• September 29, 2025

ലേബർ പാർട്ടി നാഷണൽ കോൺഫ്രൻസിന് മലയാളി പ്രതിനിധികളും

ലിവർപൂൾ: ബ്രിട്ടനിലെ നിലവിലെ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് നടുവിൽ ലേബർ പാർട്ടി നാഷണൽ കോൺഫ്രൻസിന് ലിവർപൂൾ എ സി സി അരീനയിൽ ഗംഭീര തുടക്കം. പതിനാല് വർഷത്തെ കൺസർവേറ്റിവ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് അധികാരത്തിലേറിയതിന്റെ ആവേശത്തിലും ആത്മവിശ്വാസത്തിലുമായിരുന്നു 2024 ലെ ദേശീയ സമ്മേളനം നടന്നതെങ്കിൽ, കടുത്ത രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് നടുവിലാണ് ഈ വർഷത്തെ ദേശീയ സമ്മേളനം അരങ്ങേറുന്നത്.

അനധികൃത കുടിയേറ്റവും, ബ്രിട്ടീഷ് ദേശീയതയും, തീവ്ര വലതുപക്ഷ രാഷ്ട്രീയവും രാജ്യമെമ്പാടും മുൻപെങ്ങും നടന്നിട്ടില്ലാത്തവിധം ചർച്ചചെയ്യപ്പെടുമ്പോൾ; രാജ്യം ഭരിക്കുന്ന ലേബർ പാർട്ടി ദേശീയ സമ്മേളനം ലോകം ഉറ്റുനോക്കും വിധം ശ്രദ്ധാകേന്ദ്രമാകുകയാണ്. രാജ്യത്തിന്റെ ദേശീയ – അന്തർദേശീയ സമീപനങ്ങളെ കൃത്യമായി മാറ്റിമറിക്കുവാൻ കെല്പ്പുള്ളവയാകും കോൺഫ്രൻസിന്റെ നയരൂപീകരണ നിർദ്ദേശങ്ങൾ.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് യു കെ പ്രവാസി സമൂഹവും ശ്രദ്ധാപൂർവ്വം കാതോർക്കുമ്പോൾ, മലയാളി പ്രതിനിധികളും ലേബർ പാർട്ടി ദേശീയ സമ്മേളനത്തിൽ മുഴുവൻസമയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയരാകുന്നു. ആദ്യ മലയാളി ബ്രിട്ടീഷ് എം പി സോജൻ ജോസഫിനോടൊപ്പം ബേസിംഗ്സ്റ്റോക്ക് കൗൺസിലർ സജീഷ് ടോം, മുൻ ക്രോയ്ഡോൺ മേയർ മഞ്ജു ഷാഹുൽ ഹമീദ്, മുൻ ന്യൂഹാം കൗൺസിലർ സുഗതൻ തെക്കേപുര, ലിവർപൂളിൽ നിന്നുതന്നെയുള്ള പ്രിയാ ലാൽ, നോർത്ത് ലണ്ടനിലെ ഫ്രിഞ്ചിലിയിൽ നിന്നുള്ള അജിത് ദാസ് എന്നിവരാണ് നാല് ദിവസം നീണ്ടുനിൽക്കുന്ന കോൺഫ്രൻസിൽ പങ്കെടുക്കുന്ന മലയാളികൾ.

സെപ്റ്റംബർ 28 മുതൽ ഒക്റ്റോബർ 1 വരെ നടക്കുന്ന കോൺഫ്രൻസിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ലേബർ പാർട്ടി ലീഡറുമായ സർ കീയർ സ്റ്റാമർ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോൾ ലോകം കാതോർക്കുന്ന പ്രഖ്യാപനങ്ങൾക്ക് ലേബർ പാർട്ടി ദേശീയ സമ്മേളനം വേദിയാകും. നൂറോളം ഫ്രിഞ്ച്‌ മീറ്റിങ്ങുകളും, ഇന്ത്യൻ ഹൈക്കമ്മീഷൻ ഉൾപ്പെടെ നിരവധി രാജ്യങ്ങളുടെ ഔദ്യോഗീക പ്രതിനിധികൾ നേരിട്ട് സംഘടിപ്പിക്കുന്ന അത്താഴ വിരുന്നുകളും, അതാത് രാജ്യങ്ങളിലെ കോൺഫ്രൻസ് പ്രതിനിധികളെയും ബ്രിട്ടീഷ് ക്യാബിനറ്റ് മന്ത്രിമാരെയും എം പി മാരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സൗഹൃദ സംവാദ സദസ്സുകളുമൊക്കെയായി ഉത്സവ പ്രതീതി പകരുന്ന നാല് ദിനങ്ങൾക്കാകും ലിവർപൂൾ ഇനി സാക്ഷ്യം വഹിക്കുക