• September 8, 2024

മകനെ സന്ദര്‍ശിക്കുവാനെത്തിയ പിതാവ് ഡെര്‍ബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

മകനെ സന്ദര്‍ശിക്കുവാനെത്തിയ പിതാവ് ഡെര്‍ബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

ഡെര്‍ബി സെപ്റ്റംബർ 8: മകനെ സന്ദര്‍ശിക്കുവാനായി നാട്ടില്‍ നിന്നും എത്തിയ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് യു കെ യിലെ ഡെര്‍ബിയില്‍ അന്തരിച്ചു. ഇരിട്ടി കീഴ്പ്പള്ളി സ്വദേശിയും, തലശ്ശേരി സെഷന്‍സ് കോടതി റിട്ടേര്‍ഡ് സൂപ്രണ്ടുമായ വരിക്കമാക്കല്‍ സ്‌കറിയ (67) ആണ് നിര്യാതനായത്. റിട്ടേര്‍ഡ് അദ്ധ്യാപികയായ ഭാര്യ സിസിലിയോടൊപ്പം, ഡെര്‍ബിയില്‍ താമസിക്കുന്ന മകന്‍ സച്ചിന്‍ ബോസിന്റെ ഭവനം സന്ദര്‍ശിക്കുന്നതിനാട്ടാണ് സ്‌കറിയ എത്തിയത്.

ഒരു മാസം മുമ്പാണ് സച്ചിന്റെ മാതാപിതാക്കള്‍ യു കെ യില്‍ എത്തുന്നത്. മകന്റെ കുടുംബത്തോടൊപ്പം ഏറെ സന്തോഷകരമായി സ്‌കോട്‌ലാന്‍ഡടക്കം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശനം നടത്തി കഴിഞ്ഞ ദിവസമാണ് ഡെര്‍ബിയില്‍ തിരിച്ചെത്തിയത്.

ഇന്നലെ വീട്ടില്‍ നിന്നും നടക്കുവാനായി പുറത്തേക്കു പോയ സ്‌കറിയ, തിരിച്ചു വരാന്‍ താമസിക്കുന്നതിനാല്‍ കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് വഴിയില്‍ ബോധരഹിതനായി വീണു കിടന്ന ഒരു ഏഷ്യക്കാരനെ ആംബുലന്‍സ് എത്തി ഹോസ്പിറ്റലിലേക്ക് മാറ്റിയ വിവരം അറിയുവാന്‍ കഴിഞ്ഞത്. ഹോസ്പിറ്റലില്‍ എത്തുമ്പോളാണ് തങ്ങളുടെ പിതാവ് മരണപ്പെട്ട ഹൃദയഭേദകമായ വിവരം സച്ചിനും കുടുംബവും അറിയുന്നത്.

മാതാപിതാക്കളെ തങ്ങളോടൊപ്പം കുറച്ചു കാലം താമസിപ്പിക്കുവാനുള്ള സച്ചിന്റെ അദമ്യമായ ആഗ്രഹവും, പേരക്കുട്ടികളോടൊപ്പം സമയം ചിലവഴിക്കുവാനുള്ള സ്‌കറിയായുടെ അഭിലാഷവുമാണ് ഇവിടെ വിധി കവര്‍ന്നെടുത്തത്. ഇന്നലെ ഹോസ്പിറ്റല്‍ ചാപ്ലിന്റെ നേതൃത്വത്തില്‍ പരേതനുവേണ്ടി പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചിരുന്നു. മരണ വാര്‍ത്ത അറിഞ്ഞു ഫാ. ടോമി എടാട്ട് ഭവനം സന്ദര്‍ശിക്കുകയും, പരേതനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

അന്ത്യ ശുശ്രുഷകള്‍ നാട്ടില്‍ നടത്തി വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി കുടുംബക്കല്ലറയില്‍ സംസ്‌കരിക്കുവാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. ഇന്നും നാളെയും അവധി ദിനങ്ങളായതിനാല്‍ ബോഡി നാട്ടിലെത്തിക്കുവാനുള്ള നടപടികള്‍ തിങ്കളാഴ്ച ആരംഭിക്കും.

സന്തോഷമായി തങ്ങളോടൊപ്പം കുറച്ചു കാലം നിര്‍ത്തുവാനുള്ള പൊലിഞ്ഞുപോയ ആഗ്രഹവും, നാട്ടിലേക്ക് ഒറ്റയ്ക്ക് തിരിച്ചു വിടേണ്ടിവരുന്ന അമ്മയുടെ ദുംഖാവസ്ഥയും ഏറെ തളര്‍ത്തിയ സച്ചിന്‍ ബോസിന്റെ കുടുംബത്തോടൊപ്പം സഹായവും സാന്ത്വനവുമായി ബന്ധുക്കളും സുഹൃത്തുക്കളും ഡെര്‍ബി മലയാളികളും ആശ്വാസമായുണ്ട്.

സച്ചിന്‍ (യു കെ) സഫിന്‍ (യുഎ ഇ ) സാല്‍ബിന്‍ (ബാംഗ്ലൂര്‍) എന്നിവര്‍ മക്കളാണ്. ആര്യ (മരുമകള്‍) റിക്കി (പൗത്രന്‍).

വാര്‍ത്ത അയച്ചത് അപ്പച്ചന്‍ കണ്ണന്‍ച്ചിറ