യുക്മ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാർത്ഥികൾ കോടതിയിലേയ്ക്ക് – UKMALAYALEE

യുക്മ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാർത്ഥികൾ കോടതിയിലേയ്ക്ക്

Saturday 30 March 2019 9:12 PM UTC

UUKMA South East Press Note

ബെർമിംഗ്ഹാം March 30 : യുക്മ തെരഞ്ഞെടുപ്പ് ഫലം നിർണ്ണായകമായ വഴിത്തിരിവിലേയ്ക്ക് നീങ്ങുന്നു . ഈ മാസം ഒൻപതാം തീയതി ബെർമിംഗ്ഹാമിൽ വച്ച് നടന്ന യുക്മ നാഷണൽ കമ്മിറ്റിയിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതിന്റെ തെളിവുകൾ പുറത്ത് . വെറും 239 വോട്ടുകൾ എണ്ണി തീർക്കാൻ ആറ് – ഏഴ് മണിക്കൂറുകൾ എടുത്തതിന്റെയും , വെളുപ്പിനെ 1 മണി വരെ വൈകി ഫലം പ്രഖ്യാപിച്ചതിന്റെയും കാരണങ്ങളാണ് എല്ലാ തെളിവുകളോടും കൂടി ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് . നാട്ടിലെ ഒരു പഞ്ചായത്ത് ഇലക്ഷനിൽ എടുക്കുന്ന നടപടിക്രമങ്ങൾ പോലും സ്വീകരിക്കാതെയാണ് ലോകത്തെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യുക്മയിൽ തെരഞ്ഞെടുപ്പ് നടത്തിയതും , ഫലം പ്രഖ്യാപിച്ചതും . യുകെയിലുള്ള 115 ഓളം മലയാളി കൂട്ടായ്മകളുടെ മുഴുവൻ സംഘടനയായ യുക്മയിൽ കള്ളവോട്ട് ഉൾപ്പടെ നടത്തി രാഷ്ട്രീയ പാർട്ടികളുടെ തരംതാണ നിലവാരത്തിലേയ്ക്ക് ഒരു കൂട്ടം ആളുകൾ ഈ സാംസ്ക്കാരിക സംഘടനയെ എത്തിച്ചിരിക്കുന്നുവെന്നാണ് തെളിവുകൾ വ്യക്തമാക്കുന്നത് .

2019 യുക്മ നാഷണൽ കമ്മിറ്റിയിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ രണ്ട് പാനലുകളിൽ നിന്നായി 16 സ്ഥാനാർഥികളാണ് മത്സരിച്ചിരുന്നത്. പ്രസിഡന്റായിരുന്ന മാമ്മൻ ഫിലിപ്പിനെ അനുകൂലിക്കുന്നവരുടെ പാനലിൽ നിന്ന് എട്ട് പേരും , കഴിഞ്ഞ വർഷത്തെ തന്നെ സെക്രട്ടറിയായിരുന്ന റോജിമോൻ വർഗ്ഗീസിനെ അനുകൂലിക്കുന്നവരുടെ പാനലിൽ നിന്ന് എട്ട് പേരും തമ്മിലായിരുന്നു മത്സരം നടന്നിരുന്നത് . അങ്ങേയറ്റം വാശിയേറിയ മത്സരത്തിൽ യുക്മ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ മറ്റൊരിക്കലും ഇല്ലാത്തവണ്ണം പോളിംഗ് നടക്കുകയും , അൻപത് ശതമാനത്തിനടുത്ത് വോട്ട് നേടി വെറും രണ്ട് മൂന്ന് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സ്ഥാനാർത്ഥികൾ വിജയിക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾക്കാണ് മാർച്ച് ഒൻപതിന് ബെർമ്മിങ്ഹാം സാക്ഷ്യം വഹിച്ചത് . 

എന്നാൽ പോൾ ചെയ്യപ്പെട്ട വെറും 239 വോട്ട് എണ്ണി തീർക്കുവാൻ ആറ് – ഏഴ് മണിക്കൂർ എടുത്തത് എന്തുകൊണ്ടാണെന്ന സംശയം അന്ന് തന്നെ ബെർമ്മിങ്ഹാമിൽ എത്തിയ എല്ലാ വോട്ടേഴ്‌സും , തെരഞ്ഞെടുപ്പ് ഫലം അറിയാൻ ആകാംഷയോടെ കാത്തിരുന്ന യുക്മ സ്നേഹികളും പ്രകടിപ്പിച്ചിരുന്നു . 239 പേർ മാത്രം വോട്ട് ചെയ്തതായി രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ ആദ്യ വട്ട വോട്ട് എണ്ണി കഴിഞ്ഞപ്പോൾ തന്നെ 240 പേർ വോട്ട് ചെയ്തതായി കണ്ടുപിടിക്കപ്പെട്ടു . ഒരാൾ കൂടുതലായി വോട്ട് ചെയ്യപ്പെട്ടാതായും , കൂടാതെ മുഖ്യ വരണാധികാരിയായ തമ്പി ജോസ് ഒപ്പിടാത്ത മൂന്ന് ബാലറ്റ് പേപ്പറുകൾ ബാലറ്റ് പെട്ടിയിൽ കടന്ന് കൂടിയതായി കണ്ടെത്തിയിരുന്നു . എങ്ങനെയാണ് ഒരാൾ കൂടുതലായി വോട്ട് ചെയ്തതെന്നും , മുഖ്യ വരണാധികാരി ഒപ്പിടാത്ത മൂന്ന് ബാലറ്റ് പേപ്പറുകൾ എങ്ങനെയാണ് ബാലറ്റ് പെട്ടിയിൽ എത്തിയതെന്നും , എന്തിനാണ് വോട്ട് എണ്ണുന്ന സമയത്ത് ആ മൂന്ന് ബാലറ്റ് പേപ്പറിൽ ഒപ്പിട്ടതെന്നുമുള്ള ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരം നൽകാൻ മുഖ്യ വരണാധികാരിയായ തമ്പി ജോസ്സിന് കഴിഞ്ഞിരുന്നില്ല . ഈ തെറ്റുകൾ ഇലക്ഷനിൽ കൃത്രിമം നടത്തിയതിന്റെ വ്യക്തമായ തെളിവുകളാണെന്ന് ചൂണ്ടികാട്ടി റോജിമോന്റെ ഭാഗത്ത് നിന്നുള്ള കൗണ്ടിങ് ഏജന്റുമാർ തുടർന്ന് വോട്ട് എണ്ണാൻ വിയോജിപ്പ് പ്രകടിപ്പിക്കുകയും , അതിന്റെ പേരിൽ തർക്കം ഉണ്ടാവുകയും ചെയ്തിരുന്നു . യാഥാർത്ഥത്തിൽ ഈ തർക്കങ്ങളായിരുന്നു വോട്ട് എണ്ണി തീർക്കുവാൻ മണിക്കുറുകൾ എടുത്തതിന്റെ ആദ്യ കാരണങ്ങൾ .

അതോടൊപ്പം എല്ലാ വോട്ടേഴ്‌സിന്റെയും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് യഥാർത്ഥ വോട്ടറാണെന്ന് ഒറപ്പാക്കിയതിന് ശേഷം മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കുകയുള്ളൂവെന്ന് യുക്മ പത്രത്തിലുൾപ്പെടെ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും ഒരു വോട്ടറുടെ പോലും തിരിച്ചറിയൽ രേഖകൾ പോളിംഗ് ബൂത്തിൽ ആരും തന്നെ പരിശോധിച്ചിരുന്നില്ല . അതുമാത്രമല്ല വോട്ട് ചെയ്യാൻ അനുവാദം ഉള്ളവരും അല്ലാത്തവരുമായ എല്ലാ ആളുകളും പോളിംഗ് ബൂത്തിൽ ആദ്യം മുതൽ അവസാനം വരെ ഉണ്ടായിരുന്നു . വോട്ടിംഗ് നടക്കുന്ന സമയം സെക്യൂരിറ്റിസിനെ പോളിംഗ് ബൂത്തിൽ നിന്ന് മനഃപ്പൂർവ്വം ഒഴിവാക്കി നിർത്തികൊണ്ട് ആർക്കും കടന്ന് വന്ന് യഥേഷ്‌ടം കള്ളവോട്ട് ചെയ്ത് പോകുവാനുള്ള അവസരം ഒരുക്കുകയും ചെയ്തിരുന്നു .

യുക്മയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇംഗ്ളീഷുകാരായ സെക്യൂരിറ്റിസിനെ വെച്ച് കൊണ്ട് ഒരു ജനറൽ ബോഡി മീറ്റിങ് നടത്തിയത് . വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ചവർക്കായി യുകെ മലയാളികൾ പിരിച്ചെടുത്ത സാധനങ്ങൾ അർഹരായ ആളുകളിൽ എത്തിക്കാഞ്ഞതിന്റെ പരാതികൾ നിരത്തിയും , ഇലക്ഷനിൽ വോട്ട് നേടാൻ വേണ്ടി മാത്രം പല കടലാസ് സംഘടനകളെയും വോട്ടേഴ്‌സ് ലിസ്റ്റിൽ തിരികെ കയറ്റിയതിനെപ്പറ്റിയും , തനിക്ക് ഇഷ്‌ടമില്ലാത്ത വ്യക്തികളെയും , റീജിയനുകളെയും വെട്ടി നിരത്തുന്ന മാമ്മന്റെ ധാർഷ്‌ട്യത്തെ ചോദ്യം ചെയ്തുകൊണ്ടും അങ്ങേയറ്റം രോഷാകുലരായാണ് പൊതുയോഗത്തിനെത്തിയ ജനക്കൂട്ടം മാമ്മൻ ഫിലിപ്പിനെതിരെ തിരിഞ്ഞത് . താൻ ഈ വിധം ചോദ്യം ചെയ്യപ്പെടുമെന്ന് നേരത്തെ തന്നെ മനസ്സിലാക്കിയതുകൊണ്ടാണ് പൊതുയോഗത്തിനെത്തിയ ജനക്കുട്ടത്തിനെ സെക്യൂരിറ്റിസിനെ ഉപയോഗിച്ച് മാമ്മന് നിയന്ത്രിക്കേണ്ടി വന്നത് .

അതോടൊപ്പം അന്നത്തെ മിനിറ്റ്സ് ബുക്കിൽ 239 വോട്ടർമാർ മാത്രം ഒപ്പിട്ടിരുന്നുവെങ്കിലും ഏഴോളം പേർ സമയം വൈകിയതിനാൽ വോട്ട് ചെയ്യാതെ തിരികെ പോവുകയും ചെയ്തിരുന്നു . അതുകൊണ്ട് തന്നെ 232 വോട്ടർമാർക്ക് മാത്രമേ നിയമപ്രകാരം വോട്ട് ചെയ്യുവാൻ അവകാശമുണ്ടായിരുന്നുള്ളു . ബാക്കി ഏഴ് പേർ പിന്നീട് വന്നവർ ആണെന്ന് വാദിക്കാമെങ്കിൽ പോലും അവർ ആരെക്കെയെന്ന് കൃത്യമായി വെളിപ്പെടുത്തുന്ന രേഖകൾ കൈമാറുന്നതിൽ നിന്ന് വരണാധികാരികൾ ഒഴിഞ്ഞുമാറിയിരുന്നു .

രണ്ടാമത് ഒരു തെരഞ്ഞെടുപ്പ് നടത്തുവാൻ ഇനിയും സമയം ഇല്ലെന്നും , ഫലം അറിയാൻ കാത്തിരിക്കുന്നവരെ ബുദ്ധിമുട്ടിക്കരുതെന്നും , എങ്ങനെങ്കിലും വോട്ടെണ്ണൽ പൂർത്തീകരിക്കാൻ സഹകരിക്കണമെന്നും , എല്ലാ പരാതികളും സത്യസന്ധമായി പരിഹരിക്കാമെന്നും മുഖ്യവരണാധികാരിയായ തമ്പി ജോസ്സും , സഹ വരണാധികാരികളായ ബൈജു തോമസ്സും , ജിജോ ജോസഫും വാക്കാൽ കൊടുത്ത ഉറപ്പിനെ വിശ്വസിച്ചാണ് റോജിമോന്റെ ഭാഗത്ത് നിന്നുള്ള മുഖ്യ കൗണ്ടിങ് ഏജന്റായ ബിനു ജോർജ്ജ് തുടർന്ന് വോട്ട് എണ്ണാൻ സമ്മതിച്ചത് .

സമയം വൈകിയെന്ന കാരണത്താൽ വോട്ട് എണ്ണാനായി അടുത്തുള്ള ഹോട്ടലിലേക്ക് പോവുകയും അവിടെ വച്ച് വോട്ടെണ്ണലിൽ മനോജ് പിള്ളയുടെ പാനലിന് അനുകൂലമായി നടത്തിയ ചില കൃത്രിമങ്ങൾ പിടിക്കപ്പെടുകയും ചെയ്തിരുന്നു . റോജിമോന് വോട്ട് ചെയ്യപ്പെട്ട രണ്ട് വോട്ടുകൾ മനോജ് പിള്ളയ്ക്ക് അനുകൂലമായി മുഖ്യവരണാധികാരിയായ തമ്പി ജോസ്സ് തെറ്റിച്ച് വായിച്ചത് കൗണ്ടിങ് ഏജന്റായ ജോമോൻ കുന്നേൽ കണ്ടെത്തുകയും അതിന്റെ പേരിൽ തർക്കമുണ്ടാവുകയും ചെയ്തിരുന്നു . തുടർന്നുള്ള വോട്ടെണ്ണലിൽ യോർക്ക് റീജിയനിൽ നിന്നുള്ള കിരൺ സോളമനും എതിർ സ്ഥാനാർത്ഥിയും 118 തുല്യ വോട്ടുകൾ നേടിയ സാഹചര്യത്തിൽ കിരൺ സോളമന് നറുക്കെടുപ്പിലൂടെ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ദയനീയ സാഹചര്യവുമാണ് ഉണ്ടായത് .

ഇലക്ഷന്റെ ആദ്യം മുതൽ അവസാനം വരെ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതിനാലും , പല സ്ഥാനാർത്ഥികളും രണ്ടും മൂന്നും വോട്ടുകൾക്ക് പരാജയപ്പെട്ടതിനാലും , രണ്ടാമത് വോട്ടെണ്ണാനും , വേണ്ടിവന്നാൽ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാനും തയ്യാറാണെന്ന് അറിയിച്ചതിനാൽ ഒരു കാരണവശാലും ഈ ബാലറ്റ് പേപ്പറുകൾ ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെ ഏൽപ്പിക്കരുതെന്ന് കൗണ്ടിങ് ഏജന്റായ ബിനു ജോർജ്ജ് ആവശ്യപ്പെട്ടതിനാൽ മുഖ്യ വരണാധികാരിയായ തമ്പി ജോസ് സഹ വരണാധികാരിയായ ബൈജു തോമസിനെ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്നു . അടുത്ത ദിവസങ്ങളിൽ തന്നെ റോജിമോനും , ഫ്രാൻസിസ് കവളക്കാട്ടും , ബിനു ജോർജ്ജും അടങ്ങുന്നവർ ബാലറ്റ് പേപ്പറുകൾ പരിശോധിക്കാൻ ബൈജു തോമസ്സിന്റെ വീട്ടിലെത്തിയപ്പോൾ എല്ലാ ബാലറ്റ് പേപ്പറുകളും മറ്റ് രേഖകളും പുതിയ സെക്രട്ടറിയായ അലക്സിനെ ഇലക്ഷൻ കഴിഞ്ഞ അന്ന് രാത്രിയിൽ തന്നെ ഏൽപ്പിച്ചിരുന്നു എന്ന ഞെട്ടിക്കുന്ന മറുപടിയാണ് ലഭിച്ചത്.

ഉടൻ തന്നെ സെക്രട്ടറിയായ അലക്സിനെ ബന്ധപ്പെട്ടപ്പോൾ ഈ വിഷയത്തിൽ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും നിങ്ങൾ തെരഞ്ഞെടുപ്പ് നടത്തിയ വരണാധികാരികളെ സമീപിച്ചുകൊള്ളൂ എന്ന മറുപടി നൽകി ഒഴിവാക്കുകയായിരുന്നു . ഉടൻ തന്നെ റോജിമോന്റെ പാനലിൽ മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും കൂടി തയ്യാറാക്കിയ ഉദ്യോഗിക പരാതിയിന്മേൽ മുഖ്യ വരണാധികാരിയായ തമ്പി ജോസിൽ നിന്ന് ലഭിച്ച മറുപടി അങ്ങേയറ്റം നിരുത്തരാവാദിത്യപരമായിരുന്നു . ഇലക്ഷൻ കഴിഞ്ഞതോടുകൂടി വരണാധികാരി എന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്വം അവസാനിച്ചിരിക്കുന്നുവെന്നും ഇനിയും എനിക്ക് ഈ വിഷയത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞ് അദ്ദേഹം വിദഗ്‌ധമായി ഒഴിഞ്ഞു മാറി .

വർഷങ്ങളിലായി തങ്ങൾ നെഞ്ചിലേറ്റിയ യുക്മ എന്ന സംഘടനയിലെ ഭരണഘടനയെ വിശ്വാസത്തിൽ എടുത്ത് മുന്നോട്ട് നീങ്ങിയ റോജിമോനും മറ്റ് സ്ഥാനാർത്ഥികളും എല്ലാവരാലും തങ്ങൾ ചതിക്കപ്പെടുകയായിരുന്നുവെന്ന് മനസ്സിലാക്കാൻ വളരെയധികം താമസിച്ചു പോയി . എല്ലാ വഴികളും അടഞ്ഞ അവർ യുകെയിലെ പ്രമുഖരായ നിയമജ്ഞരുമായി ഈ തെരഞ്ഞെടുപ്പിൽ നടന്ന ക്രമകേടുകളെപ്പറ്റി ചർച്ച ചെയ്തപ്പോൾ മനസ്സിലാക്കിയ സത്യം മാമ്മൻ ഫിലിപ്പ് എന്ന പഴയ യുക്മ പ്രസിഡന്റ് ചെയ്ത വോട്ട് നിയമപരമായി ഒരു കള്ളവോട്ടായിരുന്നു എന്നാണ് . കാരണം മലയാളത്തിൽ തയ്യാറാക്കിയ ഭരണഘടനാ ഭേദഗതിയിൽ പൊതുയോഗത്തിൽ വോട്ട് ചെയ്യാനുള്ള അവകാശം മാത്രമേ പ്രസിഡന്റിന് അധികാരം നൽകുന്നുള്ളൂ . അതെ ഭരണഘടനയിൽ ഒരിടത്തും തന്നെ പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാമെന്നുള്ള ഭേദഗതി വരുത്തിയതായി രേഖപ്പെടുത്തിയിട്ടുമില്ല . പൊതുയോഗവും , പൊതുതെരഞ്ഞെടുപ്പും തീർത്തും രണ്ടായ പ്രക്രീയയാതിനാൽ തന്നെ മാമ്മൻ ഫിലിപ്പിന്റെ വോട്ട് കള്ളവോട്ടായി പരിഗണിപ്പെടും എന്ന് ഉറപ്പായി കഴിഞ്ഞു . അതോടൊപ്പം ഇംഗ്ളീഷിലുള്ള ഭരണഘടനയിൽ നിലവിലുള്ള ദേശീയ ഭാരവാഹികൾക്ക് പൊതു തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശം നിലനിൽക്കുമ്പോൾ തന്നെ വ്യക്തിപരമായ വൈരാഗ്യത്താൽ യോർക്ക് റീജിയനിൽ നിന്നുള്ള ഡോ : ദീപയെ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിനും പ്രസിഡന്റ് എന്ന നിലയിൽ മാമ്മൻ ഫിലിപ്പ് കോടതിക്ക് മുൻപിൽ ഉത്തരം പറയേണ്ടി വരും .

കേസ്സ് കോടതിയിലേക്ക് നീങ്ങിയ സാഹചര്യത്തിൽ അനേകം ക്രമകേടുകൾ കൊണ്ട് നിറഞ്ഞ ഈ തെരഞ്ഞെടുപ്പ് തീർത്തും നിയമസാധുതയില്ലാത്ത , വ്യക്തമായ നിർവചനങ്ങളില്ലാത്ത ഒരു ഭരണഘടനയുടെ പിൻബലത്തിലാണ് നടത്തപ്പെട്ടതെന്നും അതുകൊണ്ട് തന്നെ നിയമത്തിന്റെയും കോടതിയുടെയും മുന്നിൽ വിലപോകില്ലെന്നും അനേകം നിയമജ്ഞർ ഇതിനോടകം വിലയിരുത്തി കഴിഞ്ഞു . വരും ദിവസങ്ങളിൽ പരിഗണിക്കുന്ന കേസ്സും , കോടതി വിധിയും യുക്മ എന്ന സംഘടനയിൽ നിന്നും രാഷ്രീയത്തെ ഒഴിവാക്കി മാറ്റാൻ കഴിയുന്ന ഒന്നായി മാറുമെന്ന് ഉറപ്പാണ് . മാമ്മൻ ഫിലിപ്പിന്റെ നേത്ര്യതത്തിൽ കാലങ്ങളായി ഈ സംഘടനയിൽ നടക്കുന്ന വെട്ടിനിരത്തലുകൾക്കും , രാഷ്ട്രീയ അപ്രമാദിത്യങ്ങൾക്കും കോടതിയുടെ ഇടപെടലുകൾ വഴി മാറ്റം ഉണ്ടാക്കുവാൻ ശ്രമിക്കുന്ന റോജിമോനും ടീമിനും എല്ലാ പിന്തുണയും നൽകി ഒരോ യുകെ മലയാളിയും മുന്നോട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് തന്നെ പറയേണ്ടി വരും .

CLICK TO FOLLOW UKMALAYALEE.COM