ആചാര്യ വിദ്യാഭാസ്കർ  യു കെയിലേക്ക്, സദ്ഗമയ ഫൗണ്ടേഷന്റെ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തും – UKMALAYALEE
foto

ആചാര്യ വിദ്യാഭാസ്കർ  യു കെയിലേക്ക്, സദ്ഗമയ ഫൗണ്ടേഷന്റെ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തും

Saturday 28 July 2018 2:30 AM UTC

എ. പി. രാധാകൃഷ്ണൻ 

LONDON July 27: സ്വിട്സര്ലാണ്ടിലെ വിന്റർത്ഥിലുള്ള ഓംകാരാനന്ദ ആശ്രമത്തിലെ ആചാര്യ വിദ്യാഭാസ്കർ യു കെ യിൽ വരുന്നു, സെപ്തംബര്  8 നു ശനിയാഴ്ച വൈകീട്ട് സട്ടനിൽ വെച്ച് സദ്ഗമയ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന രണ്ടാമത് ഭഗവദ് ഗീത പ്രഭാഷണ പരിപാടിയിൽ “ഗീതയിലെ ധർമ്മം” എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യ അതിഥിയായി സംസാരിക്കും.

വിപുലമായ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന സദ്ഗമയ ഫൌണ്ടേഷൻ പ്രഥമ പരിഗണന നൽകുന്ന വിഷയം ആണ് ഭഗവദ് ഗീതയുടെ പ്രചാരണം.  സെൽഫി വിത്ത് ഭഗവദ് ഗീത എന്ന നൂതന ആശയത്തിലൂടെ ഇതിനോടകം തന്നെ 100 ൽ പരം ഭഗവദ് ഗീത പുസ്തകരൂപത്തിൽ സൗജന്യമായി സദ്ഗമയ ഫൌണ്ടേഷൻ  ജനങ്ങളിൽ എത്തിച്ചു.

വിവിധ സംഘടനകളുമായി നിരന്തരം സഹകരിച്ചു പ്രവർത്തിക്കുന്ന സദ്ഗമയ ഫൌണ്ടേഷൻ “കൂട്ടായ സഹകരണത്തിലൂടെ ലക്‌ഷ്യ പ്രാപ്തി” എന്ന ആശയം ആണ് പങ്കുവെക്കുന്നത്.

സ്വിസ് പൗരനായ ആചാര്യ വിദ്യാഭാസ്കർ സ്വിട്സര്ലാണ്ടിലും ആസ്ട്രിയായിലും കൂടി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ഋഷികേശിലുള്ള ശ്രീ കൈലാസ ആശ്രമം ബ്രഹ്മ വിദ്യാപീഠത്തിൽ നിന്നും  വേദ വേദാന്തങ്ങൾ അവഗാഹം നേടി.

പിന്നീടുള്ള ജീവിതം സംസ്‌കൃത ഭാഷയുടെ യൂറോപ്പിലെ പ്രചാരണ പരിപാടികളിലും  സനാതന സംസ്‌കൃതിയുടെ അമൂല്യങ്ങളായ രചനകളുടെ ജർമൻ പരിഭാഷക്കും ആയി നീക്കി വെച്ചിരിക്കുന്നു.

ഇതിനോടകം സർവവേദാന്ത സിദ്ധാന്ത സാരസംഗ്രഹം, വിവേകചൂഢാമണി എന്നിവ തർജമ ചെയ്തത് കൂടാതെ സ്വിസർലാൻഡ് ജർമ്മനി എന്നിവിടങ്ങളിൽ സംസ്‌കൃത പഠനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടുന്ന എല്ലാവിധ പഠന വിഷയങ്ങളും തയാറാക്കി നൽകുന്നതിനും ആചാര്യ വിദ്യാഭാസ്കർ സ്ത്യുതാര്ഹമായ പങ്ക് വഹിക്കുന്നുണ്ട്.

മെയ്മാസത്തിൽ ബ്രഹ്മചാരിണി ശ്രീപ്രിയ ചൈതന്യ നടത്തിയ പ്രഭാഷണ പരിപാടിയുടെ തുടർച്ചയായാണ് മറ്റൊരു വിഷയത്തിൽ ലോകത്തിൽ തന്നെ അറിയപ്പെടുന്ന ആചാര്യനായ വിദ്യ ഭാസ്കർ സംസാരിക്കുക.

ഭഗവദ് ഗീതയുടെ പ്രാരംഭം എന്ന വിഷയം ആണ് ആദ്യത്തെ പ്രഭാഷണത്തെ സമ്പന്നമാക്കിയത് എങ്കിൽ ഇത്തവണ അതിനേക്കാൾ ഗഹനമായ ഗീതയുടെയും ഭാരതത്തിന്റെയും സർവോപരി സനാതന സംസ്കാരത്തിന്റെയും അടിസ്ഥാനമായി വിലയിരുത്തപ്പെടുന്ന “ധർമ്മം” എന്ന അതി ബൃഹത്തായ വിഷയം ആണ് ചിന്തിക്കുന്നത്.

പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യം ആണെങ്കിലും സീറ്റുകൾ മുൻകൂട്ടി റിസേർവ് ചെയാനുള്ള സൗകര്യം സംഘാടകർ ഒരുക്കിയിട്ടുണ്ട്. താഴെ കാണുന്ന ലിങ്കിൽ പോയി ആവശ്യമുള്ള സീറ്റുകൾ റിസേർവ് ചെയാവുന്നതാണ്.

https://www.eventbrite.co.uk/e/bagavad-gita-sutton-2-the-dharma-tickets-47589319937

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM