• May 10, 2024

ലിംകയുടെ നേഴ്സസ് ഡേ ആഘോഷങ്ങൾ ഇന്ന്

ലിംകയുടെ നേഴ്സസ് ഡേ ആഘോഷങ്ങൾ ഇന്ന്

സണ്ണി ജേക്കബ്

ലിവർപൂൾ May 11: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്സസ് ഡേ ആഘോഷങ്ങൾ നടത്തപ്പെടുകയാണ്, ഈ വർഷത്തെ നഴ്സസ് ഡേ ആഘോഷത്തിൽ പങ്കെടുക്കുവാൻ നൂറിൽപ്പരം നേഴ്സുമാർ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവർപൂളിലെ ചിൽഡ് വാളിൽ ഉള്ള മെല്ലെനിയം സെൻററിൽ വച്ചാണ് ആഘോഷങ്ങൾ നടത്തപ്പെടുക.

ഡിബേറ്റ്, സെമിനാർ, നഴ്സസ് മാരുടേതായ കലാപരിപാടികൾ അതുപോലെ എൻഎച്ച്എസ് നോർത്ത് വെസ്റ്റിലെ പ്രഗൽഭരായവരുടെ ക്ലാസുകൾ, അത്താഴ വിരുന്ന് എന്നിവയാണ് കാര്യപരിപാടികൾ കൂടാതെ എൻ എച്ച് എസ് യൂണിയൻ ഭാരവാഹികൾ യോഗത്തിൽ സംസാരിക്കുന്നതായിരിക്കും.

ഈ വർഷത്തെ നഴ്സസ് ഡേ യുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡൻറ് തോമസുകുട്ടി ഫ്രാൻസിസ്, സെക്രട്ടറി വിപിൻ വർഗീസ്, ട്രഷറർ അജി ജോർജ്, പ്രോഗ്രാം കോഡിനേറ്റേഴ്സ് ആയ റീന ബിനു, രാജി തോമസ്, ബിന്ദു റെജി, Dr. ശ്രീബ എന്നിവർ അറിയിച്ചു.

വേറിട്ട ആശയങ്ങളിലൂടെ സാമൂഹിക ഉന്നമനത്തിനായി ലിവർപൂളിലെയും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികൾക്കിടയിൽ കർമ്മനിരതമായി പ്രവർത്തിക്കുന്ന ലിംകയുടെ ഒരു വലിയ സംഭാവനയാണ് എല്ലാവർഷവും നടത്തിവരുന്ന ഈ നഴ്സസ് ഡേ.

മേഴ്സി മ്യൂസ് രണ്ടാം എഡിഷൻ ഇന്ന്

ലിവർപൂൾ: സാമൂഹ്യ സാംസ്കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളർത്തിയെടുക്കാൻ ലിവർപൂൾ മലയാളി കൾച്ചറൽ അസ്സോസിയേഷൻ (ലിംക) മുൻകൈ എടുത്തു തുടങ്ങിയ ഡിജിറ്റൽ മാധ്യമം “മേഴ്സി മ്യൂസ് ” രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വർഷം വിഷു ദിനത്തിൽ ഉദ്ഘാടനം നടന്ന ഈ മാധ്യമത്തിൻ്റെ സമ്മർ എഡിഷനിൽ നഴ്സസ് ഡേ ഉൾപ്പെടെ നിരവധി വാർത്താ പ്രാധാന്യമുള്ള രചനകളുമായിട്ടാണ് ഇത്തവണ മേഴ്സി മ്യൂസ് പുറത്തിറങ്ങുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രചുരപ്രചാരം നേടിയ മേഴ്സി മ്യൂസ് ലിവർപൂൾ മലയാളികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുമെന്ന് എഡിറ്റോറിയൽ ബോർഡ് പ്രസ്താവിച്ചു.