• June 16, 2024

യുകെ, ജർമ്മനി ജോലി സാധ്യത കൂടുന്നു: തട്ടിപ്പ് രഹിത സുരക്ഷിത റിക്രൂട്ട്മെന്റിനായി കേരള സർക്കാർ

യുകെ, ജർമ്മനി ജോലി സാധ്യത കൂടുന്നു: തട്ടിപ്പ് രഹിത സുരക്ഷിത റിക്രൂട്ട്മെന്റിനായി കേരള സർക്കാർ

തിരുവനന്തപുരം June 16: വിദേശങ്ങളിൽ മലയാളികൾക്ക് സുരക്ഷിതമായ തൊഴിൽ കുടിയേറ്റം ഉറപ്പുവരുത്തുന്നതും വിദേശ റിക്രൂട്ടിംഗ് ഏജൻസികൾ വഴി നടക്കുന്ന തട്ടിപ്പുകൾ തടയുന്നതും സംബന്ധിച്ച് ലോക കേരള സഭയിൽ ചർച്ച സംഘടിപ്പിച്ചു. സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.

നിലവിൽ നടക്കുന്ന കുടിയേറ്റങ്ങളുടെ ട്രെൻഡ് മനസ്സിലാക്കി കൂടുതൽ തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിന് ആശയങ്ങൾ രൂപീകരിക്കണമെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. തങ്ങളുടെ രാജ്യങ്ങളിൽ വലിയ ജോലി സാധ്യതകൾ ഇപ്പോൾ വളർന്നുവരുന്നതായി ജോർദാൻ, ജർമ്മനി, യുകെ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളിൽ നിർത്തിയ പ്രതിനിധികൾ പറഞ്ഞു.

സ്വകാര്യ റിക്രൂട്ടിംഗ് ഏജൻസികൾ വഴി നടക്കുന്ന തൊഴിൽ തട്ടിപ്പുകൾ നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ വേണമെന്ന് എംഎൽഎമാരായ കെ. ബാബു, എംഎം മണി, എം എസ് അരുൺകുമാർ, ഇ. ചന്ദ്രശേഖരൻ എന്നിവർ പറഞ്ഞു. ചർച്ചയിൽ ഉയർന്നുവന്ന അഭിപ്രായങ്ങൾ ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികളിൽ ഒരാൾ നാളെ (ജൂൺ 15) ലോക കേരളസഭയിൽ അവതരിപ്പിക്കും. നോർക്ക റൂട്ട്‌സ് സിഇഒ അജിത് കൊളശ്ശേരി മോഡറേറ്ററായി. നോർക്ക റൂട്ട്‌സ് സെക്രട്ടറി കെ. വാസുകി പങ്കെടുത്തു.

അതേസമയം, ലോക കേരള സഭയുടെ ഭാഗമായി നടന്ന മേഖല യോഗത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിലെ വിവിധ സാധ്യതകളും ചർച്ച ചെയ്തു. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ 19 ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു. ഭൂരിഭാഗം ആഫ്രിക്കൻ രാജ്യങ്ങളിലെയും കാർഷിക മേഖലയിലെ വലിയ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് പ്രതിനിധികൾ പറഞ്ഞു.

ഫലഭൂഷ്ഠമായ മണ്ണ് അനുകൂലമായ കാലാവസ്ഥ എന്നിവ വലിയ സാധ്യത നൽകുന്നു. വിദ്യാഭ്യാസ മേഖലയിലും ആഫ്രിക്കൻ രാജ്യങ്ങളെ കേരളത്തിന് പ്രയോജനപ്പെടുത്താനാകും. ആഫ്രിക്കൻ രാജ്യങ്ങളിലെ വിദ്യാർഥികളെ കേരളത്തിൽ എത്തിക്കാനുള്ള പരിശ്രമം ഉണ്ടാകണം. ടൂറിസം നിർമ്മാണ മേഖല തുടങ്ങിയവയിലും വലിയ സാധ്യതകൾ നിലനിൽക്കുന്നതായി പ്രതിനിധികൾ പറഞ്ഞു. ആഫ്രിക്കയിലെ യഥാർത്ഥ സാഹചര്യവും സാധ്യതകളും മനസ്സിലാക്കാൻ ചർച്ചയിലൂടെ സാധിച്ചതായി മന്ത്രി പറഞ്ഞു. ചർച്ചയിൽ എംഎൽഎമാരായ കെ.ഡി പ്രസേനൻ, എസി മൊയ്തീൻ എന്നിവരും പങ്കെടുത്തു.

അതേസമയം, അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിനെ കുറിച്ച് കൃത്യമായ ധാരണ സൃഷ്ടിക്കുന്നതിന് സംസ്ഥാന സർക്കാർ ശ്രമിക്കണമെന്ന് ലോക കേരള സഭ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. അമേരിക്കയുമായി ബന്ധപ്പെട്ട മേഖലാ ചർച്ചയിലാണ് ഈ നിർദേശം ഉയർന്ന് വന്നത്. പല തരത്തിലുള്ള വിദ്യാഭ്യാസ തൊഴിൽ തട്ടിപ്പുകൾക്കും വ്യക്തികൾ ഇരയാകുന്ന സാഹചര്യം ഇതിലൂടെ ഇല്ലാതാക്കാം. ഗാർഹിക മേഖലയിൽ പണിയെടുക്കാനെത്തുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങളെ ഗൗരവകരമായി കാണണമെന്ന നിർദേശവും ഉയർന്നു.

മലയാള ഭാഷയെ പ്രചരിപ്പിക്കുന്നതിനാവശ്യമായ നടപടികളിലൂടെ മാത്രമേ കേരളവുമായുള്ള ബന്ധം പുതു തലമുറക്ക് നിലനിർത്താൻ കഴിയൂ. നോർക്ക മാതൃകയിൽ അമേരിക്കൻ മലയാളികൾക്ക് പ്രത്യേക ഹെൽപ്പ് ഡസ്‌ക് എന്ന ആശയവും സർക്കാർ പരിഗണിക്കണമെന്ന് പ്രതിനിധികൾ നിർദേശിച്ചു.