• December 16, 2024

ലുലു ഇനി കോട്ടയത്തും; 2000 പേർക്ക് തൊഴില്‍

ലുലു ഇനി കോട്ടയത്തും; 2000 പേർക്ക് തൊഴില്‍

കോട്ടയം Dec 16: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കോട്ടയം ലുലു മാള്‍ തുറന്നു. എംസി റോഡിന് സമീപം മണിപ്പുഴയില്‍ പണി കഴിപ്പിച്ചിരിക്കുന്ന മാള്‍ മന്ത്രി വിഎന്‍ വാസവനാണ് ഉദ്ഘാടനം ചെയ്തത്. ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എംഎ യൂസഫലി, എംപിമാരായ ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, ഹാരിസ് ബീരാൻ, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരൻ, സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു, തിരുവഞ്ചൂർ രാധാകൃഷ്ണന്‍ തുടങ്ങിയ നിരവധി പേരുടെ സാന്നിധ്യത്തിലായിരുന്നു ഉദഘാടനം.

യുവാക്കളെ നാട്ടില്‍ പിടിച്ച് നിർത്താന്‍ കഴിയുന്ന പദ്ധതികളാണ് കേരളത്തിന് വേണ്ടതെന്ന് എംഎ യൂസഫലി അഭിപ്രായപ്പെട്ടു. ‘വൈകീട്ട് നാല് മുതല്‍ ജനങ്ങള്‍ക്ക് മാളിലേക്ക് പ്രവേശനമുണ്ടാകും. കോട്ടയത്തിനുള്ള ക്രിസ്മസ് സമ്മാനമായിട്ടാണ് ലുലു മാള്‍ പ്രവർത്തനം ആരംഭിക്കുന്നതെന്ന് എംഎ യൂസഫലി ആവർത്തിച്ചു. കേരളം മുതിർന്ന പൗരന്മാരുടെ നാടായി മാറരുത്. നമ്മുടെ ചെറുപ്പക്കാർ വിദേശത്തേക്ക് ചേക്കേറുകയാണ്. അവരെ ഇവിടെ പിടിച്ച് നിർത്താന്‍ പുതിയ പദ്ധതികള്‍ വേണം. അതിനായി പഴയ നിയമങ്ങള്‍ മാറി പുതിയ നിയമങ്ങള്‍ വരണം’ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് എംഎ യൂസഫലി പറഞ്ഞു.

പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളാണ് ഞാന്‍ എന്റെ സഹപ്രവർത്തകരോട് പതിവായി പറയാറുള്ളത്. കമ്പനിക്ക് വേണ്ടിയോ എനിക്ക് വേണ്ടിയോ യാതൊരു തരത്തിലും നിയമവിരുദ്ധമായി പണം സമ്പാദിക്കരുത്. പണമുണ്ടാക്കാനായി സർക്കാറിനെയോ ഉപഭോക്താക്കളേയോ പറ്റിക്കരുത്. ഗുണനിലവാരുമുള്ള സാധനങ്ങള്‍ മാത്രമേ ഏതൊരു വ്യക്തിക്കും കൊടുക്കാന്‍ പാടുള്ളു, തുടങ്ങിയവയാണ് ആ മൂന്ന് കാര്യങ്ങള്‍.

ഇന്ത്യയില്‍ മാത്രം ലുലു ഗ്രൂപ്പിന് വേണ്ടി 23000 ല്‍ അധികം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഫുഡ് പ്രോസസിങ് യൂണിറ്റുകളിലൂടെ ഗുണനിലവാരമുള്ള ഭക്ഷണം കൊടുക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. കോട്ടയത്തെ പുതിയ മാളിലും അതായിരിക്കും ഞങ്ങളുടെ മുഖമുദ്ര. ഈ മാളിലുടെ 2000 പേർക്ക് നേരിട്ടും പരോക്ഷമായും ജോലി ലഭിക്കുന്നു. ഉദ്ഘാടനത്തിന് എത്തിച്ചേർന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും എംഎ യൂസഫലി പറഞ്ഞു.

ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ ഈ സംരഭം തുറക്കുന്നത്. പണം സമ്പാദിക്കാനല്ല, പണം സമ്പാദിക്കാന്‍ ഞങ്ങള്‍ക്ക് വേറേയും മാർഗങ്ങളുണ്ട്. ഇത് ഇത് കോട്ടയത്തിനു വേണ്ടിയുള്ള ലുലു ഗ്രൂപ്പിന്റെ ക്രിസ്മസ് സമ്മാനമാണ്. നമ്മുടെ നാടിന്റെ ഉന്നമനത്തിനായി രാഷ്ട്രീയക്കാർ, മാധ്യമങ്ങൾ, ബിസിനസുകാർ എല്ലാവരും ഒരുമിച്ചു നിൽക്കണം. ചില യൂട്യൂബർമാർ പലതും നശിപ്പിക്കാന്‍ ശ്രമിക്കുന്നു. നമ്മളെ ആട്ടിപ്പായിക്കാന്‍ ശ്രമിക്കുന്ന ചില വ്ളോഗർമാരുണ്ട് അവരെ വിശ്വസിക്കാനും ചിലരുണ്ട്. അവരൊന്നും ഈ നാടിന് വേണ്ടി ഒന്നും സംഭാവന ചെയ്യാതെ എല്ലാം നശിപ്പിക്കാനാണ് ശ്രമിക്കുന്നു.

അതേസമയം, 1.4 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ലുലു ഹൈപ്പർമാർക്കറ്റായിരിക്കും കോട്ടയം ലുലു മാളിന്റേയും ശ്രദ്ധാ കേന്ദ്രം. ആകെ 2.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലായി രണ്ട് നിലകളിലായാണ് കെട്ടിടം പണിതിരിക്കുന്നത്. കോട്ടയം മാള്‍ കൂടെ തുറന്നതോടെ കേരളത്തിലെ അഞ്ച് നഗരങ്ങളില്‍ ലുലു ഗ്രൂപ്പ് സാന്നിധ്യം ഉറപ്പിച്ചു. കൊച്ചി, പാലക്കാട്, തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളില്‍ നേരത്തെ തന്നെ ലുലു പ്രവർത്തിക്കുന്നുണ്ട്. കോട്ടയം ലുലു മാളിലേക്കുള്ള റിക്രൂട്ട്മെന്റ് നേരത്തെ നടന്നിരുന്നെങ്കിലും ഇനിയും നിരവധി ഒഴിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.