അമ്മ തിരഞ്ഞെടുപ്പ്: അട്ടിമറി ജയവുമായി മണിയൻപിള്ള രാജു (Videos) – UKMALAYALEE

അമ്മ തിരഞ്ഞെടുപ്പ്: അട്ടിമറി ജയവുമായി മണിയൻപിള്ള രാജു (Videos)

Monday 20 December 2021 8:44 AM UTC

കൊച്ചി Dec 20: താരസംഘടനയായ അമ്മയിൽ നടന്ന തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മണിയൻപിള്ള രാജുവും ശ്വേതാ മേനോനും വിജയിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച നടനും സംവിധായകനുമായ ലാലും വിജയ്ബാബുവും അട്ടിമറി ജയം നേടി.

ഔദ്യോഗിക പാനലിൽ നിന്ന് മല്‍സരിച്ച മൂന്നു പേര്‍ പരാജയപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ആശാ ശരത്തും പരാജയപ്പെട്ടവില്‍ ഉള്‍പ്പെടുന്നു. നവിന്‍ പോളി, ഹണിറോസ്, നാസര്‍ ലത്തീഫ് എന്നിവരാണ് ഔദ്യോഗിക പാനലിൽ നിന്ന് മല്‍സരിച്ച് പരാജയപ്പെട്ടവര്‍.

തിരഞ്ഞെടുപ്പ് ഫലങ്ങൾ അറിയിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അമ്മയുടെ പുതിയ തീരുമാനങ്ങള്‍ പ്രസിഡന്റ് ​​​മോഹന്‍ലാലും സെക്രട്ടറി ഇടവേള ബാബുവും വിശദീകരിച്ചു. വിവാദമായ ഫേസ്ബുക്ക് പോസ്റ്റിനെകുറിച്ച് നടൻ സിദ്ദിഖും മണിയൻപിള്ള രാജുവും വിശദീകരണങ്ങൾ നൽകി.

പ്രസിഡന്റ് മോഹന്‍ലാല്‍, ജനറല്‍ സെക്രട്ടറി ഇടവേള ബാബു, ട്രഷറർ സിദ്ധീഖ് എന്നിവർ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരെഞ്ഞെടുപ്പിൽ ബാബുരാജ്, ലാൽ, ലെന, മഞ്ജു പിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിവരും വിജയിച്ചു. വിജയ് ബാബു, ലാല്‍ എന്നിവർ ഔദ്യോഗിക പാനലിന് പുറത്ത് നിന്നുള്ളവരായിരുന്നു.

ഔദ്യോഗിക പാനലില്‍ നിന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച ഹണി റോസ്, നിവിൻ പോളി എന്നിവരും നാസർ ലത്തീഫും പരാജയപ്പെട്ടു. ആശാ ശരത്ത് ഉള്‍പ്പടേയുള്ള രണ്ട് വനിതാ സ്ഥാനാർത്ഥികളുടെ പരാജയത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘ തിരഞ്ഞെടുപ്പല്ലേ.. അതില്‍ നമ്മള്‍ എന്ത് ചെയ്യാനാണ്’ എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

അതേസമയം, വിവാദമായ ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരണവുമായി സിദ്ധീഖ് രംഗത്ത് എത്തി. തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ പങ്കുവെച്ച സാധാരണ പ്രചരണ കുറിപ്പ് മാത്രമാണ് അതെന്നായിരുന്നു സിദ്ധീഖിന്റെ വിശദീകരണം. ഔദ്യോഗിക പാനല്‍ എന്ന രീതിയില്‍ എന്നൊന്നും മത്സരം ഉണ്ടായിരുന്നില്ല. ആദ്യം കുറച്ച് ആളുകളെ തീരുമാനിച്ചിരുന്നു.

അതിനെതിരെ കുറച്ച് ആളുകള്‍ പിന്നീട് വന്നു. അപ്പോള്‍ നമ്മള്‍ പിന്തുണയ്ക്കുന്നവരുടെ പ്രചാരണത്തിന് വേണ്ടി ചെയ്ത കാര്യമാണ് അത്. വ്യക്തിപരമായി ആക്ഷേപിക്കലോ കുറ്റപ്പെടുത്തലോ അല്ല അത്. ചിലരുടെ പ്രസ്താവനകളും എടുത്ത് അതില്‍ പരാമർശിച്ചുവെന്ന് മാത്രമേയുള്ളുവെന്നും സിദ്ധീഖ് പറഞ്ഞു.

‘അമ്മ ഉണ്ടാക്കിയത് ഞാനാണെന്ന് അവകാശവാദം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറയിളക്കും എന്ന വീരവാദം മുഴക്കിയവരുമല്ല.അമ്മയുടെ തലപ്പത് ഇരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനു വേണ്ടി മത്സരിക്കാന്‍ നല്‍കിയ നോമിനേഷനില്‍ പേരെഴുതി ഒപ്പിടാന്‍ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നല്‍കാം എന്ന മോഹനവാഗ്ദാനം നല്‍കി അമ്മയെ കബളിപ്പിച്ചവരുമല്ല.’-എന്ന സിദ്ധീഖിന്റെ പരാമർശമായിരുന്നു വിവാദമായത്.

27 വർഷമായി അമ്മയിലുണ്ടെങ്കിലും ഞാന്‍ ഇതുവരെ മത്സരിച്ചിട്ടില്ല. ഇപ്പോള്‍ കൂടുതല്‍ ഒഴിവ് സമയമുണ്ട്. കമ്മിറ്റിയില്‍ ഒന്നും ഇല്ലെങ്കിലും സംഘടനയുടെ പ്രവർത്തനങ്ങളില്‍ സജീവമായിരുന്നു. ഇപ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നില്‍ക്കണമെന്ന് തോന്നി. രണ്ട് സ്ത്രീകളായിരുന്നു മത്സരിക്കുന്നതെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിലും ഞാനൊരിക്കലും മത്സര രംഗത്ത് ഉണ്ടായിരുന്നില്ലെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM