• November 4, 2024

ശ്രേഷ്ഠഭാഷയുടെ പുതിയ ഒരുദ്ധ്യായത്തിനു തുടക്കംകുറിച്ചുകൊണ്ട് ലണ്ടനിൽ മലയാളോത്സവം 2024 ഗംഭീരമായി ആഘോഷിച്ചു

ശ്രേഷ്ഠഭാഷയുടെ പുതിയ ഒരുദ്ധ്യായത്തിനു തുടക്കംകുറിച്ചുകൊണ്ട് ലണ്ടനിൽ  മലയാളോത്സവം 2024 ഗംഭീരമായി ആഘോഷിച്ചു

ലണ്ടൻ നവംബർ 4: അനേകം മലയാള കലാസാഹിത്യ പ്രതിഭകളാല്‍ സമ്പന്നമായ യുകെയില്‍ വീണ്ടുമൊരു എഴുത്തുകാരുടെ സംഗമം ‘മലയാളോത്സവം 2024’ എന്നപേരില്‍ കേരളപ്പിറവിയാഘോഷത്തോടൊപ്പം ഗംഭീരമായി ആഘോഷിച്ചു.

പ്രശസ്ത നോവല്‍ ആടുജീവിതത്തിന്റെ സൃഷ്ടാവ് ബെന്യാമിൻ പരിപാടിയില്‍ മുഖ്യ അഥിതിയായിരുന്നു.

MAUK യുടെ ശക്തവും കർമ്മനിരതവുമായ നേതൃത്വവും, അനേകം സന്നദ്ധപ്രവർത്തകരുടെ നിസ്വാർഥമായ പ്രവർത്തനവും, സ്പോൺസർ ചെയ്ത സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും നിർലോഭമായ സഹകരണവും ഈ വലിയ സ്വപ്നസാക്ഷാത്കാരത്തിന്റെ വിജയത്തിന്റെ ഘടകങ്ങളായി.

യൂ കെ യിലെ മലയാളം എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദർശനം, വില്പന, മലയാളബന്ധമുള്ള കലാപ്രവർത്തകരുടെ ചിത്രങ്ങളുടെ പ്രദർശനം, ചിത്രങ്ങളുടെയും പുസ്തകങ്ങളുടെയും നടുവിൽ ഇരുന്നുകൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട കഥാകാരനായ ബെന്യാമിനുമായി നടത്തിയ സർഗ്ഗസംവാദം, എഴുത്തച്ഛൻ ഗ്രന്ഥശാലയുടെ ഔപചാരികമായ ഉദ്ഘാടനം, എഴുത്തുകാരെ ഭാവിസംബന്ധിയാക്കാൻ പ്രാപ്‌തരാക്കുന്ന ഏറ്റവും നൂതനവിഷയമായ ‘സർഗ്ഗരചനയിലെ നിർമ്മിതബുദ്ധി’ – യെപ്പറ്റിയുള്ള (AI in creative writing) പ്രൗഢമായ അവതരണം, അതേത്തുടർന്ന ചർച്ച, പുസ്തക പ്രകാശനം എന്നിവയാൽ സമ്പുഷ്ടമായ രണ്ടു ദിനങ്ങൾ മലയാളോത്സവത്തിനു മാറ്റുകൂട്ടി.

പ്രിയൻ മാഷിന്റെ (പ്രിയവ്രതൻ – “കട്ടൻ കാപ്പിയും കവിതയും”) തബലയുടെ മൃദുലമായ സ്ട്രീമിംഗോടെയാണ് പരിപാടി ആരംഭിച്ചത്, ലളിതവും വിപ്ലവാത്മകവുമായ ഒരു കാലത്തേക്കു കൊണ്ടുപോകുന്നതായി അനുഭവപ്പെട്ട വയലാർ സംഗീതം അന്തരീക്ഷത്തിൽ നിറയുമ്പോൾ, അത് സദസ്യരുടെ ഓർമ്മകളെ ഇഴചേർത്തതായി തോന്നി.

യുകെയിലെ മലയാളം എഴുത്തുകാരുടെ ആദ്യസംഗമം ‘മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ’ യുടെ ആസ്ഥാനമായ ലണ്ടനിലെ ‘കേരളാഹൗസി’ല്‍വച്ചു 2017ല്‍ നടത്തുകയുണ്ടായി.

അതേത്തുടര്‍ന്നു 2019ല്‍ വീണ്ടും സംഘടിപ്പിച്ച സംഗമത്തിനു ശേഷം അനേകം മലയാളി എഴുത്തുകാര്‍ ഈ രാജ്യത്ത് എത്തപ്പെടുകയും, ധാരാളം പുതിയ പുസ്തകങ്ങള്‍ യുകെ മലയാളികളുടേതായി പുറത്തുവരികയും ചെയ്തിരുന്നു.

വീണ്ടും 2024 നവംബര്‍ രണ്ട്, മൂന്ന് തീയതികളിലായി ലണ്ടനിലെ കേരളാഹൗസില്‍ ‘മലയാളോത്സവം 2024’ എന്ന പേരില്‍ വേദി ഒരുക്കിയത്.

കഥോത്സവം, കവിതോത്സവം, പുസ്തക പ്രദര്‍ശനം, പുസ്തക വില്‍പന, കവിതാലാപനം, രചനാ മത്സങ്ങള്‍, കലാ പ്രദര്‍ശനം എന്നിവ ഈ പരിപാടിയുടെ ഭാഗമായി നടത്തപപെട്ടു

ആദ്യ ദിനത്തില്‍ ചിത്ര/ശില്‍പ കലാ പ്രദര്‍ശനവും രണ്ടാം ദിനത്തില്‍ സമ്മേളനങ്ങളും നടന്നു.

ഇതോടൊപ്പം ‘എഴുത്തച്ഛന്‍ ഗ്രന്ഥശാല’യുടെ ഔപചാരികമായ ഉദ്ഘാടനവും അന്നേദിവസം നടന്നു.

എഴുത്തുകാര്‍ക്ക് അവരുടെ പുസ്തകങ്ങള്‍ പരിചയപ്പെടുത്താനും, വില്പന നടത്താനും സൗകര്യമുണ്ടായി.

മലയാളി കലാപ്രവര്‍ത്തകര്‍ സൃഷ്ടിച്ച ചിത്രങ്ങളും ശില്‍പങ്ങളും ഒപ്പം ബ്രിട്ടനിലെ സിനിമാ പ്രേമികള്‍ അണിയിച്ചൊരുക്കിയ സിനിമകളുടെ പോസ്റ്ററുകളും പ്രദര്‍ശിപ്പിക്കുവാനും കഴിഞു.