആര്. മധുസൂദനനെ(ആഷ്ടണ്‍ മൊണ്ടീറോ-42)യാണ് നൂറനാട് എസ്.എച്ച്.ഒ. ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
നൂറനാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ബംഗളുരുവില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന മധുസൂദനന് കേരളത്തില്‍ അങ്കമാലി കേന്ദ്രീകരിച്ച് ഒ.ഇ.ടി. ക്ലാസുകള്‍ എടുത്തിരുന്നു.
2023 ലാണ് അങ്കമാലി കേന്ദ്രീകരിച്ച് തട്ടിപ്പ് ആരംഭിച്ചത്. ഓസ്ട്രേലിയയിലെ സിമിക്ക് ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനിയില്‍ സോഫ്റ്റ് സ്കില്‍ ട്രെയിനര്‍മാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ആദ്യം സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്കി.
പരസ്യം കണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു നിരവധി യുവാക്കളും യുവതികളും ജോലിക്കായി ബയോഡേറ്റ സമര്‍പ്പിച്ചു. ഇയാളുടെ കൂട്ടാളികളായ ചിലരാണ് ഉദ്യോഗാര്‍ഥികളെ ബന്ധപ്പെട്ടിരുന്നത്. ആകര്‍ഷകമായ ജോലിയും ശമ്പളവും ഓസ്ട്രേലിയയില്‍ പെര്‍മനന്റ് വിസയും വാഗ്ദാനം ചെയ്തിരുന്നു.
ഇതിനിടയില്‍ മധുസൂദനന് കമ്പനി പ്രതിനിധി എന്ന വ്യാജേന ഓണ്‍ലൈന്‍ വഴി അഭിമുഖം നടത്തി. പിന്നീട് കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തും എറണാകുളത്തും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മധുസൂദനന്റെ അഭിമുഖവും നടന്നു.
ചെന്നൈയില്‍നിന്നു വിമാനത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും ഇറങ്ങി ആഡംബര കാറുകളില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ എത്തിയ മധുസൂദനന് ആഷ്ടണ്‍ മൊണ്ടീറോ എന്ന ഓസ്ട്രേലിയന്‍ പൗരന് എന്ന് പറഞ്ഞാണ് ഉദ്യോഗാര്‍ഥികളെ പരിചയപ്പെട്ടത്.
കൂട്ടാളികള്‍ ബോസ് എന്ന് വിളിക്കുന്ന ഇയാളുടെ വ്യക്തിപ്രഭാവത്തിലും അഭിമുഖത്തിലും അത്ഭുതപ്പെട്ട 40 യുവാക്കളും യുവതികളും ജോലി കിട്ടുമെന്ന് വിശ്വസിച്ചു. വിസ പ്രോസസിങ്ങിനായി ഇയാള്‍ ആവശ്യപ്പെട്ടത് പ്രകാരം ഏഴു ലക്ഷം രൂപ വീതം ഇവര്‍ നല്കിയ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു. പണം കിട്ടിയ ശേഷം ഈ സംഘം അപ്രത്യക്ഷരാവുകയായിരുന്നു. ആദ്യം ഫോണില്‍ വിളിച്ചാല്‍ എടുക്കാതാവുകയും പിന്നീട് ഫോണ്‍ നമ്പറുകള്‍ സ്വിച്ച് ഓഫാവുകയും ചെയ്തു.
പണം നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികളുടെ പരാതികളില്‍ അങ്കമാലി, കാലടി, നെടുമ്പാശേരി, തൃശൂര്‍ ഈസ്റ്റ്, മൂവാറ്റുപുഴ, കരമന, നൂറനാട് പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
നൂറനാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലേക്ക് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസ ജോണ്‍, ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി: കെ.എന്‍. രാജേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൂട്ടുപ്രതിയായ ചാലക്കുടി സ്വദേശി വിദേശത്തേക്ക് കടന്നതായും വ്യക്തമായി. അയാള്‍ക്കും മധുസൂദനനെതിരെയും ലുക്ക് ഔട്ട് സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചിരുന്നു. മധുസൂദനന് രാജ്യം വിട്ടിട്ടില്ലെന്ന് മനസിലായതിനെ തുടര്‍ന്ന് അന്വേഷണം വ്യാപിപ്പിക്കുകയും നൂറുകണക്കിന് മൊബൈല്‍ നമ്പറുകള്‍ വിശകലനം ചെയ്യുകയും ചെയ്തതായി പോലീസ് പറഞ്ഞു.
മധുസൂദനന്റെ പാസ്പോര്‍ട്ട് രേഖകളും വിദേശയാത്ര രേഖകളും അന്വേഷണ സംഘം ശേഖരിച്ചു. തുടര്‍ന്നാണ് ബംഗളുരുവില്‍ ഉദയനഗര്‍ എന്ന സ്ഥലത്ത് പേയിങ് ഗസ്റ്റായി ഇയാള്‍ താമസിച്ചുവരുന്നതായി വിവരം ലഭിച്ചത്.
തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളുടെ കൈവശം തമിഴ്നാട്ടിലെ സേലം, കോയമ്പത്തൂര്‍ സ്ഥലങ്ങളില്‍ വ്യത്യസ്ത വിലാസങ്ങളിലുള്ള മധുസൂദനന് എന്ന പേരിലുള്ള മൂന്നു ആധാര്‍ കാര്‍ഡുകളും ആഷ്ടണ്‍ മൊണ്ടീറോ എന്ന പേരിലുള്ള പാസ്പോര്‍ട്ടും കണ്ടെടുത്തു.
തട്ടിയെടുത്ത പണം ഉപയോഗിച്ച് ഇയാള്‍ തായ്ലാന്ഡ്, മലേഷ്യ, ബംഗളുരു, മുംബൈ മുതലായ സ്ഥലങ്ങളിലെ ഉല്ലാസ കേന്ദ്രങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നു. മലയാളിയായ ഇയാള്‍ തമിഴ്നാട്ടിലാണ് കുടുംബത്തോടൊപ്പം താമസിച്ചു വന്നിരുന്നത്. ബി.ബി.എ. ബിരുദധാരിയും അഡ്വര്‍ടൈസിങ് ആന്‍ഡ് ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയുമുള്ള ഇയാള്‍ കോയമ്പത്തൂര്‍, അങ്കമാലി എന്നിവിടങ്ങളില്‍ ഒ.ഇ.ടി. ക്ലാസുകള്‍ എടുത്തു വരവെയാണ് തട്ടിപ്പിലേക്ക് തിരിഞ്ഞത്.
ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി, കന്നട, ഫ്രഞ്ച്, ജര്‍മന്‍, പഞ്ചാബി എന്നിവ ഉള്‍പ്പെടെ 15 ഭാഷകള്‍ വശമുള്ള ഇയാള്‍ രണ്ടു മാസമായി ബംഗളുരു നഗരത്തില്‍ ഒ.ഇ.ടി ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തില്‍ ട്യൂട്ടറായി ജോലി നോക്കുകയായിരുന്നു.
ബംഗളുരുവിലും വിദ്യാര്‍ഥികള്‍ക്കിടയില്‍ യു.കെ, അയര്‍ലാന്‍ഡ് എന്നിവിടങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്ന ആളായി ചമഞ്ഞ് തട്ടിപ്പിനുള്ള പുതിയ മേച്ചില്പുറം ഒരുക്കി വരവെയാണ് പോലീസ് പിടിയിലായത്.
മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 ല്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സീനിയര്‍ സി.പി.ഒമാരായ സിനു വര്‍ഗീസ്, ബിജുരാജ്. ആര്, പ്രവീണ്‍. പി, സിജു. എച്ച്, ഗിരീഷ്ലാല്‍ വി.വി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.