• February 17, 2024

കേരളം ഗവണ്മെന്റിന്റെ IELTS, OET, CEFR ക്ലാസുകൾ കോഴിക്കോട്, കോട്ടയത്തും തിരുവനന്തപുരത്തും

തിരുവനന്തപുരം Feb 17: സുരക്ഷിത കുടിയേറ്റം ഉറപ്പാക്കുക എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിലുളള നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) പുതിയ കേന്ദ്രം കോഴിക്കോട് പ്രവർത്തനം തുടങ്ങി.

രാം മനോഹർ റോഡിലെ (ചിന്താവളപ്പ്) സി എം മാത്യു സൺസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രം മേയര്‍ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ലാഗ്വേജ് ലാബിന്റെ ഉദ്ഘാടനവും ശിലാഫലകത്തിന്റെ അനാഛാദനവും നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.

ഇംഗീഷ് ഭാഷയില്‍ OET (Occupational English Test), IELTS (International English Language Testing System), ജര്‍മ്മന്‍ ഭാഷയില്‍ CEFR (Common European Framework of Reference for Languages) എ 1, എ2, ബി1, ലെവല്‍ വരെയുളള കോഴ്‌സുകളാണ് ആദ്യഘട്ടത്തിൽ കോഴിക്കോട് കേന്ദ്രത്തിൽ ഉണ്ടാവുക. രാവിലെ ഒൻപത് മുതൽ ഉച്ച ഒന്ന് വരെയും ഉച്ച ഒന്ന് മുതൽ വൈകീട്ട് അഞ്ച് വരെയും രണ്ട് ബാച്ചുകളായാണ് ക്ലാസ്. ഒരു ബാച്ചിൽ 100 വിദ്യാർത്ഥികൾ ഉണ്ടാകും. ക്ലാസുകൾ തിങ്കളാഴ്ച (ഫെബ്രുവരി 19) തുടങ്ങും.

മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്ററായും കേന്ദ്രം പ്രവർത്തിക്കും. പഠനം വിജയകരമായി പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നോർക്ക വഴിയുള്ള വിദേശ റിക്രൂട്ട്മെന്റിൽ മുന്തിയ പരിഗണന ലഭിക്കും. വിദേശ തൊഴിൽദാതാവുമായി നേരിട്ടുള്ള അഭിമുഖം, അന്താരാഷ്ട്ര തലത്തിലെ അഭിമുഖങ്ങളിൽ പങ്കെടുക്കാനുള്ള പരിശീലനം, ആധുനിക സൗകര്യങ്ങളുള്ള നാല് സൗണ്ട് പ്രൂഫ് ക്ലാസ്സ്‌ റൂമുകൾ എന്നിവയാണ് നോർക്കയുടെ രണ്ടാമത്തെ എൻ.ഐ.എഫ്.എൽ കേന്ദ്രമായ കോഴിക്കോട് ഒരുക്കിയിട്ടുള്ളത്.

ഓഫ്‌ലൈൻ കോഴ്സുകളില്‍ ബി.പി.എൽ, എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് പഠനം പൂർണമായും സൗജന്യമാണ്. എ.പി.എൽ, ജനറല്‍ വിഭാഗക്കാർക്ക് 75 % സര്‍ക്കാര്‍ സബ്സിഡിയും ലഭിക്കും.

വിദേശത്ത് ജോലി ലഭിക്കാൻ വിദേശ ഭാഷ പഠിച്ചെടുക്കൽ പ്രധാനമാണെന്നും ലളിതമായി ഭാഷ സംസാരിക്കാൻ പഠിക്കണമെന്നും മേയർ ബീന ഫിലിപ്പ് അഭിപ്രായപ്പെട്ടു. 180ൽപ്പരം രാജ്യങ്ങളിൽ സാന്നിധ്യമുള്ള മലയാളികൾക്ക് വിദേശ ഭാഷാപ്രാവീണ്യം പ്രശ്നമായതിനാലാണ് എൻ.ഐ.എഫ്.എൽ തുടങ്ങിയതെന്നും ഭാഷാപഠനത്തിന് പുറമെ ജോലി നൈപുണി കൈവരിക്കുന്ന രീതിയിൽ വിദേശ ഉദ്യോഗാർഥിയെ വാർത്തെടുക്കലും ലക്ഷ്യമാണെന്ന് ഉദ്ഘാടന പരിപാടിയിൽ അധ്യക്ഷത വഹിച്ച പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.

നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി, വാർഡ്‌ കൗൺസിലർ പി കെ നാസർ, ഹോം ഒതന്റിക്കേഷന്‍ ഓഫീസര്‍ സുഷമാഭായി എസ് എന്നിവർ സംസാരിച്ചു.

നോര്‍ക്ക റൂട്ട്സ്, സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റ്, എന്‍.ഐ.എഫ്.എല്‍ പ്രതിനിധികൾ പങ്കെടുത്തു.

കഴിഞ്ഞ മാർച്ചിൽ തിരുവനന്തപുരത്താണ് എന്‍.ഐ.എഫ്.എല്ലിന്റെ ആദ്യ കേന്ദ്രം തുടങ്ങിയത്. കോഴിക്കോടിന് പിന്നാലെ മൂന്നാമത് കേന്ദ്രം കോട്ടയത്ത് തുടങ്ങും.